നൂറ് മില്യണ്‍ സ്ട്രീമിങ് മിനിറ്റുകള്‍; ചരിത്രവിജയമായി 'മനോരഥങ്ങള്‍'

'മനോരഥങ്ങള്‍' കവര്‍
'മനോരഥങ്ങള്‍' കവര്‍

കോഴിക്കോട്: എം. ടി വാസുദേവന്‍ നായരുടെ ഒമ്പത് കഥകള്‍ക്ക് അദ്ദേഹം തന്നെ തിരക്കഥയെഴുതി മലയാളത്തിലെ മുന്‍നിര സംവിധായകര്‍ അണിനിരത്തിയ ഹ്രസ്വചലച്ചിത്രസഞ്ചയമായ 'മനോരഥങ്ങള്‍' റിലീസ് ചെയ്ത് പത്താം ദിവസം പിന്നിടുമ്പോള്‍ നൂറ് മില്യണ്‍ സിട്രീമിങ് മിനുട്ടുകളുമായി കാഴ്ചക്കാര്‍ ഏറ്റെടുത്ത വെബ് സീരീസായി മാറുകയാണ്. ഓഗസ്റ്റ് പതിനഞ്ചിനാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കായി സീ 5 ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ ചിത്രങ്ങള്‍ പുറത്തിറങ്ങിയത്. 

 പ്രിയദര്‍ശന്‍ ഒരുക്കിയ 'ഓളവും തീരവും' എന്ന സിനിമയില്‍ മോഹന്‍ലാലാണ് നായകന്‍. 'ശിലാലിഖിത'ത്തിന്റെ സംവിധാനവും പ്രിയദര്‍ശനാണ്.  ബിജുമേനോന്‍ ആണ് ഇതില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്. എം.ടി.യുടെ ആത്മകഥാംശങ്ങളുള്ള 'കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്' മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ആണ് സംവിധാനം ചെയ്തത്.

'ഷെര്‍ലക്ക്' എന്ന വിഖ്യാത ചെറുകഥയുടെ ദൃശ്യരൂപത്തിന് പിന്നില്‍ മഹേഷ് നാരായണന്‍- ഫഹദ്ഫാസില്‍ കൂട്ടുകെട്ടാണ്. സിദ്ദിഖ് മുഖ്യവേഷത്തിലെത്തുന്ന 'അഭയം തേടി വീണ്ടും' സന്തോഷ് ശിവനും, നെടുമുടി വേണു, സുരഭി, ഇന്ദ്രന്‍സ് എന്നിവരഭിനയിച്ച 'സ്വര്‍ഗം തുറക്കുന്ന സമയം' ജയരാജും സംവിധാനം ചെയ്തു. പാര്‍വതി തിരുവോത്ത് അഭിനയിച്ച 'കാഴ്ച'യുടെ സംവിധായകന്‍ ശ്യാമപ്രസാദ് ആണ്. കടല്‍ക്കാറ്റ് എന്ന സിനിമ രതീഷ് അമ്പാട്ട് ഇന്ദ്രജിത്തിനെയും അപര്‍ണബാലമുരളിയെയും പ്രധാനകഥാപാത്രങ്ങളായി ഒരുക്കി. ഇവര്‍ക്കൊപ്പം എം.ടി.യുടെ മകള്‍ അശ്വതി വി നായര്‍ സംവിധായികയായി അരങ്ങേറ്റം കുറിച്ച 'വില്പന' എന്ന സിനിമയില്‍ ആസിഫ് അലിയും മധുബാലയുമാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
 

Content Highlights: manoradhangal short movie anthology from mt vasudevan nair story crossed 100 million views minutes