ആത്തങ്കുടി ടൈൽ പെരുമ ഇനി എത്രനാൾ: നൂറ്റാണ്ട് താണ്ടിയ കരവിരുത് പ്രതിസന്ധിയിൽ

ആത്തങ്കുടി എന്ന് കേൾക്കുമ്പോൾ മനസിൽ തെളിയുന്ന ചിത്രം ടൈലുകളുടേതാണ്. പച്ചയും മഞ്ഞയും കറുപ്പും ചുവപ്പും നിറത്തിൽ നല്ല കളർഫുൾ ടൈലുകൾ. ഏത് നിലങ്ങൾക്കും രാജകീയ പ്രൗഢി നൽകുന്ന ടൈലുകളുകൾ. ഇന്റീരിയറിനെ ക്ലാസിക്ക് ലുക്കിലേക്ക് മാറ്റാൻ ഈ ടൈലുകൾ മാത്രം മതി. ആത്തങ്കുടി ടൈലുകളെ വെല്ലുന്ന ഡിസൈനുകൾ പലതും വിപണിയിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇന്നും മൈലുകൾ താണ്ടി പൂർണമായും കൈ കൊണ്ട് നിർമ്മിക്കുന്ന ഈ ടൈലുകൾ അന്വേഷിച്ച് നിരവധി പേർ തമിഴ്നാട്ടിലെ ഈ കുഗ്രാമത്തിൽ എത്തുന്നുണ്ട്. കേരളത്തിൽ നിന്ന് മാത്രമല്ല ഉത്തരേന്ത്യൻ വീടുകളിലും ആത്തങ്കുടി ടൈലുകൾ ട്രെന്റാണ്. ഏകദേശം 80 തോളം ടൈൽ നിർമ്മാണ യൂണിറ്റുകൾ ആത്തങ്കുടിയിലുണ്ട്.
ചെട്ടിയാന്മാരുടെ അതിജീവനവും ആത്തങ്കുടി ടൈലുകളും
ചെട്ടിയാർ സമൂഹത്തിന്റെ അതിജീവനത്തിനൊപ്പമാണ് ആത്തങ്കുടി ടൈലുകളുടെ ചരിത്രം ആരംഭിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് സുനാമിയെ തുടർന്ന് വീടും ഉപജീവന മാർഗവും നഷ്ടപ്പെട്ട ചെട്ടിയാർ സമൂഹം തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയുടെ പല ഭാഗങ്ങളിലായി താമസം ആരംഭിച്ചു. സമ്പന്നരായ ചെട്ടിയാന്മാർ ഇറ്റലിയിലും ഇംഗ്ലണ്ടിൽ നിന്നും ടൈലുകളും മാർബിളുകളും ഇറക്കുമതി ചെയ്താണ് വലിയ കൊട്ടാരങ്ങൾ പണിതിരുന്നത്. എന്നാൽ പിന്നീട് ഇറക്കുമതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പല പ്രായോഗിക പ്രശ്നങ്ങൾ നേരിട്ടതോടെ സ്വന്തമായി ടൈലുകൾ നിർ്മ്മിക്കാൻ തീരുമാനിച്ചു. ആത്തങ്കുടിയിൽ മാത്രം കണ്ടുവരുന്ന പ്രത്യേക തരം മണലും ഇതിനൊരു കാരണമായി. കളിമണ്ണിന്റെ അംശം തീരെയില്ല എന്നതാണ് ആത്തങ്കുടി മണലിന്റെ പ്രത്യേകത.
ആദ്യകാലങ്ങളിൽ മരത്തിന്റെ അച്ചും തുണിയും ഉപയോഗിച്ചായിരുന്നു നിർമ്മാണം. പ്രദേശത്തെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന വിധത്തിലുള്ള മെറ്റീരിയലുകളാണ് പ്രധാനമായും ടൈൽ നിർമ്മാണത്തിനായി ഉപയോഗിച്ചത്.
അടിമുടി ഹാൻഡ് മെയ്ഡ്
നല്ല നേർമ്മയിൽ അരിച്ചെടുത്ത ആത്തങ്കുടി മണലിലേക്ക് 53 ഗ്രേഡ് സിമന്റ് ചേർക്കുന്നു. പ്രത്യേക അനുപാതത്തിൽ ആവശ്യത്തിനുള്ള കളറും ചേർക്കുന്നു. ഇവ മൂന്നും കൈ കൊണ്ട് തിരുമ്മി യോജിപ്പിക്കുന്നു. ഈ തിരുമ്മൽ പ്രക്രിയയാണ് ആത്തങ്കുടി ടൈലിന്റെ ആയുസിനെ നിർണയിക്കുന്നതിൽ പ്രധാന പങ്കുണ്ട്. ടൈലുകളിൽ വിള്ളൽ വീഴാതിരിക്കാൻ ഈ തിരുമ്മി യോജിപ്പിക്കൽ അനിവാര്യമാണ്. തിരുമ്മി മണലും സിമന്റും കളറും ഒന്നായി മാറുന്നു. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കുന്നതോടെ ആത്തങ്കുടി ടൈലിനുള്ള ചായം റെഡിയായി. ഗ്ലാസ് ഫ്രെയിമിലേക്ക് ഡിസൈന് അനുസരിച്ചുള്ള അച്ച് വെച്ചശേഷം ഇതിലേക്ക് ഡിസൈന് അനുസരിച്ചുള്ള നിറങ്ങൾ ഒഴിച്ചുകൊടുക്കുന്നു. ഇതിനുമുകളിലേക്ക് ആത്തങ്കുടി മണലും സിമന്റും ചേർന്ന മിക്സ് അരിച്ച് ചേർക്കുന്നു. ഡിസൈൻ ഫിക്സ് ആകാൻ വേണ്ടിയാണിത് ചേർക്കുന്നത്. ഇതിനുമുകളിലേക്ക് വീണ്ടും സിമന്റും മണലും ചേർന്ന പൗഡർ വിതറുന്നു. ഇതിന് മുകളിലേക്ക് വലിയ തരിയുള്ള ആത്തങ്കുടി ടൈലും സിമന്റും ചേർത്ത മിശ്രിതം ചേർത്ത് ലെവൽ ചെയ്യുന്നു. നന്നായി പ്രസ് ചെയ്ത് ഫ്രെയിമിൽ നിന്ന് വേർപ്പെടുത്തുന്നതോടെ ആത്തങ്കുടി ടൈലുകളുടെ ആദ്യ ഘട്ടം പൂർത്തിയായി. ഇവ ഒരു ദിവസത്തിനുശേഷം പ്രത്യേകം ക്രമീകരിച്ച ടാങ്കിൽ വെള്ളത്തിൽ ഇറക്കിവെയ്ക്കുന്നു. രണ്ട് ദിവസത്തിനുശേഷം ഈ ടൈലുകൾ പുറത്തെടുത്ത് തണലിൽ ഉണങ്ങാൻ വെയ്ക്കണം. 15 ദിവസത്തിനുശേഷം ഗ്ലാസ് ഫ്രെയിം ഇളക്കിമാറ്റുന്നതോടെ ആത്തങ്കുടി ടൈൽ റെഡി.
ഏത് ഡിസൈനിലും ടൈൽ റെഡി
പഴയതും പുതിയതുമായ 200 ഡിസൈനുകളിൽ ആത്തങ്കുടി ടൈലുകൾ നിർമ്മിക്കുന്നുണ്ട്. ഇതിന് പുറമേ കസ്റ്റമൈസ് ചെയ്യാനും കഴിയും. ചൈനയിൽ നിന്നാണ് ആത്തങ്കുടി ടൈലുകൾ നിർമ്മിക്കാനുള്ള കളറുകൾ എത്തുന്നത്. ഗ്ലാസ് ഫ്രെയിമുകൾ രാജസ്ഥാനിൽ നിന്നാണ് എത്തുന്നത്. ഒരു ഫ്രെയിം ആറോ ഏഴോ തവണവരെ കഴുകി ഉപയോഗിക്കാനാകും. മധുരയിൽ നിന്നാണ് ഈ ഫ്രെയിമുകൾ എത്തുന്നത്.
ആരോഗ്യത്തിനും ആത്തങ്കുടി ടൈൽ
സെറാമിക്ക് വിട്രിഫൈഡ് ടൈലുകളിൽ ചവിട്ടുമ്പോൾ കാലുകൾക്ക് അനുഭവപ്പെടുന്ന തണുപ്പും വേദനയും ആത്തങ്കുടി ടൈലുകൾ മൂലം ഉണ്ടാകില്ല. സ്വഭാവികമായ ഇൻസുലേഷൻ ശേഷിയുള്ളതിനാൽ തന്നെ കാലാവസ്ഥയിലോ താപനിലയിലോ ഉള്ള മാറ്റങ്ങൾ ആത്തങ്കുടി ടൈലുകളെ ബാധിക്കാറില്ല. കഠിനമായ വേനൽക്കാലത്ത് പോലും ചെറിയ തണുപ്പ് നൽകാൻ ഈ ടൈലുകൾക്ക് കഴിയും. കാലാവസ്ഥയോട് ചേർന്നുനിൽക്കാനുള്ള ഈ കഴിവ് തന്നെയാണ് ചെട്ടിയാർമാരെയും ആകർഷിച്ചത്. കൈകൊണ്ട് പ്രകൃതിദത്തമായ കളറുകൾ ഉപയോഗിച്ചു നിർമ്മിക്കുന്ന ഈ ടൈലുകൾ ആരോഗ്യപ്രദമാണ്. സ്വാഭാവികമായ ഗ്രിപ്പ് ഉള്ളതുകൊണ്ടുതന്നെ തെന്നിവീഴാനും സാധ്യതയില്ല.
ആത്തങ്കുടി ടൈലുകളുടെ ആയുസ് എത്ര
ആത്തങ്കുടി ടൈലുകൾ പെട്ടെന്ന് നിറംമങ്ങിപ്പോകുമെന്നാണ് പലരുടെയും ധാരണ. പക്ഷേ അൽപ്പമൊന്ന് സൂക്ഷിച്ചാൽ 50 വർഷം വരെ ഈ ടൈലുകൾ കേടുകൂടാതെ ഇരിക്കും. കെമിക്കൽ മിശ്രിതം ഉപയോഗിച്ച് ആത്തങ്കുടി ടൈലുകൾ തുടയ്ക്കരുത്. വെറും പച്ചവെള്ളത്തിൽ മാത്രം തുടച്ചെടുത്താൽ മതിയാകും. ഉപയോഗിക്കുന്തോറും ഈ ടൈലുകൾ തിളങ്ങിവരും. അതുപോലെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന രീതിയിൽ വീടിന്റെ പുറത്തും ആത്തങ്കുടി ടൈൽ ഉപയോഗിക്കാൻ വേണ്ടി പാടില്ല. ഇവ അകത്തളങ്ങൾക്ക് വേണ്ടി മാത്രം ഉണ്ടാക്കിയതാണ്.
ആത്തങ്കുടി ടൈൽ ഇനി എത്ര നാൾ
കൂടിപ്പോയാൽ 10-15 വർഷം അതിനപ്പുറം ആത്തങ്കുടി ടൈലുകളുടെ ഭാവി പ്രവചിക്കാനാകില്ല. അച്ചുകളിൽ നിറങ്ങൾ ഒഴിക്കാൻ കഴിവും അറിവും വേണം. അങ്ങനെയൊരു തലമുറ ആത്തങ്കുടിയിൽ നിന്ന് ഇല്ലാതായികൊണ്ടിരിക്കുകയാണ്. പുതിയതായി ആരും ഈ രംഗത്തേക്ക് കടന്നുവരുന്നില്ല എന്നത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. നിറയെ ഓർഡറുകൾ ലഭിക്കുന്നുണ്ടെങ്കിലും തൊഴിലാളികളെ കിട്ടാനില്ല.
സാങ്കേതിക വിദ്യയ്ക്ക് മുന്നിൽ 100 വർഷം പഴക്കമുള്ള ഈ കരവിരുതിന് എത്രനാൾ പിടിച്ചുനിൽക്കാനാകുമെന്ന് കണ്ടുതന്നെ അറിയണം. അമൂല്യമായ ഈ കരവിരുത് നാളെ അന്യം നിന്നുപോകുമെന്നതിൽ തർക്കമൊന്നുമില്ല. അനിവാര്യമായ ഇടപെടലുകൾ ഉണ്ടായേ മതിയാകൂ.
Content Highlights: Athangudi tiles are 100% handmade in a small village in Tamil Nadu using local sand without clay., They offer natural insulation, keeping homes cool during harsh summers and preventing joint pain., These durable heritage tiles can last up to 50 years with proper care using plain water., The traditional craft faces a major threat due to a shortage of skilled artisans entering the trade.