തമ്മില്‍ പോരടിച്ച് സുരാജിന്റെ ശങ്കുണ്ണിയും വിനായകന്റെ മാധവനും; വീറും വാശിയും പകർന്ന് 'തെക്ക് വടക്ക്'

പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ വിനായകനും സുരാജ് വെഞ്ഞാറമൂടും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതകൊണ്ട് പ്രഖ്യാപിച്ച സമയത്തുതന്നെ ശ്രദ്ധനേടിയ സിനിമയാണ് പ്രേം ശങ്കറിന്റെ 'തെക്ക് വടക്ക്'. റിട്ടയേര്‍ഡ് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥന്‍ മാധവനായി വിനായകനും നമ്പൂതിരി റൈസ് കമ്പനി ഉടമയായ ശങ്കുണ്ണിയായി സുരാജും ചിത്രത്തില്‍ തകര്‍പ്പന്‍ അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്.
ബാല്യംമുതല്‍ തമ്മില്‍ പോരടിച്ചു വളര്‍ന്ന മാധവനും ശങ്കുണ്ണിയും അവരുടെ അന്ത്യംവരെ അക്കാര്യത്തില്‍ ഒരു മാറ്റത്തിനും തയാറാകുന്നില്ല. ഇരുകഥാപാത്രങ്ങളുടേയും വീറും വാശിയും കലര്‍ന്ന വാക്-പോരുകളും പകയും പ്രേക്ഷകര്‍ക്ക് മുന്നിലവതരിപ്പിക്കാന്‍ എസ്. ഹരീഷിന്റെയും പ്രേംശങ്കറിന്റെയും തിരക്കഥയ്ക്കും സംഭാഷണത്തിനും കഴിഞ്ഞിട്ടുണ്ട്.
പാലക്കാട്ടെ ഒരു കൊച്ചുഗ്രാമത്തിലാണ് കഥ നടക്കുന്നത്. ശങ്കുണ്ണിയുടേയും മാധവന്റേയും മക്കള്‍ അവരുടെ അച്ഛന്മാര്‍ക്ക് പറഞ്ഞുതീര്‍ക്കാന്‍ സാധിക്കാതെ പോയ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ തങ്ങളുടെ വീടുകളില്‍നിന്ന് യാത്രതുടങ്ങുകയാണ്. പ്രേക്ഷകരെയും കൂടെക്കൂട്ടിയാണ് കഥയുടെയും ആ കഥാപാത്രങ്ങളുടേയും സഞ്ചാരം. എന്താണ് ആ തീരാപ്രശ്‌നം, അതെങ്ങനെ തുടങ്ങി എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങളിലേയ്ക്കും അവയ്ക്കുള്ള ഉത്തരങ്ങളിലേയ്ക്കും കഥ നമ്മെ കൂട്ടികൊണ്ടുപോകുന്നു.
നീണ്ട മുപ്പത് വര്‍ഷമായി കേസുംകൂട്ടവും കോടതിയുമൊക്കെയായി കഴിയുകയാണ് ശങ്കുണ്ണിയും മാധവനും. ഇരുവരുടേയും പകയെക്കുറിച്ച് നാട്ടിലെല്ലാവര്‍ക്കുമറിയാം. കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍, കോടതിയിലെയും പുറത്തെയും ആളുകള്‍, അങ്ങനെ എല്ലാവര്‍ക്കും. പക്ഷേ, ആര്‍ക്കും അവരെ പിന്തിരിപ്പിക്കാനാകുന്നില്ലെന്നുമാത്രം.
കോടതിയിലെത്തുമ്പോള്‍ ആശ്വാസമാണ് ശങ്കുണ്ണിക്ക്. കോടതിയും വാദപ്രതിവാദങ്ങളും വിചാരണയുമൊന്നുമില്ലാത്ത ജീവിതം ആലോചിക്കാനേ കഴിയാത്ത അവസ്ഥയിലേക്ക് താൻ എത്തിയെന്ന് അയാള്‍ത്തന്നെ പറയുന്നു. എന്നാല്‍, ഭൂമിതര്‍ക്ക കേസ് ജയിക്കാനായി മാധവനെപ്പോലെ തന്നെ അയാള്‍ ഭഗീരഥ പ്രയത്‌നം നടത്തുകയാണ്. കോടതിയും കേസുമായി നടന്ന് അവ ലഹരിയായി മാറിയ രണ്ടുപേര്‍- ശ്വാസമെടുക്കാതെ ഇഞ്ചോടിഞ്ചെത്താന്‍ മത്സരിക്കുന്ന കഥാപാത്രങ്ങളെ ഗംഭീരമാക്കിയിട്ടുണ്ട് സുരാജും വിനായകനും.
ഇടതുപക്ഷ അനുഭാവികളാണ് ശങ്കുണ്ണിയും മാധവനും. പ്രശ്‌നപരിഹാരത്തിനായി ഇരുവരും പാര്‍ട്ടി ഏരിയാ സെക്രട്ടറിയെ സമീപിക്കുന്നുണ്ടെങ്കിലും കാര്യം നടപടിയാകുന്നില്ല. തെക്കും വടക്കുംപോലെ നേര്‍ വിപരീതമായ ദിശയില്‍ മാത്രം പെരുമാറുന്ന രണ്ടുപേരുടെ വീറും വാശിയും നിറഞ്ഞ സിനിമയുടെ ആദ്യപകുതി അസാനിക്കുന്നത് പ്രേക്ഷകര്‍ക്ക് അപ്രതീക്ഷതമായ ഒരു ട്വിസ്റ്റ് നല്‍കിക്കൊണ്ടാണ്.
ആക്ഷേപഹാസ്യവും നര്‍മവും ചിത്രത്തിലുടനീളം നിറഞ്ഞുനിൽക്കുന്നു. ശങ്കുണ്ണിയുടെ സുഹൃത്തും സഹായിയുമായ പെട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷമീര്‍ ഖാനും ഫ്രണ്ട് എന്ന് മാധവന്‍ വിളിക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ച മെല്‍വിന്‍ ജി. ബാബുവും മികച്ച അനുഭവം കാഴ്ചവെച്ചിട്ടുണ്ട്. ജയിലറിനുശേഷം വിനായകന്‍ അഭിനയിച്ച സിനിമയാണ് തെക്ക് വടക്ക്. അൻജന ഫിലിംസ്, വാര്‍സ് സ്റ്റുഡിയോ എന്നിവയുടെ ബാനറില്‍ അന്‍ജന ഫിലിപ്പ്, വി.എ. ശ്രീകുമാര്‍ മേനോന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കോട്ടയം രമേഷ്, മെറിന്‍ ജോസ്, വിനീത് വിശ്വം, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍ എന്നിവരും ഒട്ടേറെ പുതുമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.
റഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രീകുമാര്‍ എന്നിവയുടെ വരികളും സാം സി.എസ്. ചിട്ടപ്പെടുത്തിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന് മാറ്റുകൂട്ടുന്നു. കിരണ്‍ ദാസിന്റെ ചിത്രസംയോജനവും ഛായാഗ്രാഹകന്‍ സുരേഷ് രാജന്‍ പകര്‍ത്തിയ ദൃശ്യങ്ങളും തെക്കുവടക്കിനെ കൈയടക്കത്തോടെ അവതരിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്.
സിനിമയുടേതായി പുറത്തുവന്ന 'കസകസ' എന്ന പാട്ട് നേരത്തേ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. കഥയ്ക്കിണങ്ങുന്ന ജാസി ഗിഫ്റ്റിന്റെ മറ്റൊരു ഹൃദയഹാരിയായ ഗാനംകൂടി തെക്ക് വടക്കിന്റെ തിയേറ്റര്‍ കാഴ്ചയ്ക്കൊപ്പം പ്രേക്ഷകർക്ക് അനുഭവിക്കാനാകും.
Content Highlights: Movie review of Thekku vadakku