പ്രതീക്ഷകളുടെ അതിര്‍ വരമ്പ് ഭേദിച്ച് 'നോ വേ ഹോം' | Spider-Man: No Way Home Review

മാര്‍വല്‍ ആരാധകരുടെയും പ്രേക്ഷകരുടെയും കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് 'സ്‌പൈഡര്‍മാന്‍: നോ വേ ഹോം' (Spider Man: No Way Home) തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. രാജ്യത്താകമാനം 3100 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഡിസംബര്‍ 16ന് റിലീസ് ചെയ്ത 'സ്‌പൈഡര്‍മാന്‍: നോ വേ ഹോമി'ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്‌പൈഡര്‍മാന്‍ ചലചിത്ര പരമ്പരയിലെ ഇതുവരെയുള്ള ഏറ്റവും മികച്ച ചിത്രമെന്നാണ് 'സ്‌പൈഡര്‍മാന്‍: നോ വേ ഹോമി'നെ ആരാധകര്‍ വിലയയിരുത്തുന്നത്.
മാര്‍വലിന്റെ എന്‍ഡ്‌ഗെയിമിന് ശേഷം ആരാധകര്‍ ഏറ്റവുമധികം ആര്‍പ്പുവിളിച്ചതും കൈയടിച്ചതും ഒരുപക്ഷേ 'സ്‌പൈഡര്‍മാന്‍: നോ വേ ഹോം' എന്ന ചിത്രത്തിനായിരിക്കും. അത്രയധികം ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള ഒരു ചിത്രം തന്നെയാണ് മാര്‍വലും സംവിധായകന്‍ ജോണ്‍ വാട്ട്സും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും, മുമ്പുള്ള സ്‌പൈഡര്‍മാന്‍ ചിത്രങ്ങളിലെ വില്ലന്‍മാരും, ഹൃദയത്തില്‍ തൊടുന്ന രംഗങ്ങളുംകൊണ്ട് സമ്പന്നമാണ് ഈ ചിത്രം. മള്‍ട്ടിവേഴ്‌സ് കണ്‍സെപ്റ്റിലേക്ക് വളരെ വേഗം തന്നെ ചിത്രം കാണികളെ കൊണ്ടുപോകുന്നു. വിവിധ സ്‌പൈഡര്‍മാന്‍ ചിത്രങ്ങളിലെ വില്ലന്‍മാരായ ഡോക്ടര്‍ ഒക്ടോപസ്, ഗ്രീന്‍ ഗോബ്ലിന്‍, ഇലെകട്രോ, ലിസാര്‍ഡ്, സാന്റ്മാന്‍ എന്നിവര്‍ കൂടി എത്തുന്നതോടെ ചിത്രം തിയേറ്ററില്‍ ഉത്സവമാകുന്ന കാഴ്ചയാണ് കാണാനാകുക.
സ്‌പൈഡര്‍മാന്‍: ഹോംകമിംഗ് (2017), സ്‌പൈഡര്‍മാന്‍: ഫാര്‍ ഫ്രം ഹോം (2019) എന്നിവയ്ക്ക് ശേഷം ജോണ്‍ വാട്ട്സ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സ്പൈഡര്‍മാന്‍ സിനിമയാണ് 'സ്‌പൈഡര്‍മാന്‍: നോ വേ ഹോം'. 'ഫാര്‍ ഫ്രം ഹോം' എവിടെ അവസാനിപ്പിച്ചോ അവിടെ നിന്നുമാണ് നോ വേ ഹോം തുടങ്ങുന്നത്. മിസ്റ്റീരിയോ സ്പൈഡര്‍മാന്റെ ഐഡന്റിറ്റി പുറത്തുവിട്ടതോടെ പീറ്റര്‍ പാര്‍ക്കറുടെ (ടോം ഹോളണ്ട്) ജീവിതം ആകെ കുഴഞ്ഞുമറിയുന്നതാണ് സിനിമയുടെ തുടക്കം മുതല്‍ കാണിക്കുന്നത്. പീറ്ററുമായുള്ള ബന്ധം കാരണം അവന്റെ കാമുകി എംജെ (സെന്‍ഡയ), ഉറ്റസുഹൃത്ത് നെഡ് ലീഡ്സ് (ജേക്കബ് ബറ്റാലണ്‍) എന്നിവര്‍ക്ക് അവരുടെ സ്വപ്നമായ എംഐടിയില്‍ പ്രവേശനം ലഭിക്കാതെ വരുമ്പോള്‍ സഹായത്തിനായി ഡോക്ടര്‍ സ്‌ട്രേഞ്ചിനെ പീറ്റര്‍ സമീപിക്കുന്നു. ഇതോടെ നിരണായക വഴിത്തിരിവിലെത്തുന്ന ചിത്രം പിന്നീട് ആരാധകര്‍ക്ക് ദൃശ്യവിരുന്ന് തന്നെയാണ് നല്‍കുന്നത്.
പതിവ് തെറ്റിക്കാതെ എപ്പോഴത്തെയും പോലെ തന്നെ അടുത്ത മാര്‍വല്‍ ചിത്രത്തിന്റെ സൂചനകള്‍ നല്‍കുന്ന ഒരു മിഡ് ക്രഡിറ്റ് സീനും ഒരു പോസ്റ്റ് ക്രെഡിറ്റ് സീനും ഉള്‍പെടുത്തിയിട്ടുണ്ട്.
സ്‌പൈഡര്‍മാനായി എത്തുന്ന ടോം ഹോളണ്ട് മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സ്‌ക്രീന്‍ സ്‌പേസ് കുറവായിരുന്നുവെങ്കിലും ഡോക്ടര്‍ സ്‌ട്രേഞ്ചായി എപ്പോഴത്തെയും പോലെ തന്നെ ബെനഡിക്ട് കംബര്‍ബാച്ച് തകര്‍ത്താടി. പീറ്ററിന്റെ കാമുകി എംജെയായി സെന്‍ഡായയും സുഹൃത്തായ നെഡ് ആയി ജേക്കബ് ബെറ്റാലനും അവരുടെ റോളുകള്‍ ഗംഭീരമാക്കി. ഡോക്ടര്‍ ഒക്ടോപസായി വീണ്ടുമെത്തുന്ന ആല്‍ഫ്രെഡ് മൊളീനയുടെയും ഗോബ്ലിനായെത്തുന്ന വില്യം ഡാഫോയുടെയും പ്രകടനം എടുത്തു പറയേണ്ടതാണ്. സ്‌പൈഡര്‍മാന്‍ സിനിമാ പരമ്പരയിലെ ഐകോണിക് വില്ലന്‍ കഥാപാത്രങ്ങള്‍ ഇരുവരും ഗംഭീരമായി തന്നെ ചെയ്തു.
എത്ര പ്രതീക്ഷകള്‍വെച്ചുകൊണ്ട് തീയേറ്ററുകളിലെത്തിയാലും നോ വേ ഹോം ആരാധകരെ നിരാശപ്പെടുത്തില്ല എന്നുള്ളത് ഉറപ്പാണ്. മറ്റ് രണ്ടു സ്‌പൈഡര്‍മാന്‍ ചിത്രങ്ങളെക്കാള്‍ മികച്ചതെന്ന് മാത്രമല്ല മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയില്‍'സ്‌പൈഡര്‍മാന്‍ നോ വേ ഹോം' ഉണ്ടായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
Content Highlights: spiderman no way home review; tom holland, hohn watts
Content Highlights: