സുഖമാണോ?; കണ്ണിനും കാതിനും മനസിനും ചിന്തയ്ക്കും സുഖമാണ് ഈ ചിത്രം | Sukhamano Sukhamann Review

ഒറ്റക്കായിപ്പോയൊരു ചെറുപ്പക്കാരൻ. ജീവിച്ചിരിക്കുന്ന മനുഷ്യരോട് അകന്നുപോയ അയാൾക്ക് കൂട്ടായി ഏതാനും ‘മരിച്ചു’പോയവരെത്തുന്നു. തുടർന്ന് അയാളുടെ ജീവിതത്തിലുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളും മാറ്റങ്ങളുമായൊരു ചിത്രം. കണ്ടിറങ്ങുന്ന പ്രേക്ഷകനോടുള്ള ചോദ്യവും സിനിമ നൽകുന്ന അനുഭവവും പേരിൽ തന്നെയുണ്ട്, 'സുഖമാണോ?, സുഖമാണ്!'.
യുവതാരങ്ങളായ മാത്യു തോമസും ദേവിക സഞ്ജയും പ്രധാനവേഷത്തിലെത്തിയ 'സുഖമാണോ?, സുഖമാണ്!' സംവിധാനംചെയ്തിരിക്കുന്നത് അരുൺലാൽ രാമചന്ദ്രൻ ആണ്. 'വേട്ട', 'കരിങ്കുന്നം സിക്‌സസ്' ഉൾപ്പെടെ ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ അരുണിന്റെ, സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണിത്. ജഗദീഷ്, സ്ഫടികം ജോർജ് ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങൾ മാത്യുവിനും ദേവികയ്ക്കുമൊപ്പം ചിത്രത്തിൽ മുഴുനീളമുണ്ട്. ടോബിൻ തോമസ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് നിബിൻ ബെസന്ത് ആണ്. ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനാനയാണ് ചിത്രത്തിന്റെ നിർമാണം.
വ്യക്തിജീവിതത്തിലെ ചില ദുരന്തങ്ങൾ മൂലം സ്വയം ഉൾവലിഞ്ഞുജീവിക്കുന്ന കഥാപാത്രമാണ് മാത്യു തോമസ് അവതരിപ്പിക്കുന്ന തിയോ. സ്വകാര്യ ഡ്രൈവറായി ജോലി ചെയ്യുന്ന അയാൾക്ക് പക്ഷേ എവിടേയും സ്ഥിരമായി നിൽക്കാൻ സാധിക്കുന്നില്ല. ഏതെങ്കിലും സംഭവങ്ങൾ അയാളിലെ ഭൂതകാലത്തിന്റെ ട്രോമയെ ഉണർത്തും. അത് പ്രശ്‌നങ്ങളിൽ കൊണ്ടുചാടിക്കും, പണി പോകും. ഇതിന് പുറമേയാണ് നാട്ടുകാരുടേയും ഒപ്പം പഠിച്ചിരുന്നവരുടേയും കളിയാക്കലുകളും. പഴയസഹപാഠികൾ അയാൾക്ക് 'മെന്റൽ' എന്നൊരു പേരും നൽകിയിട്ടുണ്ട്. അപ്രതീക്ഷിതമായി എത്തിച്ചേരുന്ന മരണവീട്ടിൽനിന്ന്, സ്ഫടികം ജോർജ് അവതരിപ്പിക്കുന്ന വർഗീസ് ദേവസ്യ മരിച്ച പ്രൊഫസർ തിയോയുടെ കൂടെ ഇറങ്ങിപ്പോരുന്നു. വർഗീസിന്റെ വരവ് അയാളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാക്കുന്നു. തന്റെ ജീവിതത്തിലെ സന്തോഷം ജീവിച്ചിരിക്കുന്നവരിലല്ല, മരിച്ചവരിലാണെന്ന് തിരിച്ചറിയുന്ന തിയോ പുതിയ ജോലിയും അതുമായി ബന്ധപ്പെട്ടുതന്നെ കണ്ടെത്തുന്നു. തുടർന്ന് അവിടെനിന്നും അയാൾക്ക് കുടുംബവും സുഹൃത്തുക്കളുമായി കൂടുതൽപ്പേരെ ലഭിക്കുന്നു. കാമുകിയാക്കാൻ മരിച്ചുപോയ പെൺകുട്ടിയെ തിരഞ്ഞിറങ്ങുന്ന തിയോ കണ്ടെത്തുന്നത്, നാളുകൾ എണ്ണപ്പെട്ട് ജീവിക്കുന്ന ചാരുവിനേയാണ്. ദേവിക സഞ്ജയ് അവതരിപ്പിക്കുന്ന കഥാപാത്രമെത്തുന്നതോടെ തിയോയുടെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളും ചുരുളഴിയുന്ന അയാളുടെ ഭൂതകാലവുമാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്.
മനുഷ്യബന്ധങ്ങളുടെ ആഴവും ചില സമയങ്ങളിലെ നിരർഥകതയുമാണ് ചിത്രം പ്രധാനമായും പറയുന്നത്. പോലീസിൽ സിഐ ആയിരുന്ന, എന്നാൽ പിന്നീട് ശ്മശാന നടത്തിപ്പുകാരനായി ജീവിക്കേണ്ടിവരുന്ന ഐപ്പ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജഗദീഷ് അവതരിപ്പിക്കുന്നത്. ഒരേയിടങ്ങളിൽനിന്ന് വീണ്ടും വീണ്ടും ഇറക്കിവിടപ്പെടുന്ന ഒരച്ഛന്റെ വേഷത്തിൽ ജഗദീഷ് എത്തുമ്പോൾ അത് വൈകാരികമായാണ് പ്രേക്ഷകനെ വന്നുതൊടുന്നത്. വളരേ ഇൻട്രോവേർട്ടായ, ആളുകളോട് അടുക്കാൻ പേടിയുള്ള, ദുരന്തപൂർണ്ണമായ ഭൂതകാലമുള്ള കഥാപാത്രത്തെ വിശ്വസനീയമായി അവതരിപ്പിക്കാൻ മാത്യു തോമസിനും സാധിച്ചിട്ടുണ്ട്.
കേവലം ഒരുമണിക്കൂർ 47 മിനിറ്റിൽ താഴെയുള്ള ചിത്രത്തിൽ ആദ്യപകുതിയുടെ അവസാനത്തോട് അടുക്കുമ്പോഴാണ് ദേവിക അവതരിപ്പിക്കുന്ന കഥാപാത്രം സ്‌ക്രീനിലെത്തുന്നത്. അവിടുന്നങ്ങോട്ട് ജഗദീഷിനും മാത്യു തോമസിനുമൊപ്പം ദേവികയും സ്‌ക്രീൻനിറയുന്നു. മലയാളിക്ക് ഇതുവരെ പരിചിതമല്ലാത്തൊരു സ്ഫടികം ജോർജിനെയാണ് 'സുഖമാണോ?, സുഖമാണ്!' ചിത്രത്തിൽ കാണാൻ കഴിയുന്നത്. മരിച്ചുപോയ, ചില്ലറ തമാശക്കാരനായ കഥാപാത്രമായി അനായാസം സ്ഫടികം ജോർജ് മാറുന്നു. ചിത്രത്തിൽ മുഴുനീളം കളം നിറയുന്ന കഥാപാത്രങ്ങളാണ് കടശനാട് കനകത്തിന്റേതും നോബി മാർക്കോസിന്റേതും. ഇവർക്കൊപ്പം അഖിൽ കവലുയൂരും അബിൻ ബിനോയും തബ റീമയുമുണ്ട്. തിയേറ്ററിൽ ചിരി നിറയ്ക്കുന്നതിൽ നടി കടശനാട് കനകത്തിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. സ്ഥിരം ശൈലിവിട്ട്, എന്നാൽ കോമഡി ട്രാക്കിലുള്ള കഥാപാത്രമാണ് നോബി മാർക്കോസിന്റേത്. അത് മനോഹരമായി, കൈയടക്കത്തോടെ നടൻ ചെയ്തുവെക്കുന്നു. മണിക്കുട്ടൻ, ജിബിൻ ഗോപിനാഥ് എന്നിവരും വളരേ കുറച്ചുനേരം മാത്രമുള്ള വേഷത്തിൽ വന്നുപോകുന്നുണ്ട്. പക്ഷേ, ആ കഥാപാത്രങ്ങൾ ഉടനീളം പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കും.
വളരേ ഹൃദയഹാരിയായ പ്രമേയമാണ് ചിത്രത്തിന്റേത്. അത് പറഞ്ഞുവെക്കുന്നതും അതേ ശാന്തതയോടെയാണ്. ഒരുതരി നോവ് അവശേഷിപ്പിച്ചാണ് ചിത്രം അവസാനിക്കുന്നതെങ്കിലും പൂർണ്ണമായും ഫീൽ ഗുഡ് അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. ചിരിയും ചിന്തയും ചെറുനോവുകളും വളരെ സമർഥമായി തന്നെ തിരക്കഥാകൃത്തുകൂടിയായ സംവിധായകൻ ചിത്രത്തിൽ ഒളിപ്പിച്ചുവെക്കുന്നുണ്ട്. പേരിനോട് പൂർണ്ണമായും നീതി പുലർത്തിയ ചിത്രമാണിത്. കണ്ടിറങ്ങുന്ന പ്രേക്ഷകന് കണ്ണിനും മനസിനും കാതിനും ചിന്തയ്ക്കും സുഖം പകരുന്ന ചിത്രമാണിത്. ആ സുഖം പ്രേക്ഷകന് അനുഭവപ്പെടുത്തുന്നതിൽ അണിയറയിലെ ഓരോ വിഭാഗവും വിജയിച്ചിട്ടുണ്ട്. കണ്ണിന് കുളിർമ്മ നൽകുന്ന ദൃശ്യങ്ങളുമായി ടോബിൻ തോമസും സംഗീതവുമായി നിപിൻ ബെസന്തും ചിത്രത്തെ ഒരുപടി മുകളിലേക്ക് ഉയർത്തുന്നു. എഡിറ്റർ അപ്പു ഭട്ടതിരിയും ഇവർക്കൊപ്പം ചേരുന്നതോടെ മികച്ചൊരു സിനിമാനുഭവമാണ് പ്രേക്ഷകന് ലഭിക്കുന്നത്. സൗണ്ട് ഡിസൈനർ കിഷൻ സപ്ത, മിക്‌സർ ഹരി പിഷാരടി, കലാസംവിധായകൻ ബോബൻ കിഷോർ, വസ്ത്രാലങ്കാരം നിർവഹിച്ച ഷിനു ഉഷസ്, മേക്കപ്പ് ആർട്ടിസ്റ്റ് സിജീഷ് കൊണ്ടോട്ടി, കളറിസ്റ്റ് ലിജു പ്രഭാകർ തുടങ്ങി മുഴുവൻ പേരും പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്.
പരിചിതമായ സാഹചര്യങ്ങളിൽ നമുക്ക് അപരിചിതരായ ചില മനുഷ്യരുടെ കഥയാണ് 'സുഖമാണോ?, സുഖമാണ്!' പറയുന്നത്. ഒരുതരി നോവിന്റെ മേമ്പൊടിയോടെ ശാന്തമായി കണ്ടിരിക്കാവുന്ന, മനസുനിറയ്ക്കുന്ന ചിത്രം. കുടുംബത്തോടൊപ്പം വിശ്വസിച്ചുകാണാവുന്നത്.
Content Highlights: Sukhamano Sukhamann Movie Review