ആശയങ്ങളുടെ വാഗ്വാദം, കണ്മുന്നിൽ തെളിയുന്ന രാഷ്ട്രീയം | Aattam Review

'ആട്ടം' ചിത്രത്തിൽ നിന്നും
'ആട്ടം' ചിത്രത്തിൽ നിന്നും

ഏറെ സുരക്ഷിതമെന്ന് കരുത്തിയിരുന്ന ഇടം പെട്ടെന്ന് ഭയപ്പെടുത്തുന്ന, അറപ്പ് തോന്നിക്കുന്ന ഒന്നായി മാറിയാലോ? ഒറ്റക്കെട്ടെന്ന് വിചാരിച്ചവർ ഞൊടിയിടയിൽ തല്ലിപ്പിരിഞ്ഞാലോ?, അനുഭവിക്കുന്നവരുടെ അവസ്ഥ അതിഭീകരം തന്നെയാവും. ഒരു ശക്തമായ പ്രമേയത്തെ അതിമനോഹരമായ ഭാഷയിൽ അവതരിപ്പിച്ച ആനന്ദ് ഏകർഷി ചിത്രം 'ആട്ട'വും സംസാരിക്കുന്നത് ഇതുപോലൊന്ന് തന്നെ. മലയാളം സിനിമ ടുടെ വിഭാഗത്തിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. 

'അരങ്ങ്' എന്ന നാടക ട്രൂപ്പിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. വിനയ് ഫോർട്ട് അവതരിപ്പിക്കുന്ന വിനയ് എന്ന കഥാപാത്രവും സെറിൻ ഷിഹാബ് അവതരിപ്പിക്കുന്ന  അഞ്ജലി എന്ന കഥാപാത്രവും കലാഭവൻ ഷാജോണിന്റെ ഹരി എന്ന കഥാപാത്രവുമാണ് സംഘത്തിലെ പ്രധാന താരങ്ങൾ. ഒരു ത്രില്ലർ -ഡ്രാമ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണിത്. 

വർഷങ്ങളായി നാടകം ജീവവായുവായി കൊണ്ടുനടക്കുന്ന സംഘത്തിലെ ഏറ്റവും ഒടുവിലത്തെ അംഗമാണ് സിനിമ നടൻ കൂടിയായ ഹരി. പക്ഷേ, അദ്ദേഹത്തിന്റെ ബന്ധങ്ങൾ വെച്ചും സിനിമ നടനെന്ന ഖ്യാതി കൊണ്ടും ഒരുപാട് ആരാധകരെ നേടിക്കൊണ്ട് സംഘത്തിലെ നിർണായക സാന്നിധ്യമായി ഹരി മാറുകയാണ്. ഹരിയും വിനയും തമ്മിലുള്ള സ്വരച്ചേർച്ചയും തുടക്കം മുതലേ പ്രകടവുമാണ്.

സംഘത്തിന്റെ നാടകം കണ്ടു ഇഷ്ടപ്പെട്ട ഹരിയുടെ സുഹൃത്തുക്കൾ കൂടിയായ വിദേശ ദമ്പത്തികൾ തങ്ങളുടെ റിസോർട്ടിൽ ഇവർക്കായി ഒരു പാർട്ടി ഒരുക്കുകയാണ്. അന്ന് രാത്രി അവിടെ നടക്കുന്ന സംഭവവികസങ്ങളുമാണ് ചിത്രത്തിന്റെ അടിസ്ഥാനം. തുടർന്ന് ചിത്രം സംസാരിക്കുന്ന രാഷ്ട്രീയവും അത് പറയുന്ന ആഖ്യാന രീതിയും മികച്ചൊരു അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. 

ശരി തെറ്റുകൾകളെക്കുറിച്ച് ചിന്തിക്കാതെ മോഹനവാഗ്ദാനങ്ങളിൽ ആകൃഷ്ടരാകുന്ന മനുഷ്യരെ ചിത്രം കാണിച്ച് തരുന്നുണ്ട്. ഒരു കാര്യത്തിലും കൃത്യമായ നിലപാടില്ലാതെ ഒഴുക്കിനൊപ്പം നീന്താൻ ശ്രമിക്കുന്നവരെയും എതിരെ നിൽക്കുന്നയാളെ ഒന്ന് മനസിലാക്കാതെ വിധി പ്രഖ്യാപിക്കുന്നവരെയും ചിത്രത്തിൽ കാണാം.

ഒൻപത് പുതുമുഖങ്ങളുടെ അരങ്ങേറ്റം കൂടിയാണ് ചിത്രം. പ്രധാന കഥാപാത്രങ്ങൾ എല്ലാം തങ്ങളുടെ വേഷം ഗംഭീരമാക്കി. ഗൗരവമേറിയ വിഷയം സംസാരിക്കുമ്പോഴും ഇടയ്ക്ക് നർമ്മമുഹൂർത്തങ്ങൾ ഉൾപ്പെടുത്താനും സംവിധായനായി. ശക്തമായ തിരക്കഥ തന്നെയാണ് 'ആട്ട'ത്തിന്റെ കാതൽ. 

പ്രണയവും പകയും സദാചാരവും ഒക്കെ സിനിമയുടെ ഭാഗമാകുന്നുണ്ട്. ഒന്ന് വീഴുമ്പോൾ കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നവർ തന്നെ മുഖം തിരിക്കുന്ന കാഴ്ച്ച എത്ര ഭയാനകമാണെന്നും ചിത്രം വരച്ചുകാട്ടുന്നു. പക്ഷം പിടിക്കാതെ ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രം ഒരുക്കിയ അണിയറപ്രവർത്തകർ കൈയടികൾ അർഹിക്കുന്നുണ്ട്. കൂടെ മറ്റാരുമില്ലെങ്കിലും ഒരാളുടെയുള്ളിലെ കല ഒപ്പമുണ്ടാകുമെന്നും ചിത്രം പറയാൻ ശ്രമിക്കുന്നുണ്ട്. വ്യത്യസ്തരായ മനുഷ്യരുടെ ആശയങ്ങൾ തമ്മിലുള്ള യുദ്ധം കൂടിയാണ് ചിത്രം.

Content Highlights: zarin shihab vinay fortt anand ekarshi movie, aattam review, malayalam film