സ്വീകരണ മുറിയിലെ അനുരൂപ വരൻ

വിക്രം സേത്തിന്റെ പ്രശസ്തമായ ‘എ സ്യൂട്ടബിൾ ബോയ്’ എന്ന നോവലിൽ ഗംഗ ഉത്തരേന്ത്യയുടെ ഹൃദയഭൂമിയിലൂടെ കുറെദൂരമെങ്കിലും ശാന്തമായി ഒഴുകുന്ന നദിയാണ്, അതിന്റെ കരയിൽ ഒരുത്സവത്തിനിടെ തിക്കിലും തിരക്കിലും മരണങ്ങൾ സംഭവിക്കുന്നുവെങ്കിൽക്കൂടി. അവിടെ അനുരാഗം തളിർക്കുന്നുണ്ട്. പ്രണയികൾ പ്രാചീനമായ കുടീരം ബർസാത് മഹൽ നിലാവിൽ ഗംഗയിൽ പ്രതിബിംബിച്ചതുകാണാൻ പുഴയുടെ നടുവിലേക്ക് തോണിയിൽ പോകുന്നുണ്ട്. പലയിടത്തുനിന്നുമായി ശ്രദ്ധാപൂർവം ശേഖരിച്ച ചെറുതും വലുതുമായ അനേകം വസ്തുക്കൾകൊണ്ട്് ബ്രഹ്മപുർ എന്ന ഉത്തരേന്ത്യൻ സാങ്കല്പികനഗരം കെട്ടിപ്പടുത്തതുപോലെത്തന്നെ അതിനുള്ളിൽ ബർസാത് മഹലിന്റെ സാങ്കല്പികചരിത്രവും മറ്റുപലതിന്റെയും നിർമാണത്തിന്റെ കൂട്ടത്തിൽ, സേത്ത് സൃഷ്ടിച്ചെടുക്കുന്നുണ്ട്. 1349 പേജ് നീളമുള്ള തന്റെ നോവലിൽ, സേത്തിന് ഇതിനൊക്കെ ഏതാണ്ട് പലരും നീളുന്ന ഗസൽ കച്ചേരിയെക്കുറിച്ചുള്ള വിവരണംപോലെ, സമയവും സൗകര്യവുമുണ്ട്. സയീദാബായി ഫിറോസ്‌പുരി എന്ന ഗസൽ ഗായികയ്ക്ക് ഒരു കല്യാണരാവിൽ പുലരുംവരെ പാടാം. ഉസ്താദ് മജീദ് ഖാന് ബൈത്തർ നവാബിന്റെ കോട്ടയിൽ രാഗങ്ങൾ എത്രനേരമെങ്കിലും ആലപിക്കാം. സമയത്തെക്കുറിച്ച് ഒരു വേവലാതിയും വേണ്ടാ.
ബി.ബി.സി.യുടെ പങ്കാളിത്തത്തോടെ നിർമിച്ച് നെറ്റ്ഫ്ളിക്സിൽ പ്രദർശിപ്പിച്ച നോവലിന്റെ ദൃശ്യാവിഷ്കാരത്തിൽ അത്രത്തോളം വിശംദാംശങ്ങൾ ചിത്രീകരിക്കുന്നതിന് സംവിധായികയായ മീരാ നായർക്ക് സ്വാഭാവികമായും പരിമിതിയുണ്ട്. ആൻഡ്രൂ ഡേവിസ് രചന നിർവഹിച്ചിട്ടുള്ള, ആറുഭാഗങ്ങൾ മാത്രമുള്ള ചെറു ദൃശ്യപരമ്പരയാണിത് (ലിമിറ്റഡ് സീരീസ്). ഏതാണ്ട് ആറു മണിക്കൂർവരും ദൈർഘ്യം. നിർമാണച്ചെലവ് 153 കോടി രൂപയാണ്. അമ്പതുകളിലെ ഇന്ത്യയെ, നെഹ്രുവിന്റെ ഇന്ത്യയെ, പുനഃസൃഷ്ടിക്കുകയാണ് ഇവിടെ.
രചയിതാവിനും സംവിധായികയ്ക്കും സംഭവങ്ങളുടെ മിനിയേച്ചർ ചിത്രങ്ങൾ എഴുതേണ്ടിവരുന്നത് സ്വാഭാവികം. സിനിമ, നോവലിനെ ആസ്പദമാക്കി രചിച്ചത് എന്നുപറയുന്നത് അതുകൊണ്ടാണ്. കഥയിലെ അക്ഷരങ്ങളെ അതേപടി പകർത്തുക പ്രയാസമാണ്. അതിന്റെ ആത്മാവ്, കാതൽ, ചോർന്നുപോകാതെ നോക്കിയാൽമതി. ആ മാനദണ്ഡമനുസരിച്ചാണെങ്കിൽ മീരാ നായരുടെ വ്യാഖ്യാനം മതിപ്പുളവാക്കുന്നു. മെഹ്റ കുടുംബത്തിലെ ലതയുടെ (ടാന്യ മണിക്തല) കൈപിടിക്കാൻ ആഗ്രഹിക്കുന്ന മൂന്നുചെറുപ്പക്കാരുടെയും അവരിലൊരാളെ അനുരൂപ വരനായി ലത വരിക്കുന്നതുമാണ് ഒറ്റവാചകത്തിൽ കഥയുടെ ഉള്ളടക്കം. എന്നാൽ, വിവാഹം വഴി ലതയുടെ ബന്ധുവായിമാറിയ മാൻ കപൂർ (ഇഷാൻ ഖട്ടർ) എന്ന ചെറുപ്പക്കാരന്റെ കഥകൂടിയാണിത്. മാൻ, സയീദാബായുടെ (തബു) കാമുകരിൽ ഒരാൾകൂടിയാണ്. നിശ്ചലജീവിതത്തിൽ മാൻ സൃഷ്ടിക്കുന്ന ഇളക്കങ്ങൾ കഥയെ നയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. പക്ഷേ, വിശാലമായ നോവലിൽ എല്ലാറ്റിനെയും കൂട്ടിയിണക്കുന്ന ചരടുകൾ മാത്രമാണിവ. അതല്ല നോവൽ, ഗംഗയിലെ വെള്ളത്തിലെന്നപോലെ അതിൽ പ്രതിബിംബിച്ചുകിടക്കുന്ന ചിത്രങ്ങളാണിവ. എന്നാലും ലത ആരെ തിരഞ്ഞെടുക്കും എന്നുള്ളത് വായനക്കാരന്റെ ആലോചനയിൽ സദാ കടന്നുവരുന്ന വിഷയംതന്നെയാണ്. ആ വിളക്ക് സേത്ത്്് കെടാതെ സൂക്ഷിക്കുന്നുണ്ട്്. മീരാ നായർ അതിന്റെ വെളിച്ചത്തിലാണ് കഥ പറയുന്നതുതന്നെ.
ലതയെ ബ്രഹ്മപുരിൽ സന്ദർശിച്ചശേഷം, അവളെ വിവാഹം കഴിക്കാൻ താൻ യോഗ്യനല്ലെന്ന വിശ്വാസത്തിൽ, തന്റെ പരിശ്രമം ഇവിടെ അവസാനിക്കുന്നു എന്നുതീരുമാനിച്ച്, തിരിച്ചുപോകാൻ തീവണ്ടിയിൽ കയറിയിരിക്കുന്ന, പ്രണയാർഥികളിൽ ഒരാളായ ഹരേഷ് ഖന്നയെ(മലയാളിയെന്ന് തോന്നിപ്പിക്കുന്ന നമിത് ദാസ്), വണ്ടി പുറപ്പെടാനിരിക്കെ, പ്ലാറ്റ്ഫോമിലേക്ക് ഓടിവന്ന ലത തന്റെ സമ്മതം അറിയിക്കുന്നതിലെ ദൃശ്യസാധ്യത സംവിധായിക മനോഹരമായി പ്രയോജനപ്പെടുത്തിയിരിക്കുന്നു. നോവലിൽ ഹരേഷിനെ തന്റെ തീരുമാനം ലത എഴുത്തിലൂടെ അറിയിക്കുകയാണ്. അതും എന്താണ് എഴുതിയിട്ടുള്ളത് എന്ന് വായനക്കാർ അറിയുന്നില്ല. അെതക്കാൾ, ഒരു റെയിൽവേ സ്റ്റേഷനാണ് ഇതിന് യോജിച്ചവേദി എന്ന് നിസ്സംശയം പറയാം. അല്ലെങ്കിൽ ഇടിഞ്ഞുപൊളിഞ്ഞ ചരിത്രസ്മാരകം, തിരക്കുള്ള ഒരു തെരുവ്, പുസ്തകക്കട... അങ്ങനെ വസ്തുബന്ധമുള്ള എന്തുമാവാം. എഴുത്തും ദൃശ്യവും തമ്മിലുള്ള വ്യത്യാസം, നോവലും സിനിമയും തമ്മിലുള്ള വ്യത്യാസം എങ്ങനെയൊക്കെയാവാം എന്ന് കാണിച്ചുതരുന്ന സന്ദർഭങ്ങളിലൊന്നാണിത്.
നോവൽ വളരെ വിശാലമായതുകൊണ്ട് വിഷാദം നേരിയ മട്ടിലേ അതിൽ പ്രത്യക്ഷപ്പെടുന്നുള്ളൂ. രാഷ്ട്രീയം ഉൾപ്പെടെ മറ്റുപലതിന്റെയും കൂട്ടത്തിൽ ഒരു രുചിക്കൂട്ട് മാത്രമാണതും. എന്നാൽ, ചലച്ചിത്രഭാഷ്യത്തിൽ വിഷാദം കുേറക്കൂടി കനത്തതാണ്. പഴയകാലം ഉണർത്താൻ ഉപയോഗിച്ചിട്ടുള്ള മങ്ങിയ നിറങ്ങൾ, തീക്ഷ്ണതയെ തടയുന്ന വെളിച്ചത്തിന്റെ ലോലമായ തിരശ്ശീലകൾ, ശാന്തത ദ്യോതിപ്പിക്കുന്ന നദിയുടെ നിശ്ചലഭാവം, പഴയ റെയിൽവേ സ്റ്റേഷനും തീവണ്ടി മുറികളും ബ്രിട്ടീഷ് കൊളോണിയൽ ജീവിതത്തിന്റെ മാഞ്ഞുകൊണ്ടിരിക്കുന്ന അവശിഷ്ടങ്ങൾ, പഴയമട്ടിലുള്ള കെട്ടിടങ്ങളിലേ ഉൾത്തളങ്ങളിൽ അരങ്ങേറുന്ന സംഗീതരാവുകൾ, ഭഗ്നമായിപോകുന്ന പ്രേമത്തിന്റെ സങ്കടങ്ങളും സന്ദേഹങ്ങളും താഴ്ന്നപടവിലുള്ള സംഗീതത്തിന്റെ മൃദുവിന്യാസം, പലതരം വേലക്കാർ, കുതിരവണ്ടികൾ, പഴയതരം കാറുകൾ, ഗസലുകൾ, നവാബി ജീവിതം, തീൻമേശകൾ... എന്നിവയൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ പെട്ടെന്ന് നമ്മളോർക്കും ഇതൊക്കെ കഴിഞ്ഞുപോയതാണല്ലോ. ദാരിദ്ര്യത്തിന്റെയും ഗ്രാമീണചൂഷണത്തിന്റെയും ചിത്രങ്ങളുണ്ടെങ്കിൽക്കൂടി, നെഹ്രുവും അദ്ദേഹത്തിന്റെ പ്രത്യാശയുടെ ലോകവും അപ്രത്യക്ഷമായി കഴിഞ്ഞുവല്ലോ!. വിഷാദം കനത്തതാണ് എന്ന തോന്നലിന് കാരണം ഇതാവാം. അങ്ങനെയെങ്കിൽ മീരാ നായർ സ്വന്തംനിറങ്ങളിൽ അനുരൂപവരന്റെ ചിത്രം എഴുതിയിരിക്കുന്നു എന്ന് സമ്മതിക്കേണ്ടിവരും. അതിന്റെ മേന്മ അവർക്ക് അവകാശപ്പെടുകയുംചെയ്യാം.
നോവലിൽ വിശദമായി വർണിച്ചിട്ടുള്ള വലിയ സംഭവങ്ങളെ ചെറിയ സ്‌ക്രീനിന് ഇണങ്ങുംവിധം പരിവർത്തനപ്പെടുത്തിയതിന് ഒരുകാരണം ആ മാധ്യമത്തിന്റെ പരിമതിയായിക്കൂടി എണ്ണണം. നോവലിനെ സ്വീകരിച്ച കാണികളുടെ പക്ഷത്തുനിന്നുനോക്കുമ്പോൾ, സ്വാഭാവികമായും ‘അനുരൂപ വരന്റെ’ ദൃശ്യാവിഷ്കാരത്തിലെ ഒരുപോരായ്മ തന്നെയിത്. 1954-ലെ കുംഭമേളയിലെ ദുരന്തത്തിൽനിന്ന് ചീന്തിയെടുത്തിട്ടുള്ളതാണ് നോവലിൽ പുൽമേളയിൽ നടക്കുന്ന തിക്കും തിരക്കും മരണവും. ഇത്രയുംവലിയ നോവലിൽ ഒരു മരണം എന്തുകൊണ്ടില്ല എന്നാലോചിച്ചിരിക്കവേ, എഴുനൂറിലധികം പേജുകൾ പിന്നിടുമ്പോൾ അത് സംഭവിക്കുന്നു. കാൽമണിക്കൂറിനുള്ളിൽ ആയിരത്തോളം പേർ മരിക്കുകയാണ്. സിനിമയിലാകട്ടെ 12 പേർ മരിച്ചു എന്ന്് പൂർവപ്രദേശിലെ രണ്ടുമന്ത്രിമാർ -മഹേഷ് കപൂറും(രാം കപൂർ) എൽ.എൻ. അഗർവാളും (വിനയ് പാഠക് ) തമ്മിലുള്ള സംഭാഷണത്തിൽനിന്ന് കാണികൾക്ക് മനസ്സിലാവുന്നു. ഈ രംഗചിത്രീകരണത്തിൽ വിദൂരദൃശ്യങ്ങളുടെയും ദൃശ്യവൈവിധ്യത്തിന്റെയും ആർഭാടങ്ങൾ മീരാ നായർ വേണ്ടെന്നുവെച്ചിരിക്കുന്നു.
നോവലിൽ തുകൽസംസ്കരണംപോലെത്തന്നെ മറ്റുപല വിഷയങ്ങളും കടന്നുവരുന്നുണ്ട്്. ചിലത് വിശദമായി, ചിലത് തൊട്ടു തലോടി. ഗസൽ, ഹിന്ദുസ്ഥാനിസംഗീതം, യൂറോപ്യൻ ക്ലാസിക്കൽ സംഗീതം, തിരഞ്ഞെടുപ്പ് പ്രചാരണം, കോൺഗ്രസിലെ പ്രശ്നങ്ങൾ, നെഹ്രു-പുരുഷോത്തംദാസ് ഠണ്ഡൻ തർക്കം, സെമീന്ദാരി നിർത്തലാക്കൽ നിയമം, അതിന്റെ നീണ്ട നിയമസഭാ ചർച്ചകൾ, സർവകലാശാലയിലെ ഇംഗ്ളീഷ് സാഹിത്യപഠനത്തിന്റെ സിലബസ്, കുതിരപ്പന്തയം, ശീട്ടുകളിയായ ബ്രിജ്, ഉപദ്രവകാരികളായ ചെന്നായ്ക്കളെ വേട്ടയാടൽ, അന്താരാഷ്ട്ര വ്യാപാരം, ക്രിക്കറ്റ് തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സേത്തിന്റെ പേനത്തുമ്പിലുണ്ട്.
നാലുകുടുംബങ്ങളുടെ തലമുറകൾ അദ്ദേഹത്തിന്റെ കൺമുന്നിലുമുണ്ട്. ഇതിൽപലതും സിനിമയിൽ വിട്ടുകളഞ്ഞത് സ്വാഭാവികം. അതേസമയം, മീരാ നായർ ചില കുടുംബാംഗങ്ങളെ ഉപേക്ഷിച്ചിട്ടുള്ളത് പ്രേക്ഷകന് ഒരു നഷ്ടമല്ലതാനും. നോവലിൽ ഉസ്താദ് മജീദ്ഖാൻ, തന്റെ കലയെ സംബന്ധിച്ച് കർക്കശക്കാരനായ ഗായകനാണ്. സിനിമയിൽ അദ്ദേഹം സിതാർവാദകനായി മാറിയിരിക്കുന്നു.
സിതാറിന്റെ ഈണങ്ങളുടെ ചുരുക്കങ്ങൾ ചുരുങ്ങിയകാലത്തേക്ക് എന്നപോലെ ചിത്രീകരിക്കാം എന്നതുകൊണ്ടാവുമിത്. ഇന്ത്യൻ കഥാപരമ്പരകൾക്ക് ഒ.ടി.പി. പ്ലാറ്റ്ഫോമുകളിൽ നല്ലകാലമാണിതെന്ന് സ്യൂട്ടബിൾ ബോയിയും അടിവരയിട്ട് പറയുന്നു.
Content Highlights: A suitable Boy Vikram Seth Review Tabu ishaan khatter Mira Nair
Content Highlights: