Revolver Rinko Review | ഫീൽഗുഡ് ഫാമിലി എന്റർടെയ്നർ; ഹൃദയത്തിൽതൊടുന്ന 'റിവോൾവർ റിങ്കോ'

കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ ഹൃദ്യമായ കഥ പറയുന്ന ചിത്രം. ഹൃദയഹാരിയായ മുഹൂർത്തങ്ങൾകൊണ്ട് പ്രേക്ഷകന്റെ ഉള്ളുതൊടുകയാണ് വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി കിരൺ നാരായണൻ സംവിധാനംചെയ്ത 'റിവോൾവർ റിങ്കോ'. കുടുംബസമേതം കണ്ടിരിക്കാവുന്ന ഫാമിലി എന്റർടെയ്നറാണിത്.
താരക പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുകൂട്ടം നിർമാതാക്കൾ ചേർന്ന് നിർമിച്ച ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് സംവിധായകൻ കിരൺ നാരായണൻ തന്നെയാണ്. വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം ബിനു ശശിറാം, വിജിലേഷ് കാരയാട്, സാജു നവോദയ, ലാലു അലക്സ് എന്നിവൾ ഉൾപ്പെടെ ഒട്ടേറെ താരങ്ങളിൽ പ്രധാനവേഷങ്ങളിലുണ്ട്. മാളികപ്പുറം, സുമതി വളവ് ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ശ്രീപഥ് യാൻ, ഇടിയൻ ചന്തുവിൽ പ്രധാനവേഷത്തിലെത്തിയ ധ്യാൻ നിരഞ്ജൻ, ആദിശേഷ്, വിസാദ്, ആവണി തുടങ്ങിയ ബാലതാരങ്ങളും ചിത്രത്തിലുടനീളമുണ്ട്.
സിനിമാമോഹവുമായി നടക്കുന്ന നാട്ടിൻപുറത്തുകാരനായ പ്രിയേഷ് എന്ന കഥാപാത്രത്തെയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്നത്. വിഷ്ണുവിന്റെ അനിയത്തിയുടെ വേഷത്തിൽ അഞ്ജലി നായർ എത്തുന്നു. അനിയത്തിയുടെ മകനായാണ് ശ്രീപഥ് അവതരിപ്പിക്കുന്ന കഥാപാത്രമെത്തുന്നത്. ശ്രീപഥിന്റെ സുഹൃത്തായ ഇയാൻ എന്ന കഥാപാത്രമായാണ് ആദിശേഷ് ചിത്രത്തിലുള്ളത്. ഇയാന്റെ ജീവിതത്തിലുണ്ടായ ഒരു ദുരന്തം അവനെ അന്തർമുഖനാക്കുന്നു. സൂപ്പർഹീറോ കഥാപാത്രങ്ങളെ ഏറെ ഇഷ്ടമുള്ള ഇയാന്, മലയാളത്തിലെ ഒരു സൂപ്പർഹീറോ ചിത്രവുമായി വൈകാരിക ബന്ധവുമുണ്ട്. അവനെ സാധാരണജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രീപഥിന്റെ കഥാപാത്രം ഒരു വഴി കണ്ടെത്തുന്നു.
കൂട്ടുകാർ ചേർന്ന് ഒരു സൂപ്പർഹീറോ സിനിമ നിർമിക്കാനാണ് പദ്ധതി. ഇതിന് വിഷണുവിന്റെ കഥാപാത്രത്തിന്റെ സഹായംതേടാൻ കുട്ടിക്കൂട്ടം തീരുമാനിക്കുന്നു. ഇയാന് ഇഷ്ടപ്പെട്ട സിനിമയുടെ ഫാൻ മെയ്ഡ് വേർഷൻ ഉണ്ടാക്കാനാണ് പദ്ധതി. അത് ഏറ്റെടുക്കാൻ പ്രിയേഷ് നിർബന്ധിതനാകുന്നു. തുടർന്ന് പ്രിയേഷിന്റെ ജീവിതത്തിൽ നടക്കുന്ന നാടകീയ സംഭവങ്ങളാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്.
രണ്ടുമണിക്കൂർ നാലുമിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ഒരേ ഒഴുക്കോടെ പലതരം ഇമോഷനുകളുടെ കയറ്റിറക്കം ചിത്രത്തിൽ കാണാം. അത് മനോഹരമായി അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. കോഴിക്കോട് കുന്ദമംഗലം, മുക്കം ഭാഗങ്ങളിലായിട്ടായിരുന്നു ചിത്രീകരണം. ഇവിടുത്തെ ഗ്രാമഭംഗി ഒപ്പിയെടുക്കുന്ന, കഥയ്ക്കൊപ്പം സഞ്ചരിക്കുന്ന ഫ്രെയ്മുകളാണ് ഛായാഗ്രാഹകൻ ഫൈസൽ അലിയുടേത്. ഒട്ടുംമുഷിപ്പിക്കാതെ ചിത്രത്തിനൊപ്പം തന്നെ പ്രേക്ഷകനെ പിടിച്ചിരുത്തന്നതിൽ ചിത്രസംയോജകൻ അയൂബ് ഖാന്റെ പങ്ക് പ്രശംസനീയാണ്. രഞ്ജിൻ രാജിന്റേതാണ് ഗാനങ്ങളും പശ്ചാത്തലസംഗീതവും. മിതമായി, കോലാഹലങ്ങളില്ലാതെ ചിത്രത്തിനൊപ്പം ഒഴുകുന്നതാണ് ഗാനങ്ങളും സംഗീതവും. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾ പതിവുപോലെ ഹൃദ്യമാണ്. അരുൺ കൃഷ്ണ (കലാസംവിധാനം), ബൈജു ശശികല (മേക്കപ്പ്), സുജിത്ത് മട്ടന്നൂർ (വസ്ത്രാലങ്കാരം), ഫീനിക്സ് പ്രഭു (സംഘട്ടനം), ബിനു ശിവറാം, എ.ബി. ജൂബിൻ, അഭിരാം യു.ബി. (ശബ്ദവിഭാഗം) എന്നിവരും തങ്ങളുടെ ഭാഗം ഭംഗിയായി തന്നെ നിർവഹിച്ചിരിക്കുന്നു.
പ്രധാനകഥാപാത്രങ്ങൾക്കൊപ്പം തന്നെ ഒട്ടേറെ ചെറുകഥാപാത്രങ്ങളും ചിത്രത്തിലുണ്ട്. ദൈർഘ്യം കുറവുള്ള വേഷങ്ങളിൽ വന്നുപോകുന്ന അഭിനേതാക്കൾപ്പോലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കോഴിക്കോടൻ ഭാഷാഭേദം അവതരിപ്പിക്കാനുള്ള വിഷ്ണു ഉണ്ണികൃഷ്ണന്റെ ശ്രമം വിജയിച്ചിട്ടുണ്ട്. ലാലു അലക്സിന്റെ കഥാപാത്രം ഓരോ തവണയും തീയേറ്ററിൽ ചിരി പടർത്തുന്നു. വിഷ്ണുവിനൊപ്പം ഉടനീളമുള്ള ബിനു ശശിറാമിന്റെ പ്രകടനവും മികച്ചതാണ്. നൂഹ് എന്ന ക്യാമറാമാനായെത്തിയ വിജിലേഷ് കാരയാട്, സാജു നവോദയ, സഞ്ജു ശിവറാം, മെറീന മൈക്കിൾ, ഷൈനി സാറ, അഞ്ജലി നായർ, അൻഷാ മോഹൻ, ശ്രീപഥ്, ആദിശേഷ്, ധ്യാൻ, വിസാദ്, ആവണി, അനീഷ് ജി. മേനോൻ, ആദിനാട് ശശി, വിജയൻ കാരന്തൂർ തുടങ്ങി എല്ലാവരും തങ്ങളുടെ ഭാഗം മികച്ചതായി അവതരിപ്പിച്ചിട്ടുണ്ട്.
സിപിംളായ കഥാതന്തു. രേഖീയമായ കഥപറച്ചിൽ. അതിനിടയിൽ വന്നുപോകുന്ന കുഞ്ഞുകുഞ്ഞ സംഘർഷങ്ങൾ. അതിനെ വിജയകരമായ മറികടക്കുന്ന നായകനും കുട്ടിക്കൂട്ടവും. അവധിക്കാലത്ത് കുട്ടികളുമായി കുടുംബസമേതം കാണാവുന്ന നല്ലൊരു ഫീൽഗുഡ് ഫാമിലി എന്റർടെയ്നറാണ് 'റിവോൾവർ റിങ്കോ'.
Content Highlights: A heartwarming feel-good family entertainer set in the scenic backdrop of Kozhikode. Features a stellar cast including Vishnu Unnikrishnan, Binu Shriram, and Lalu Alex. The plot revolves around a group of children and an aspiring filmmaker creating a fan-made superhero movie. Directed by Kiran Narayanan, the film offers a clean, U-certified experience for all ages. Notable technical excellence in cinematography by Faisal Ali and music by Ranjin Raj