60 ദിവസം കൊണ്ട് ഒരു വീട്: മലയാളി പ്രയോജനപ്പെടുത്താത്ത കോൺക്രീറ്റ് ത്രിഡി പ്രിന്റിങ്

ത്രിഡി പ്രിന്റിങ് ഉപയോഗിച്ച് നിര്‍മ്മിച്ച ബാത്ത്‌റൂം
ത്രിഡി പ്രിന്റിങ് ഉപയോഗിച്ച് നിര്‍മ്മിച്ച ബാത്ത്‌റൂം

ഏത് രൂപത്തിലും ഏത് ഡിസൈനിലും വീട് പ്രിന്റ് ചെയ്‌തെടുക്കാം. ഫ്രെയിം ചെയ്തുവയ്ക്കാവുന്ന പ്രിന്റിനെക്കുറിച്ചല്ല ഈ പറയുന്നത്. നമുക്ക് താമസിക്കാവുന്ന വീടുകൾ പ്രിന്റുചെയ്‌തെടുക്കുന്നതിനെക്കുറിച്ചാണ്. വളരെ എളുപ്പത്തിൽ കോൺക്രീറ്റ് ഉപയോഗിച്ച്

വീട് പ്രിന്റ് ചെയ്‌തെടുക്കാവുന്ന സാങ്കേതിക വിദ്യ വളരെ നാളുകൾക്ക് മുമ്പേ നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ട്. പല വിദേശ രാജ്യങ്ങളിലും ത്രിഡി പ്രിന്റിങ് വീടുകളും കെട്ടിടങ്ങളും സർവ്വസാധാരണമാണ്. തൃശ്ശൂരിൽ കോൺഫേസ് എന്ന സ്ഥാപനം കോൺക്രീറ്റ് ത്രിഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. കേരളത്തിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മാണം നടത്തുന്ന ഏക സ്ഥാപനമാണ് കോൺഫേസ്.

സണ്ണി ഡേവിസ് | Mathrubhumi

കോൺക്രീറ്റ് ത്രിഡി പ്രിന്റിങ് ഒരു പുതിയ സാങ്കേതിക വിദ്യയല്ല. 1939 ലാണ് ഈ നിർമ്മാണ രീതിയെക്കുറിച്ചുള്ള ആദ്യ ആശയം രൂപംകൊള്ളുന്നത്. 2010-ൽ ചൈനയിൽ കോൺക്രീറ്റ് പ്രിന്റിങ് ഉപയോഗിച്ചുള്ള കെട്ടിടം നിർമ്മിച്ചു. പിന്നീട് 2016-ൽ ദുബായിയിൽ ആധുനിക രീതിയിലുള്ള ത്രിഡി കോൺക്രീറ്റ് പ്രിന്റിങ് കെട്ടിടം. വെറും 17 ദിവസം കൊണ്ടാണ് ഈ കെട്ടിടം നിർമ്മാണം പൂർത്തിയാക്കിയത്.

[object Object]

എന്താണ് കോൺക്രീറ്റ് ത്രിഡി പ്രിന്റിങ്

ആദ്യം കംമ്പ്യൂട്ടറിൽ നമുക്ക് ഇഷ്ടമുള്ള ഡിസൈൻ വരയ്ക്കുന്നു. ഈ ഡിസൈനുകളെ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ റോബോട്ടിക്ക് മെഷീനുകൾ ഉപയോഗിച്ച് ലെയറുകളായി പ്രിന്റുചെയ്ത് എടുക്കുന്നു. ഈ സ്ട്രക്ചറുകൾ ഉണങ്ങിയ ശേഷം ക്രെയിനുകളോ മറ്റോ ഉപയോഗിച്ച് നമുക്ക് ഇഷ്ടമുള്ളിടത്തേക്ക് മാറ്റാം. ഇനി വലിയ സ്‌ട്രെക്ചറുകളാണെങ്കിൽ റോബോട്ടിക്ക് മെഷീനുകളെ സൈറ്റിൽ എത്തിച്ചാണ് പ്രിന്റ് ചെയ്യുക.

പ്രത്യേക തരം കോൺക്രീറ്റ് മിക്‌സ് ഉപയോഗിച്ചാണ് പ്രിന്റിങ് ചെയ്യുന്നത്. സിമന്റും, മണലും, കല്ലുകളും അടങ്ങിയ കോൺക്രീറ്റാണ് പ്രിന്റിങ്ങിനായി ഉപയോഗിക്കുന്നത്.

ചെറിയ സ്ട്രക്ചറുകളാണെങ്കിൽ കോൺഫേസിൽ തന്നെ നിർമ്മിച്ച് പിന്നീട് ക്രെയിനുപയോഗിച്ച് ആവശ്യമുള്ളിടത്തേക്ക് മാറ്റുന്നു. വീടുകൾ പോലെയുള്ള വലിയ സ്ട്രക്ചറുകൾ ആണെങ്കിൽ റോബോട്ടിക്ക് പ്രിന്റർ സൈറ്റിൽ എത്തിച്ചാണ് നിർമ്മാണം.

കോൺഫേസ്

തൃശ്ശൂരിലെ മുണ്ടൂരിലാണ് കോൺഫേസ് എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്. സണ്ണി ഡേവിസ് ആണ് കോൺഫേസ് സ്ഥാപിച്ചത്. ദീർഘകാലമായി നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന സണ്ണി ഈ മേഖലയിലെ വെല്ലുവിളികൾ മനസിലാക്കിയതോടെയാണ് കോൺക്രീറ്റ് ത്രിഡി പ്രിന്റിങ്ങിനെക്കുറിച്ച് ചിന്തിക്കുന്നത്. ഇതിന്റെ സാധ്യതകൾ മനസിലാക്കിയതോടെ സ്വന്തം നാട്ടിൽ കോൺഫേസ് തുടങ്ങുകയായിരുന്നു. ഇന്ന് കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും കോൺഫേസിൽ പ്രിന്റ് ചെയ്‌തെടുത്ത പ്രൊഡക്ടുകൾ എത്തുന്നുണ്ട്.

[object Object]

60 ദിവസത്തിനുള്ളിൽ ഒരു വീട്

വെറും അറുപത് ദിവസത്തിനുള്ളിൽ ഒരു വീട് നിർമ്മിക്കാമെന്ന് സണ്ണി ഡേവിസ് പറയുന്നു. സ്‌ക്വയർഫീറ്റിന് 3000 രൂപയാണ് ഏകദേശം ചിലവ് വരുന്നത്. വീട് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം ദൂരം എന്നിവ അനുസരിച്ച് ഈ റേറ്റിൽ മാറ്റം വരാം.

സാധാരണ നിർമ്മാണ രീതിക്കും ഈ ചിലവ് വരുമെങ്കിലും വേഗത്തിൽ വീട് പണി പൂർത്തിയാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.ചൂടിനെ ചെറുക്കാൻ കഴിയുന്ന രീതിയിലാണ് നിർമ്മാണം.

ലെയറുകളായി പ്രിന്റ് ചെയ്ത് എടുത്ത സ്ട്രാക്ചർ | Mathrubhumi

അന്യ സംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് കേരളത്തിലെ നിർമ്മാണ മേഖല മുന്നോട്ട് പോകുന്നത് ഈ സാഹചര്യത്തിൽ ആണ് കോൺക്രീറ്റ് ത്രിഡി പ്രിന്റിങ്ങിന്റെ പ്രസക്തി. നിർമ്മാണ തൊഴിലാളികളെ പരമാവധി കുറച്ച് നമുക്ക് നിർമ്മാണം നടത്താം. ഒരു വീട് മുഴുവനായോ വീടിന്റെ ഏതെങ്കിലും ഒരു ഭാഗം മാത്രമായോ പ്രിന്റ് ചെയ്‌തെടുക്കാം. ഫ്‌ളവർ ഫേസ് സോഫ, ബെഞ്ച് കട്ടിൽ അങ്ങനെ എന്തും ഇഷ്ടപ്പെട്ട ഡിസൈനിൽ പ്രിന്റ് ചെയ്ത് എടുക്കാം.

കേരളത്തിൽ ഇതുവരെ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് വീടുകൾ നിർമ്മിച്ചിട്ടില്ല. പക്ഷേ കോൺഫേസിൽ പോയാൽ ത്രിഡി പ്രിന്റിങ് ഉപയോഗിച്ച് നിർമ്മിച്ച ബാത്ത്‌റൂം കാണാം.

Content Highlights: 3D concrete printing allows for custom home designs with high precision., Conface in Thrissur is the first firm in Kerala offering this technology., Homes can be completed in as little as 60 days., The process uses robotic machines to print structures layer by layer., Cost-effective and efficient alternative to traditional labor-intensive construction.