ഡബിൾ മോഹനനായി അമ്പരപ്പിക്കുന്ന പൃഥ്വിരാജ്, ഗംഭീരപ്രകടനവുമായി ഷമ്മി തിലകനും; ഇത് കാതലുള്ള വിലായത്ത് ബുദ്ധ

അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന മുന്തിയ ഇനം ചന്ദനമരം. അധ്യാപകന്‍ വളര്‍ത്തി വലുതാക്കിയ ചന്ദനമരത്തില്‍ കണ്ണുവെക്കുന്ന ശിഷ്യന്‍. ഇരുവരുടേയും ജീവിതത്തില്‍ വിലായത്ത് ബുദ്ധയ്ക്ക് നിറവേറ്റാനുള്ളത് ഒരേ കാര്യം- നഷ്ടപ്പെട്ട കീര്‍ത്തി തിരിച്ചുപിടിക്കുക. ഒരാള്‍ക്ക് സ്വന്തം കീര്‍ത്തി തിരിച്ചുപിടിക്കണം. മറ്റൊരാള്‍ക്ക് തന്റെ പ്രണയിനിയുടെ മോശംപേര് മായ്ച്ചുകളയണം. ഒരേ ആവശ്യം നിറവേറ്റാനുള്ള ചന്ദനമരത്തിന് വേണ്ടി പോരടിക്കുന്ന രണ്ടുപേരുടെ കഥയാണ് വിലായത്ത് ബുദ്ധ. അക്കഥ മനോഹരമായൊരു ദൃശ്യകാവ്യമായി വെള്ളിത്തിരയില്‍ അവതരിപ്പിക്കുകയാണ് സംവിധായകന്‍ ജയന്‍ നമ്പ്യാര്‍.
ഇതേപേരിലുള്ള ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനപ്പെടുത്തി, 'അയ്യപ്പനും കോശി'ക്കും ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു വിലായത്ത് ബുദ്ധ. സച്ചിയുടെ വിയോഗത്തോടെ, അദ്ദേഹത്തിനൊപ്പം പല ചിത്രങ്ങളിലും പ്രവര്‍ത്തിച്ച ജയന്‍ നമ്പ്യാരിലേക്ക് ചിത്രം എത്തിച്ചേരുകയായിരുന്നു. സച്ചിയുടെ ചിത്രങ്ങളില്‍ പതിവ് പ്രമേയമായി വരാറുള്ള ആണ്‍അഹന്തകളുടെ ഏറ്റുമുട്ടലാണ് ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധയുടേയും ഇതിവൃത്തം. വായിക്കപ്പെട്ട നോവലുകള്‍ വെള്ളിത്തിരയിലെത്തുന്നതോടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ കഴിയാതെ പോവുന്നതാണ് മലയാളത്തിലെ മുന്‍ അനുഭവങ്ങളേറേയും. അതിനെ മറികടക്കാന്‍ കഴിയുന്നു എന്നതാണ് വിലായത്ത് ബുദ്ധയില്‍ സംവിധായകന്‍ എന്ന നിലയില്‍ ജയന്‍ നമ്പ്യാരുടെ വിജയം. സച്ചി ചിത്രങ്ങളുടെ നിഴലില്‍നിന്ന് പുറത്തുവരുന്ന തൃപ്തിപ്പെടുത്തുന്ന ദൃശ്യാവിഷ്‌കാരമായും ചിത്രം മാറുന്നു.
ചന്ദനമോഷ്ടാവായ ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരന്‍ അവതരിപ്പിക്കുന്നത്. ഉര്‍വ്വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മിച്ച ചിത്രത്തില്‍ ഷമ്മി തിലകന്‍ തൂവെള്ള ഭാസ്‌കരന്‍ എന്ന അധ്യാപക വേഷത്തിലെത്തുന്നു. മറയൂരാണ് കഥാപാശ്ചാത്തലം. സുരാജ് വെഞ്ഞാറമ്മൂട്, അനുമോഹന്‍, പ്രിയംവദ കൃഷ്ണന്‍, രാജശ്രീ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങി മലയാളത്തിലെ ഒരുപറ്റം മികച്ച അഭിനേതാക്കള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
വിരമിച്ച അധ്യാപകനായ തൂവെള്ള ഭാസ്‌കരന്‍ വിരമിച്ച ശേഷം രാഷ്ട്രീയത്തില്‍ സജീവമാകുന്നു. പാര്‍ട്ടിയുടെ അവസാനവാക്കായ ഭാസ്‌കരന്‍ പഞ്ചായത്ത് പ്രസിഡന്റുമാണ്. തിരഞ്ഞെടുപ്പ് വരാനിരിക്കെ ഭാസ്‌കരന്‍ അപ്രതീക്ഷിതമായി ചെന്നുചാടിയ കുഴി അയാള്‍ക്ക് അക്ഷരാര്‍ഥത്തില്‍ നാറുന്ന പേരുണ്ടാക്കുന്നു. ഇതോടെ മാനസികമായി തകരുന്ന ഭാസ്‌കരന്‍ ചീത്തപ്പേരില്‍നിന്ന് പുറത്തുകടക്കാന്‍ മരണംവരെ കാത്തിരിക്കാന്‍ തീരുമാനിക്കുന്നു. തന്റെ മരണത്തോടെ പേരിനൊപ്പം സുഗന്ധം പരത്താനാണ് ഭാസ്‌കരന്‍ ചന്ദനെമരത്തെ നോക്കി വളര്‍ത്തുന്നത്.
ധ്യാനബുദ്ധനെ കൊത്തിയെടുക്കാന്‍ പാകത്തില്‍ ലക്ഷണമൊത്ത ചന്ദന തടിയേയാണ് വിലായത്ത് ബുദ്ധയെന്ന് വിളിക്കുന്നത്. ഈ ചന്ദനമരത്തിലാണ് മറയൂരിലെ പ്രധാന ചന്ദനക്കൊള്ളക്കാരനായ ഡബിള്‍ മോഹനന്റെ ദൃഷ്ടി പതിയുന്നത്. കുട്ടിക്കാലം മുതല്‍ അയാള്‍ക്ക് ചുറ്റും വില്ലന്മാരുണ്ട്. കുട്ടികള്‍ പോലും ആരാധകരായുണ്ടെങ്കിലും അയാള്‍ക്കെതിരാണ് ആളുകളേറെയും. അതില്‍ 'തൊഴില്‍' സ്ഥലത്തെ കിടമത്സരത്തിന്റെ ഭാഗമായുള്ള എതിരാളികളുണ്ട്, അധികാരികളുണ്ട്. ഇതിനിടയിലാണ് കൊച്ചുവീരപ്പനായ ഡബിള്‍ മോഹനനെ ചെമ്പകത്തിന്റെ മകള്‍ ചൈതന്യം പ്രേമിക്കുന്നത്. രാജശ്രീ നായരാണ് ചെമ്പകമായി ചിത്രത്തിലെത്തുന്നത്. പ്രിയംവദ കൃഷ്ണനാണ് ചൈതന്യം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചൈതന്യത്തിന്റെ ചീത്തപ്പേര് മാറ്റാനുള്ള വലിയ പദ്ധതിയില്‍ ചെറിയ ഇന്ധനമാണ് മോഹനന് വിലായത്ത് ബുദ്ധ. തന്നെയാകെ പൊതിഞ്ഞ നാറ്റം മാറ്റാനുള്ള ഉപാധിയാണ് ഭാസ്‌കരന്‍ മാഷിന് അതേ ചന്ദനമരം. വിലായത്ത് ബുദ്ധയെ കടത്താന്‍ മോഹനനും കടത്തിക്കൊണ്ടുപോകാതിരിക്കാന്‍ ഭാസ്‌കരനും ശ്രമിക്കുന്നതിലെ നാടകീയതകളിലാണ് പ്രേക്ഷകര്‍ രസംപിടിക്കുന്നത്. ഇതിനിടയില്‍ ചന്ദനക്കൊള്ളക്കാരനായ ഡബിള്‍ മോഹനനെ പ്രേമിക്കുന്ന ചൈതന്യവും വന്നുചേരുന്നതോടെ ചിത്രത്തിന് പിരിമുറുക്കം കൂടുന്നു.
മൂലകഥയെ, നോവലിസ്റ്റും രാജേഷ് പിന്നാടനും ചേര്‍ന്നാണ് തിരക്കഥാ ഭാഷയിലേക്ക് മാറ്റിയിരിക്കുന്നത്. പകയും പ്രതികാരവും പ്രണയവും അധികാരവും പശ്ചാത്തലമാകുന്ന ചിത്രത്തിന് ദൃശ്യഭാഷയൊരുക്കുന്നതില്‍ തിരക്കഥയുടെ പങ്ക് വലുതാണ്. രണ്ടുമണിക്കൂര്‍ 54 മിനിറ്റുള്ള ചിത്രത്തില്‍ ഉപകഥകളും പ്രതീകങ്ങളുമായി പ്രേക്ഷകന്‍ ഒന്നിടവിടാതെ അനുഭവിക്കേണ്ട ഒരുപാട് മുഹൂര്‍ത്തങ്ങളുണ്ട്. കന്നഡ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരവിന്ദ് കശ്യപും രണദിവേയുമാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മറയൂരിന്റെ ഭംഗിയും ആക്ഷന്‍ രംഗങ്ങളുടെ ആവേശവും പ്രേക്ഷകനെ ആകെ അനുഭവിപ്പിക്കുന്നതില്‍ ഇരുവരുടേയും പ്രയത്‌നം എടുത്തുപറയേണ്ടതാണ്.
പതിവുപോലെ ഗാനങ്ങളിലും പശ്ചാത്തലസംഗീത്തിലും ജേക്‌സ് ബിജോയ് തന്റെ മികവ് ആവര്‍ത്തിക്കുന്നുണ്ട്. വന്‍ ആക്ഷന്‍ രംഗങ്ങളും ശ്വാമടക്കിപിടിച്ചുകാണേണ്ട സീക്വന്‍സുകളുമുള്ള ചിത്രത്തില്‍ ജേക്‌സിന് കൈകാര്യം ചെയ്യാനുള്ളത് വലിയ ചുമതലകളാണ്. ശ്രീജിത്ത് സാരംഗങ്ങളാണ് എഡിറ്റിങ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ബംഗ്ലാന്‍, കലാസംവിധായകന്‍ ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് മനു മോഹന്‍, സൗണ്ട് ഡിസൈനര്‍മാരായ അജയന്‍ അടാട്ട്, പയസ്‌മോന്‍ സണ്ണി, സൗണ്ട് മിക്‌സിങ് നിര്‍വഹിച്ച എം.ആര്‍. രാജാകൃഷ്ണന്‍ എന്നിവരെല്ലാം കൈയടക്കത്തോടെ തങ്ങളുടെ ഭാഗം നിര്‍വഹിച്ചിരിക്കുന്നു. രാജശേഖര്‍, കലൈ കിങ്‌സണ്‍, സുപ്രീം സുന്ദര്‍, മഹേഷ് മാത്യു എന്നിവരാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തെയാകെ ഉയര്‍ത്തുന്നതില്‍ ഈ മാസ് ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പങ്കുണ്ട്.
സ്വതന്ത്രസംവിധായകനായുള്ള ആദ്യചിത്രത്തില്‍ തന്നെ ജയന്‍ നമ്പ്യാര്‍ തന്നെ അടയാളപ്പെടുത്തുന്നുണ്ട്. പൃഥ്വിരാജിന്റേയും ഷമ്മി തിലകന്റേയും പ്രകടനങ്ങള്‍ എടുത്തുപറയേണ്ടവയാണ്. മറയൂരുകാരന്‍ ചന്ദനക്കൊള്ളക്കാരനായി സ്വാഭാവിക പ്രകടനമാണ് പൃഥ്വിരാജിന്റേത്. പലയിടങ്ങളിലും പിതാവ് തിലകനെ ഓര്‍മിപ്പിക്കുന്ന ഗംഭീര വേഷപ്പകര്‍ച്ചയാണ് ഷമ്മി തിലകന്റേത്. ശക്തമായ സ്ത്രീ കഥാപാത്രത്തില്‍ അനായാസേന പ്രിയംവദ ഒതുങ്ങി നില്‍ക്കുന്നു. സുരാജ് വെഞ്ഞാറമ്മൂട്, അനുമോഹന്‍, പ്രമോദ് വെളിയനാട്, കിരണ്‍ പീതാംബരന്‍, അടാട്ട് ഗോപാലന്‍, വിനോദ് തോമസ്, അരവിന്ദ്, ടി.ജെ. അരുണാചലം, ധ്രുവന്‍, സന്തോഷ് ദാമോദര്‍, മണികണ്ഠന്‍ തുടങ്ങി എല്ലാവരും മികച്ച പ്രതികരണമാണ് കാഴ്ചവെക്കുന്നത്.
കേവലം ആണ്‍അഹന്തകളുടെ പോരാട്ടത്തിനപ്പുറത്തേക്ക് അനേകം അടരുകളുള്ള കഥയാണ് വിലായത്ത് ബുദ്ധയുടേത്. അതിന് ഗംഭീരദൃശ്യാവിഷ്‌കാരമാണ് സംവിധായകന്‍ ഉറപ്പുനല്‍കുന്നത്. പ്രണയവും അധികാരവു പകയും ആഴത്തില്‍ പറയുന്ന ചിത്രം തീയേറ്ററില്‍ തന്നെ അനുഭവിച്ചറിയേണ്ട ദൃശ്യകാവ്യമാണ്.
Content Highlights: 'Vilayath Buddha': A Gripping Tale of Desire, Redemption, and Prithviraj's Powerful Performance