പവർകട്ടിൽ വിയർത്തൊഴുകുന്നുണ്ടോ: ഇതാ എസിയും ഫാനും ഇല്ലാതെ കുളിരുന്നൊരു വീട്

മാവിന് ചുറ്റും നിർമ്മിച്ച ഒരു വീടിനെ തിരഞ്ഞാണ് തിരുവനന്തപുരത്ത് എത്തിയത്. നഗരത്തിൽ നിന്നും അത്രയധികം ദൂരമില്ലാത്ത ഒരിടത്ത് ആ വീട് കണ്ടെത്തി. പുറത്തെ ഗെയ്റ്റിൽ ടാമറിൻഡ് എന്ന പേരു കാണാം. എന്തെ ഇങ്ങനയൊരു പേര് എന്ന് ചിന്തിച്ചു തുടങ്ങും മുമ്പ് നേരെ മുന്നിൽ വലിയൊരു പുളിമരം. വീണ്ടും മുന്നോട്ട് നടന്നാൽ വീടിനെ പുണർന്നു നിൽക്കുന്ന കോട്ടുകോണം മാവിനെ കാണാം. വീടിനെ ചുറ്റി നിൽക്കുന്ന മരങ്ങളെക്കാണാം. പക്ഷേ വീട് പൂർണമായും അത്രയെളുപ്പം കണ്ണിലുടക്കിയെന്ന് വരില്ല. മാവിനും മരങ്ങൾക്കും ഇടയിൽ വീട് ഒളിച്ചു നിൽക്കുകയാണ്. തേക്കാത്ത വീട്. ചായക്കൂട്ടുകളിൽ അണിഞ്ഞൊരുങ്ങാതെ ഒട്ടും അഹങ്കാരമില്ലാത്തൊരു വീട്... ഞാനൊരു വീടാണെന്ന ഭാവം പോലുമില്ല.
കിളികളുടെ ശബ്ദവും മുളങ്കൂട്ടങ്ങളിൽ നിന്നെത്തിയ കാറ്റുമാണ് ഞങ്ങളെ വരവേറ്റത്. വീടിനോട് അടുക്കും തോറും ഉള്ളിലൊരു സമാധാനം നിറയും ചെറിയൊരു തണുപ്പും.. പൂമുഖത്തെ പ്രധാന ആകർഷണം മണിയടിക്കാനുള്ള നീളൻ കയറാണ്. ഈ കയറിൽ പിടിച്ച് വലിച്ചാൽ ടാമറിൻഡ് തുറക്കപ്പെടും. വലിയ വാതിൽ തുറന്ന് അകത്തെത്തുമ്പോൾ മുന്നിൽ തെളിയുന്നത് മറ്റൊരു ലോകമാണ്. ശാന്തവും സമാധാനവുമുള്ള ഒരിടം, വീടെന്ന സങ്കൽപ്പത്തെ തിരുത്തുന്ന ഇടം. പ്രധാനവാതിൽ തുറന്നാൽ ആദ്യം കണ്ണിലുടക്കുക ആകാശമാണ്. ആദ്യം കാതിലെത്തുക വെള്ളച്ചാട്ടത്തിന്റെ ശബ്ദമാണ്. ഓടിയെത്തി നോക്കുമ്പോൾ ഒരു കുഞ്ഞൻ കുളം കാണാം. ഒരു ഭാഗത്ത് ഓപ്പൺ കിച്ചണും എതിർ ദിശയിൽ ലിവിങ് സ്പെയ്സുമാണ്. ഓപ്പൺ കിച്ചണിന് പുറമെ മറ്റൊരു കിച്ചണും ഉണ്ട്. സ്റ്റെപ്പുകൾ ഇറങ്ങി താഴെ എത്തുന്നത് കുളത്തിന്റെ കരയിലേക്കാണ്. ഇതിന് ചുറ്റുമാണ് മൂന്ന് കിടപ്പുമുറികൾ ക്രമീകരിച്ചത്. രണ്ട് വലിയ മുറികളും ഒരു ചെറിയ മുറിയും. എല്ലാം അറ്റാച്ച്ഡ്. ഹാളിൽ നിന്ന് ഒരു കോണി അതിലൂടെ കയറിയാൽ ഒരു ലോഫ്റ്റ് ഉണ്ട്. ഡിസൈൻ പ്രകാരം കുട്ടികൾക്ക് ഒളിച്ചുകളിക്കാനുള്ള സ്പെയ്സ് ആയിരുന്നു ഈ ലോഫ്റ്റ്. കീത്തിന്റെ ആവശ്യപ്രകാരം കുട്ടികൾക്ക് ഓടിക്കളിക്കാനായി വിശാലമായ ടെറസും ഉൾപ്പെടുത്തി.
ലാറി ബേക്കറും ടാമറിന്റും
2007-ൽ പ്രശസ്ത ആർക്കിടെക്റ്റ് ലാറി ബേക്കർ മരിച്ചു. ലാറി ബേക്കറിന്റെ സ്മരണാർഥം അദ്ദേഹത്തിന്റെ പേരിൽ ഒരു സ്ഥാപനം തുടങ്ങാൻ ശിഷ്യന്മാരെല്ലാവരും കൂടി തീരുമാനിച്ചു. അതിനായി നവയാത്ര എന്ന സ്ഥാപനം തിരഞ്ഞെടുത്തു. നവയാത്രയുടെ ഉടമസ്ഥനായിരുന്നു കനേഡിയനായ കീത്ത് സെൽദാന. അങ്ങനെ കീത്തിന് വേണ്ടി ഉണ്ടാക്കിയതാണ് ടാമറിൻഡ്
കീത്തിന്റെ ടാമറിൻഡ്
പൂർണമായും കീത്തിന്റെ സ്വപ്നമായിരുന്നു ടാമറിൻഡ്. കുട്ടികളോടൊത്ത് കളിക്കാനും താമസിക്കാനുമായി ഒരു ഇടം. ലാറി ബേക്കർ സെന്ററിൽ നിന്ന് അതികം ദൂരമില്ലാത്തൊരിടത്ത് ഒരു 30 സെന്റ് സ്ഥലം അങ്ങനെ കണ്ടെത്തി. നിറയെ മരങ്ങളും ചെടികളുമുള്ള സ്ഥലം. അവിടെ ടാമറിൻഡ് ജനിക്കുന്നു. സ്ഥലത്ത് പാഴ്മരങ്ങളെ മുറിച്ചുമാറ്റി പകരം പഴച്ചെടികൾ വെച്ചുപിടിപ്പിക്കുന്നു. ചരിഞ്ഞ നിലയിലായിരുന്നു ഭൂമി. അവിടെ ഭൂമിക്ക് ചെറിയൊരു പോറൽപോലും ഏൽപ്പിക്കാതെയാണ് ടാമറിൻഡ് പടുത്തുയർത്തിയത്. മാവിനെ മുറിക്കരുതെന്ന് കീത്തിന് നിർബന്ധമുണ്ടായിരുന്നു. വീടിനകത്തേക്ക് ആഴ്ന്ന് ഇറങ്ങാതെ മാവിന്റെ വേരുകളെ പ്രത്യേകം ക്രമീകരിച്ചു.
കോസ്റ്റ്ഫോർഡ് ഡറക്ടർ പി.ബി സാജന്റെ നേതൃത്വത്തിലായിരുന്നു നിർമാണം. 2000 സക്വയർഫീറ്റാണ് വീടിന്റെ വിസ്തീർണം.
ടാമറിൻഡിന് പുതിയ ഉടമകളെത്തുന്നു
കീത്ത് കാനഡയിലേക്ക് തിരിച്ചുപോയി. അതേ സമയത്താണ് ഇന്ദു എസ് ശങ്കരിയും പാർട്ണറും സ്വന്തമായി ഒരു വീടിനെക്കുറിച്ച് അലോചിച്ച് തുടങ്ങുന്നത്. സാജൻ വഴി ഇരുവരും ടാമറിൻഡിലേക്ക് എത്തുന്നു. നൂറ് ശതമാനവും മനസിന് യോജിച്ച വീടുതന്നെയായിരുന്നു ടാമറിൻഡ് പുതിയൊരു വീട് വെയ്ക്കുന്നതിലും നല്ലത് നിർമ്മിക്കപ്പെട്ട പഴയ വീടിനെ ഏറ്റെടുക്കുന്നതാണ് നല്ലത് എന്ന ചിന്തയും ടാമറിൻഡിൽ തന്നെ ഉറച്ചു നിൽക്കാൻ കാരണമായതായി ഇന്ദു പറയുന്നു. ഇഷ്ടിക ചുവപ്പുള്ള വീടിന് ചേരുവിധം വെള്ളകർട്ടനുകൾ നൽകി, കുളത്തിനുമുകളിൽ ഓപ്പൺ ഏരിയയിൽ ഒരു ഗ്രില്ലിട്ടു. ഇതൊഴിച്ചാൽ കാര്യമായ മാറ്റങ്ങളൊന്നും പുതിയ രക്ഷിതാക്കൾ ടാമറിൻഡിൽ വരുത്തിയില്ല.
ടാമറിൻഡിൽ ഇത്ര തണുപ്പ് എങ്ങനെ?
കരിങ്കല്ലുകൊണ്ടാണ് തറയിട്ടത്. സിമന്റിന്റെ ഉപയോഗം പരമാവധി കുറയ്ക്കാനായി ഡ്രൈപാക്ക് ചെയ്തു. ചുവരുകൾ പൊള്ളക്കെട്ട് എന്ന നിർമാണ രീതിയിലാണ് പടുത്തത്. പ്ലാസ്റ്ററിങ് ചെയ്തിട്ടുമില്ല. റൂഫിങ്ങിനായി ഫില്ലർ സ്ലാബ് ആണ് ഉപയോഗിച്ചത്. നടുമുറ്റവും ധാരാളം ക്രോസ് വെന്റിലേഷനും ഉള്ളതുകൊണ്ടുതന്നെ വീടിനുള്ളിൽ പകൽ സമയങ്ങളിൽ ലൈറ്റ് ഇടേണ്ട ആവശ്യം വരാറില്ല. ഒരു മുറികളിളും ചൂട് അനുഭവപ്പെടാറും ഇല്ല. ഫില്ലർ സ്ളാബും ക്രോസ് വെന്റിലേഷനും, തേക്കാത്ത ചുവരുകളും ചുറ്റിനുമുള്ള മരങ്ങളും ആണ് വീടിനുള്ളിലെ കൂളിങ് എഫക്ടിന് ഒരു പ്രധാന കാരണം. വീടിന്റെ ഉള്ളകം പൂപ്പൽ കയറാത്തതും ഈ ക്രോസ് വെന്റിലേഷൻ കാരണമാണ്.
കുളവും വെള്ളച്ചാട്ടവും
വീടിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന് കുളവും കുളത്തിലേക്കെത്തുന്ന വെള്ളച്ചാട്ടവും ആണ്. ഒരു മെഡിറ്റേഷൻ മ്യൂസിക്കുപോലെയുള്ള ഈ ശബ്ദം കേട്ട് സുഖമായിട്ട് ഉറങ്ങാം. കുളത്തിലെ തണുപ്പ് ബെഡ്റൂമുകളിലേക്കും എത്തും. പ്രത്യേക വാട്ടർ ഫിൽറ്ററേഷൻ സിസ്റ്റം ഉപയോഗിച്ചാണ് വെള്ളച്ചാട്ടം നിർമ്മിച്ചത്. മഴക്കാലത്ത് ഈ കുളത്തിലേക്ക് മഴ തീർത്തുള്ളിയിടും. വെള്ളത്തിൽ കാലിട്ടിരുന്ന് സൊറ പറഞ്ഞിരിക്കാൻ ഈ കുളത്തിനോളം മനോഹരമായ ഒരിടം ഒരു വീടിനുള്ളിൽ സങ്കൽപ്പിക്കാനാകില്ല.
സിമന്റ് ഉപയോഗിച്ചുകൊണ്ടുള്ള പ്രത്യേക ഫ്‌ളോറിങ്ങാണ് ഈ വീടിന്റെ മറ്റൊരു സവിശേഷത. നിലത്ത് ചവിട്ടുമ്പോൾ തണുപ്പനുഭവപ്പെടും. വളരെ ലളിതമായ ഫർണിച്ചറുകളാണ് വീട്ടിൽ ഉടനീളം ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ ഹാളിൽ കോർണറിൽ ഒരു ലിവിങ് സ്പേസ് ഉണ്ട്. ഇരുന്നാൽ ഒരുപാട് നേരമങ്ങ് ഇരുന്നുപോകും, അങ്ങനെയൊരിടം.
ലക്ഷ്വറിയൊന്നും ഇല്ലാതെ ഒരു ചെറിയ സ്പേസ് നൽകുന്ന വലിയൊരു കംഫർട്ട് ഈ കോർണറിൽ അനുഭവിച്ചറിയാം... എത്ര എഴുതിയാലും തീരാത്ത അനുഭവമാണ് ടാമറിൻഡ്.. അനുഭവിച്ചറിയേണ്ട ഇടം.. ബൈ പറഞ്ഞ് ഇറങ്ങുമ്പോഴും പിന്നോട്ടു വലിക്കുന്ന എന്തോയെന്ന് ഈ വീട്ടിലുണ്ട്. വേനലിൽ വിയർത്തൊലിക്കുമ്പോൾ തിരിച്ചറിയുന്നുണ്ട് ടാമറിന്റ് തന്ന കുളിരായിരുന്നു അതെന്ന്.
എന്തുകൊണ്ട് ഇങ്ങനെയൊരു വീടെന്ന ചോദ്യത്തിന് ആർക്കിടെക്റ്റിന് വ്യക്തമായ ഉത്തരമുണ്ട്. ഒരു വീട് വയ്ക്കുമ്പോൾ പ്രകൃതിയെ പരമാവധി ചൂഷണം ചെയ്യാത്തൊരു വീടാകണം അത്. അടുത്ത തലമുറയ്ക്കായി എന്തെങ്കിലും ഒക്കെ ബാക്കിവയ്ക്കണം. ഇനി വരുന്ന തലമുറയ്ക്കും വീട് വയ്‌ക്കേണ്ടതല്ലേ.. ആ കരുതലാണ് ടാമറിൻഡ് എന്ന വീട്
Content Highlights: Built naturally around a large mango tree and existing trees without harming the land., Features natural cooling methods like filler slabs, unplastered walls, and cross ventilation., Includes a central indoor pond and waterfall system that reduces ambient temperature., Inspired by renowned architect Laurie Baker and constructed by Costford.