തമിഴ് ബിഗ്ബോസ്; രംഗങ്ങള്‍ സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്തുന്നത്, നിരോധിച്ചില്ലെങ്കിൽ പ്രതിഷേധം കനക്കും- ടിവികെ

വിജയ് സേതുപതി | Photo: Hotstar Biggboss promo video, via instagram.com/actorvijaysethupathi
വിജയ് സേതുപതി | Photo: Hotstar Biggboss promo video, via instagram.com/actorvijaysethupathi

തമിഴ്‌നാട്ടില്‍ ബിഗ്‌ബോസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷ പാര്‍ട്ടിയായ തമിഴക വാഴ്‌വുരിമയ് കച്ചി (ടിവികെ). ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ടിവികെ നേതാവും എംഎല്‍എയുമായ വേല്‍മുരുകന്‍ ഈ ആവശ്യം ഉന്നയിച്ചത്. ബിഗ്‌ബോസിലെ ചില രംഗങ്ങള്‍ തമിഴ് സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പാര്‍ട്ടിയുടെ ആരോപണം.

തമിഴ്ജനതയുടെ സംസ്‌കാരവും ധാര്‍മിക മൂല്യങ്ങളും നശിപ്പിക്കുന്ന നീചമായ പ്രവൃത്തികള്‍ ബിഗ്‌ബോസ് സംപ്രേഷണം ചെയ്യുന്നുവെന്ന് വേല്‍മുരുഗന്‍ ആരോപിക്കുന്നു. തമിഴ്ജനതയ്ക്ക് ദോഷകരമായാലും പരിപാടിയുടെ തിരക്കഥാകൃത്തുക്കള്‍ക്ക് പ്രശ്‌നമില്ലെന്നും പണമാണ് അവര്‍ക്ക് പ്രധാനമെന്നും വേല്‍മുരുകന്‍ ആരോപിക്കുന്നു.

‘’വൃത്തികെട്ട ശരീരചലനങ്ങള്‍, ചുംബന രംഗങ്ങള്‍, കിടപ്പറ രംഗങ്ങള്‍ ഉള്‍പ്പടെ പ്രായമായ പെണ്‍കുട്ടിയുടേയോ കുട്ടികളുടേയോ സാന്നിധ്യത്തില്‍ കാണാന്‍ സാധിക്കാത്ത രംഗങ്ങളാണ് പരിപാടിയില്‍ കാണിക്കുന്നത്. ലൈംഗികബന്ധം മാത്രമേ ഇപ്പോള്‍ അവര്‍ കാണിക്കാത്തതായുള്ളൂ.’’

തമിഴ്നാട് നിയമസഭാ സ്പീക്കര്‍ അപ്പാവുവിനെ ശ്രദ്ധാക്ഷണിക്കല്‍ പ്രമേയവുമായി സമീപിച്ചിട്ടുണ്ടെന്നും വേലുമുരുകന്‍ അവകാശപ്പെട്ടു. ''ഒരു ശ്രദ്ധക്ഷണിക്കല്‍ പ്രമേയവുമായി ഞാന്‍ സ്പീക്കറെ സമീപിച്ചിട്ടുണ്ട്. സ്പീക്കര്‍ പ്രമേയം ചര്‍ച്ചയ്ക്ക് അനുവദിച്ചില്ലെങ്കില്‍, മുഖ്യമന്ത്രിയും ഐടി, പ്രക്ഷേപണ വകുപ്പുകളും അത് നിരോധിച്ചില്ലെങ്കില്‍, ആയിരക്കണക്കിന് സ്ത്രീകളെ ഉള്‍പ്പെടുത്തി ബിഗ് ബോസ് വേദിയിലും വിജയ് ടെലിവിഷനിലും ഞങ്ങള്‍ വലിയൊരു പ്രതിഷേധം സംഘടിപ്പിക്കും,'' -അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ബിഗ് ബോസ് തമിഴിന്റെ സീസണ്‍ 9 നിലവില്‍ വിജയ് ടിവിയിലാണ് സംപ്രേഷണം ചെയ്യുന്നത്. ഒക്ടോബര്‍ 5 ന് 20 മത്സരാര്‍ത്ഥികളുമായി പ്രീമിയര്‍ ചെയ്ത പരിപാടിയില്‍ വിജയ് സേതുപതിയാണ് അവതാരകന്‍.

Content Highlights: The ruling party affiliate, Tamizhaga Vaazhvurimai Katchi (TVK), led by MLA Velmurugan, demanded a ban on Bigg Boss Tamil Season 9, alleging that the show features vulgar content