ഏകാന്തതയിലൂടെ രണ്ട് മനുഷ്യര്‍ | Two Seasons Two Strangers Review

#വൃന്ദ മോഹന്‍
ടൂ സീസൺസ്, ടൂ സ്ട്രെയിഞ്ചേഴ്‌സ് ചിത്രത്തില്‍നിന്ന്‌ | Photo: IFFK
ടൂ സീസൺസ്, ടൂ സ്ട്രെയിഞ്ചേഴ്‌സ് ചിത്രത്തില്‍നിന്ന്‌ | Photo: IFFK

വാക്കുകളേക്കാള്‍ നിശബ്ദതയ്ക്ക് പ്രാധാന്യം നല്‍കുന്ന യാത്രയെ ആത്മപരിശോധനയാക്കി മാറ്റുന്ന സിനിമകളുടെ നിരയിലാണ് ഷോ മിയാക്കെയുടെ ടൂ സീസണ്‍സ്, ടൂ സ്ട്രെയിഞ്ചേഴ്‌സ് സ്ഥാനം പിടിക്കുന്നത്. ഒരു കഥ പറയുന്നതിനേക്കാള്‍, കഥാപാത്രങ്ങളുടെ മനോനില അനുഭവിപ്പിക്കുകയാണ് ചിത്രം.

രണ്ട് കാലഘട്ടങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. വേനലും ശീതകാലവും- അതിനൊപ്പം രണ്ടുസ്ഥലങ്ങളും രണ്ടു അപരിചിതരും. തിരക്കഥാകൃത്തായ ലിയുടെ യാത്രയാണ് കഥയുടെ അച്ചുതണ്ട്. എഴുതാനാകാത്ത വാക്കുകളും പൂര്‍ത്തിയാകാത്ത ആശയങ്ങളും അവളെ വലയ്ക്കുന്നു. തന്റെ എഴുത്തിനു വേണ്ടി അവള്‍ നടത്തുന്ന യാത്രയില്‍ കണ്ടുമുട്ടുന്ന ആളുകള്‍, സംഭാഷണങ്ങള്‍, നിശബ്ദ സാന്നിധ്യങ്ങള്‍ എന്നിവയാണ് കഥയെ മുന്നോട്ടുനയിക്കുന്നത്.

ടൂ സീസണ്‍സ് ടൂ സ്ട്രെയിഞ്ചേഴ്‌സ് ഒരു കൊച്ചുസിനിമയാണ്. ചെറിയ സംഭവങ്ങള്‍, സാധാരണ നിമിഷങ്ങള്‍, മനുഷ്യരുടെ ഒറ്റപ്പെടലുകള്‍ എന്നിവയാണ് സിനിമയുടെ ഉള്ളടക്കം. ഋതുക്കള്‍ പോലെയാണ് മനുഷ്യരും എന്ന സൂചിപ്പിക്കാന്‍, ചിത്രത്തില്‍ പലപ്പോഴും ക്യാമറ കഥാപാത്രങ്ങളില്‍നിന്ന് അകലം പാലിച്ച് പ്രകൃതിയിലേക്ക് നില്‍ക്കുന്നതായി പ്രേക്ഷകന് തോന്നും.

മന്ദഗതിയില്‍ മുന്നോട്ടുപോകുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ കുറവാണ്. നീണ്ട നിശബ്ദ ഷോട്ടുകളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. കണ്ടിരിക്കേണ്ട ചിത്രം എന്നതിലുപരി അനുഭവിച്ചിരിക്കേണ്ട ചിത്രങ്ങളില്‍ ഒന്നായി ടൂ സീസണ്‍സ് ടൂ സ്ട്രെയ്‌ഞ്ചേഴ്‌സിനെ കണക്കാക്കാം. വലിയ സംഭവവികാസങ്ങളില്ലാതെ, ചെറിയ നിമിഷങ്ങളില്‍ ജീവിതത്തിന്റെ ഏകാന്തത വരച്ചു കാണിക്കുന്ന സിനിമയാണ് ഷോ മിയാക്കെയുടെ ടൂ സീസണ്‍ ടൂ സ്ട്രെയിഞ്ചേഴ്‌സ്.

Content Highlights: "Two Seasons, Two Strangers": A Cinematic Journey Through Solitude and Self-Discovery