കളിചിരിയും കലഹവും വിശ്വാസവും, വ്യത്യസ്തമാണീ 'പെരുമാനി' കൂട്ടർ | Review

വേറിട്ട ഒരുകൂട്ടം മനുഷ്യരുടെ വിചിത്രമായ കഥയുമായി എത്തിയ ചിത്രമാണ് 'പെരുമാനി'. ടെെറ്റിൽ തൊട്ട് വേഷപ്പകർച്ചയിൽ വരെ പുതുമയുമായെത്തിയ ചിത്രം പെരുമാനിയെന്ന സാങ്കൽപിക ഗ്രാമത്തിലെ കാഴ്ചകളിലേയ്ക്കാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നത്. കഥപറച്ചിലിലും ദൃശ്യാവിഷ്കാരത്തിലും ഒക്കെ പുതുമ പുലർത്തിയ 'ഫ്രഞ്ച് വിപ്ലവം', നിരൂപക പ്രശംസ നേടിയ 'അപ്പൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം മജു സംവിധാനം ചെയ്ത സിനിമയാണ് 'പെരുമാനി'.
ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ഗ്രാമമാണ് 'പെരുമാനി'. കലഹങ്ങളും പരിഭവങ്ങളുമൊക്കെ വിരളമായിരുന്ന 'പെരുമാനി'യെ സ്വന്തം താത്പര്യങ്ങൾക്കുവേണ്ടി ചിലർ തലകീഴായി മറിക്കുകയാണ്, കലഹങ്ങളുണ്ടാക്കുകയാണ്. കലഹമുള്ളിടത്ത് കച്ചവടമെന്നതുതന്നെയാണ് ഈ പ്രശ്നക്കാരുടെ ലക്ഷ്യം.
തങ്ങളെ എല്ലാ ആപത്തിൽ നിന്നും രക്ഷിക്കുന്നതും ഗ്രാമത്തിന് കുഴപ്പമൊന്നും വരാതെ സംരക്ഷിക്കുന്നതും പെരുമാനി തങ്ങൾ ആണെന്നാണ് നാട്ടുകാരുടെ വിശ്വാസം. എന്നാൽ പെട്ടെന്നൊരുനാൾ അപ്രതീക്ഷിതമായി ഒരു അതിഥി ആ ഗ്രാമത്തിലേയ്ക്ക് എത്തിയാലോ, ഗ്രാമത്തിലെ ആളുകൾ തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചാലോ. സമാധാനമായി കഴിഞ്ഞിരുന്നൊരു ഗ്രാമത്തിലുണ്ടാകുന്ന, അല്ലെങ്കിൽ ചിലർ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം.
സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ദീപ തോമസ്, ലുക്മാൻ അവറാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'മുജി' എന്ന കഥാപാത്രമായി സണ്ണി വെയ്ൻ എത്തുമ്പോൾ 'നാസർ' എന്ന പുതുമണവാളനായിട്ടാണ് വിനയ് ഫോർട്ടിൻ്റെ വരവ്. നാസറിന്റെ പ്രതിശ്രുത വധുവായ 'ഫാത്തിമ'യായ് ദീപ തോമസും 'അബി'യായി ലുക്മാൻ അവറാനും ആ ഗ്രാമത്തിലെ വമ്പത്തി 'റംലു'വായി രാധിക രാധാകൃഷ്ണനും എത്തുന്നു. നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളിലെത്തുന്നു. ചിത്രത്തിെ താരങ്ങളുടെ പ്രകടനം കെെയടികൾ അർഹിക്കുന്നുണ്ട്. വ്യത്യസ്തമായ മാനറിസങ്ങളുള്ള കഥാപാത്രങ്ങളെ ഓരോരുത്തരും ഭംഗിയാക്കി.
പുറംലോകത്തെക്കുറിച്ച് വലിയൊരു ധാരണയൊന്നുമില്ലാത്തവരാണ് പെരുമാനിക്കാർ. തുടക്കം മുതൽ ഒടുക്കം പെരുമാനിയിൽ നടക്കുന്ന അസാധാരണ സംഭവവികാസങ്ങൾ ഹാസ്യത്തിൻ്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് സംവിധായകൻ. വിചിത്ര സ്വഭാവമുള്ളവരാണ് അവിടുത്തെ നാട്ടുകാർ. വേഷവിധാനത്തിലും പശ്ചാത്തല സംഗീതത്തിലും സംഭാഷണത്തിലെല്ലാം വ്യത്യസ്തത കൊണ്ടുവരാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. വെെകാരികമായി പ്രേക്ഷകനെ സ്പർശിക്കാനും ചിത്രത്തിന് സാധിക്കുന്നുണ്ട്. സ്വാർഥതാത്പര്യക്കാർ പ്രശ്നക്കാരായി മാറുന്നതുണ്ടാക്കുന്ന പ്രത്യാഘ്യാതവും ചിത്രം വരച്ചുകാട്ടുന്നുണ്ട്. പുതുമ നിറഞ്ഞ, സവിശേഷതകൾ ഏറെയുള്ള പെരുമാനിയിലെ കൂട്ടരെ കണ്ടിരിക്കാനും രസമാണ്.
ശക്തമായ രാഷ്ട്രീയം കൃത്യമായി പറഞ്ഞുവെക്കാനും സംവിധായകന് സാധിച്ചിട്ടുണ്ട്. പ്രണയവും പകയും ആചാരങ്ങളും അനാചാരങ്ങളും അന്ധവിശ്വാസവുമെല്ലാം 'പെരുമാനി'യിലെ കഥാപാത്രങ്ങളാണ്. നാസറിൻ്റെയും ഫാത്തിമയുടേയും വിവാഹത്തെച്ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. സംശയരോഗവും പുതിയ കഥാപാത്രങ്ങളുടെ വരവും സ്വന്തം വിവാഹത്തിൽ പോലും നിശബ്ദരാകേണ്ടിവരുന്ന ജീവിതങ്ങളുമെല്ലാം പെരുമാനിയിലെ കാഴ്ചകളാണ്.
ഗോപി സുന്ദർ സംഗീതം പകർന്ന അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്. ചിത്രത്തിൻ്റെ മൂഡ് ആദ്യാവസാനം നിലനിർത്തുന്നതിൽ പശ്ചാത്തല സംഗീതം വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. മേക്കിങ്ങിലെ പുതുമയും ചിത്രത്തെ വ്യത്യസ്തമാക്കുന്നു. ഫിറോസ് തൈരിനിലാണ് 'പെരുമാനി'യുടെ നിർമ്മാതാവ്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. സെഞ്ച്വറി ഫിലിംസാണ് വിതരണം.
Content Highlights: vinay forrt sunny wayne lukman movie perumani review