പെറ്റ് ഫ്രണ്ട്ലി ഹോം ഒരുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പല വീടുകളിലും ഓമനമൃഗങ്ങൾ കുടുംബാംഗങ്ങളെപ്പോലെയാണ്. ഇത്തരം കുടുംബങ്ങളിൽ വീട്ടിലെ ഓരോ അംഗത്തിനും ആ വീട്ടിലുള്ള അവകാശം പോലെ ഓമനമൃഗങ്ങൾക്കും ഉണ്ട്. അടുക്കളയും ബെഡ്റൂമും ബാത്ത്റൂമിലുമെല്ലാം ഇവയും എത്തും. എന്നാൽ മനുഷ്യനുവേണ്ടി ഉണ്ടാക്കിയ ഇത്തരം വീടുകൾ ഓമനമൃഗങ്ങൾക്ക് സുരക്ഷിതമാണോ.. പലപ്പോഴും അല്ല എന്ന് തന്നെയാണ് ഉത്തരം. നമ്മുടെ മനസ്സ് ഓമനമൃഗങ്ങളെ ഉൾക്കൊള്ളുന്ന പോലെ വീടുകൾ ഉൾക്കൊള്ളണമെന്നില്ല. അവർക്കുകൂടി സൗകര്യപ്രദമാകുന്ന രീതിയിൽ വീടുകൾ ഒരുക്കിയാൽ മാത്രമേ അവ ഓമനമൃഗങ്ങളുടെ കൂടി വീടാകൂ.
ഫ്ലോറിങ് മുതൽ ഫർണിച്ചറുകൾവരെ, ഒരു പെറ്റ് ഫ്രണ്ട്ലി ഹോം ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. ഫ്ലോറിങ്ങിൽ വേണം പ്രത്യേക ശ്രദ്ധ
ഓമനമൃഗങ്ങളുള്ള വീടുകളിൽ ഫ്ലോറിങ് തിരഞ്ഞെടുക്കുമ്പോൾ ഭംഗിയേക്കാൾ പ്രാധാന്യം നൽകേണ്ടത് സുരക്ഷയ്ക്കാണ്. പ്രത്യേകിച്ച് നായ്ക്കൾക്ക് വഴുക്കുന്ന പ്രതലങ്ങളിൽ നടക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും. ഇത് സന്ധികൾക്കും പരിക്കുകൾക്കും കാരണമായേക്കാം. അതുകൊണ്ട് നല്ല ഗ്രിപ്പ് ലഭിക്കുന്ന ടൈലുകളോ സ്ക്രാച്ച് റെസിസ്റ്റന്റ് ഫ്ലോറിങ് മെറ്റീരിയലുകളോ തിരഞ്ഞെടുക്കാം. മിനുസമുള്ള മാർബിൾ പോലുള്ള വഴുക്കുന്ന പ്രതലങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. വുഡൻ ഫ്ലോറിങ് ഇഷ്ടപ്പെടുന്നവർ പോറലുകൾ പ്രതിരോധിക്കുന്ന തരത്തിലുള്ള പ്രൊട്ടക്റ്റീവ് ഫിനിഷിങ് നൽകാനും ശ്രദ്ധിക്കണം. എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയുന്നതും ഈർപ്പം പ്രതിരോധിക്കുന്നതുമായ ഫ്ലോറിങ്ങാണ് ഓമനമൃഗങ്ങളുള്ള വീടുകൾക്ക് കൂടുതൽ അനുയോജ്യം.
2. അവർക്കും വേണം സ്പേസ്
വീട്ടിലെ ഓരോ അംഗത്തിനും സ്വന്തമായൊരു ഇടം ഉണ്ടാകുമല്ലോ.. കിഡ്സ് റൂം പോലെ മാസ്റ്റർ ബെഡ്റൂമും സ്റ്റഡി ഏരിയയും ഓഫീസ് റൂമും ഒക്കെ ഓരോ വീട്ടിലും കാണുമല്ലോ..? ഓമനമൃഗങ്ങൾക്കും ഇത്തരത്തിൽ സ്വന്തമായ ഇടം അത്യാവശ്യമാണ്. വിശ്രമിക്കാനും ഉറങ്ങാനും അവയ്ക്ക് സൗകര്യപ്രദമായ ഒരു ഇടം നൽകണം.
സ്റ്റെയർകേസിന് താഴെയുള്ള സ്ഥലം, ഉപയോഗിക്കാത്ത ചെറിയ കോർണറുകൾ, സ്റ്റോറേജ് ഏരിയകളുടെ അനുയോജ്യമായ ഭാഗങ്ങൾ എന്നിവ പെറ്റ് സ്പേസുകളാക്കി മാറ്റാം. സുഖകരമായ പെറ്റ് ബെഡ്, ചെറിയ ഷെൽഫ്, ആവശ്യമായ കളിപ്പാട്ടങ്ങൾ എന്നിവയും ഉൾപ്പെടുത്താം. കുടുംബാംഗങ്ങളുമായി സംവദിക്കാൻ കഴിയുന്ന ലിവിങ് ഏരിയ പോലുള്ള സ്ഥലം തിരഞ്ഞെടുക്കുന്നതും നല്ലതാണ്.
3. ഫർണിച്ചർ ഫാബ്രിക്കുകൾ തിരഞ്ഞെടുക്കുമ്പോൾ
ഓമനമൃഗങ്ങളുള്ള വീടുകളിൽ ഫർണിച്ചറുകളിൽ രോമങ്ങളും കറകളും പതിയുന്നത് സാധാരണമാണ്. അതിനാൽ സോഫകൾക്കും കുഷ്യനുകൾക്കും കർട്ടനുകൾക്കും മറ്റും ഫാബ്രിക് തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
മൈക്രോഫൈബർ, ഡെനിം, ക്യാൻവാസ്, ലെതർ, ലെതറെറ്റ് തുടങ്ങിയവ പരിഗണിക്കാവുന്ന ഓപ്ഷനുകളാണ്. വെള്ളവും കറകളും പ്രതിരോധിക്കുന്ന ഫാബ്രിക്കുകൾ പരിപാലനം എളുപ്പമാക്കും. നഖങ്ങൾ എളുപ്പത്തിൽ കുടുങ്ങാത്ത കട്ടിയുള്ള തുണിത്തരങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
ഓമനമൃഗങ്ങളുടെ രോമങ്ങൾ പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്ത പാറ്റേണുകളും ടെക്സ്ചറുകളുമുള്ള ഫാബ്രിക്കുകളും തിരഞ്ഞെടുക്കാം. കൂടാതെ, അഴുക്ക് പുരണ്ടാൽ കഴുകാൻ കഴിയുന്ന സോഫാ കവറുകൾ ഫർണിച്ചറുകളിൽ ഉപയോഗിക്കുന്നത് നന്നായിരിക്കും.
4. കാർപെറ്റുകൾ വേണോ? തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കാം
വീടിന്റെ ഇന്റീരിയറിന് കൂടുതൽ ഭംഗിയും ഊഷ്മളതയും നൽകുന്നവയാണ് കാർപെറ്റുകളും റഗ്ഗുകളും. എന്നാൽ ഓമനമൃഗങ്ങളുള്ള വീടുകളിൽ ഇവ തിരഞ്ഞെടുക്കുമ്പോൾ അൽപം ശ്രദ്ധ ആവശ്യമാണ്.
രോമങ്ങൾ, പൊടി, ചെള്ള് എന്നിവ കാർപെറ്റുകളിൽ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. അതിനാൽ വൃത്തിയാക്കാൻ എളുപ്പമുള്ള കാർപെറ്റുകൾ തിരഞ്ഞെടുക്കണം. ഇരുണ്ട നിറങ്ങളോ പാറ്റേണുകളുള്ള ഡിസൈനുകളോ ചെറിയ കറകളും രോമങ്ങളും ശ്രദ്ധയിൽപ്പെടുന്നത് കുറയ്ക്കും. പതിവായി വാക്വം ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കുന്നതും പ്രധാനമാണ്.
വളരെ നീളമുള്ള നാരുകളുള്ള കാർപെറ്റുകളിൽ രോമങ്ങളും അഴുക്കും കുടുങ്ങാൻ സാധ്യതയുള്ളതിനാൽ വളർത്തുമൃഗങ്ങളുടെ സ്വഭാവവും ഉപയോഗവും പരിഗണിച്ചുവേണം തിരഞ്ഞെടുപ്പ്.
5. ഓമനമൃഗങ്ങൾക്കും അനുയോജ്യമായ ഫർണിച്ചറുകൾ
വീടിന്റെ ഇന്റീരിയർ ശൈലി നിലനിർത്തിക്കൊണ്ട് ഓമനമൃഗങ്ങളുടെ ആവശ്യങ്ങൾ കൂടി നിറവേറ്റുന്ന ഫർണിച്ചറുകൾ തിരഞ്ഞെടുക്കാം. ഓമനമൃഗങ്ങൾ കളിക്കുന്നതിനിടയിൽ തട്ടിയാൽ എളുപ്പത്തിൽ മറിഞ്ഞുവീഴാത്ത ഉറപ്പുള്ള ഫർണിച്ചറുകൾ തിരഞ്ഞെടുക്കണം. പൊട്ടാൻ സാധ്യതയുള്ള ഗ്ലാസും പെട്ടെന്ന് തട്ടിയാൽ വീഴുന്ന അലങ്കാര വസ്തുക്കളും ഒഴിവാക്കുന്നതാണ് നല്ലത്.
6. ഡിസൈനിൽ ഉൾപ്പെടുത്താം പെറ്റ്സിനായുള്ള പ്രത്യേക സംവിധാനങ്ങൾ
ഓമനമൃഗങ്ങളുടെ സ്വഭാവത്തിനും ശീലങ്ങൾക്കും അനുയോജ്യമായ പ്രത്യേക സംവിധാനങ്ങൾ വീടിന്റെ ഡിസൈനിൽ തന്നെ ഉൾപ്പെടുത്താം. പൂച്ചകൾക്കും നായകൾക്കും പുറത്തേക്കും കാഴ്ചകൾ ലഭിക്കുന്ന വിധം അവയുടെ വലുപ്പത്തിന് അനുസരിച്ചുള്ള ജനാലകൾ ഉൾപ്പെടുത്താം.
7. സുരക്ഷയ്ക്ക് മുൻഗണന നൽകാം
പെറ്റ് ഫ്രണ്ട്ലി ഹോം ഡിസൈനിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് സുരക്ഷ. ജനാലകളും ബാൽക്കണികളും ഓമനമൃഗങ്ങൾക്ക് അപകടമുണ്ടാക്കാത്ത രീതിയിൽ രൂപകൽപ്പന ചെയ്യണം. ആവശ്യമായ സുരക്ഷാ ഗ്രില്ലുകളും നെറ്റുകളും സ്ഥാപിക്കാം. ബാൽക്കണി റെയിലിങ്ങുകളുടെ അകലവും ഉയരവും പ്രത്യേകം ശ്രദ്ധിക്കണം.
വൈദ്യുത വയറുകളും സ്വിച്ചുകളും ഓമനമൃഗങ്ങൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്തവിധം ക്രമീകരിക്കണം. വീടിന്റെ ചില ഭാഗങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാൻ പെറ്റ് ഗേറ്റുകൾ സ്ഥാപിക്കാം. എളുപ്പത്തിൽ പൊട്ടുന്ന ഗ്ലാസ് വസ്തുക്കൾ അവയ്ക്ക് എത്താൻ കഴിയാത്ത ഇടങ്ങളിൽ സൂക്ഷിക്കണം.
വീട്ടിനുള്ളിൽ ചെടികൾ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ വേണം. ചില ഇൻഡോർ പ്ലാന്റുകളും പൂക്കളും നായ്ക്കൾക്കും പൂച്ചകൾക്കും വിഷാംശമുള്ളവയാണ്. അതിനാൽ പെറ്റ് സേഫ് പ്ലാന്റുകൾമാത്രം തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
8. സ്റ്റോറേജും ഫീഡിങ് ഏരിയയും ക്രമീകരിക്കാം
ഓമനമൃഗങ്ങളുടെ ഭക്ഷണം, വെള്ളം, കളിപ്പാട്ടങ്ങൾ, ഗ്രൂമിങ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്കായി വീടിനുള്ളിൽ പ്രത്യേക സ്റ്റോറേജ് സൗകര്യം ഒരുക്കാം. സ്റ്റെയർകേസിന് താഴെയുള്ള സ്ഥലവും ഉപയോഗിക്കാത്ത കാബിനറ്റുകളും ഇതിനായി പ്രയോജനപ്പെടുത്താം.
ഭക്ഷണവും വെള്ളവും നൽകുന്നതിനായി പ്രത്യേക ഫീഡിങ് സ്റ്റേഷൻ ഒരുക്കുന്നത് നല്ലതാണ്. എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയുന്ന ബൗളുകളും വെള്ളം പുറത്തേക്ക് തൂകിപ്പോകുന്നത് കുറയ്ക്കുന്ന സംവിധാനങ്ങളും തിരഞ്ഞെടുക്കാം.
പൂച്ചകൾക്കായി വായുസഞ്ചാരമുള്ളതും സ്വകാര്യത ഉറപ്പാക്കുന്നതുമായ ലിറ്റർ ബോക്സ് ഏരിയ ഒരുക്കാം. അവയ്ക്ക് കയറിക്കളിക്കാൻ ഫ്ലോട്ടിങ് ഷെൽഫുകൾ, ഹാമോക്കുകൾ, സ്ക്രാച്ചിങ് പോസ്റ്റുകൾ എന്നിവയും ഇന്റീരിയറിന്റെ ഭാഗമാക്കാം.
9. ഫിനിഷിങ്ങിലും വേണം പെറ്റ് ഫ്രണ്ട്ലി സമീപനം
ചുമരുകളിൽ കഴുകി വൃത്തിയാക്കാൻ കഴിയുന്ന പെയിന്റുകൾ ഉപയോഗിക്കാം. വാതിലുകളിലും പോറലുകൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രതലങ്ങളിലും അനുയോജ്യമായ പ്രൊട്ടക്റ്റീവ് കോട്ടിങ്ങുകൾ നൽകാം. പെയിന്റുകൾ, കോട്ടിങ്ങുകൾ, ക്ലീനിങ് ഉൽപ്പന്നങ്ങൾ എന്നിവ തിരഞ്ഞെടുക്കുമ്പോൾ വളർത്തുമൃഗങ്ങൾക്ക് ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കണം. ഇവയുടെ ഉപയോഗവും ഉണക്കലും സംബന്ധിച്ച നിർദേശങ്ങൾ പാലിക്കുകയും വേണം.
ഓമനമൃഗങ്ങൾക്കും അവകാശപ്പെട്ടതാണ് വീട്
ഒരു വീട് മനോഹരമാകുന്നത് അതിന്റെ ഇന്റീരിയർ ഡിസൈനിൽ മാത്രമല്ല, അവിടെ താമസിക്കുന്ന ഓരോ അംഗത്തിനും ലഭിക്കുന്ന സൗകര്യത്തിലും സുരക്ഷയിലുമാണ്. അത് നിങ്ങളുടെ ഓമനമൃഗങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ്.
Content Highlights: Choose slip-resistant and scratch-resistant flooring to protect pets' joints., Allocate a dedicated space or room for pets to rest and sleep., Select durable and easy-to-clean furniture fabrics like microfiber and leatherette., Prioritize pet safety by securing balconies, windows, and electrical wires., Incorporate pet-friendly plants and organized storage for pet supplies.