Law and Order Review | തിയേറ്റർ പൂരപ്പറമ്പാക്കിയ കാമിയോ; തൂഫാനടിച്ച് രഞ്ജിത്തിന്റെ ‘ലോ ആൻഡ് ഓർഡർ’

‘രാവണപ്രഭു’വും ‘ബ്ലാക്കും’ മുതൽ ‘ലോഹ’വും ‘പുത്തൻപണ’വും വരെ, മലയാളത്തിന്റെ സൂപ്പർതാരങ്ങൾക്ക് അവരുടെ കരിയറിലെ പ്രധാന ചിത്രങ്ങൾ നൽകിയ സംവിധായകനാണ് രഞ്ജിത്ത്. സംവിധായകന്റേതായി ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ മുഴുനീള ചിത്രം മോഹൻലാലിന്റെ ‘ഡ്രാമ’യാണ്. എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം, പ്രധാനവേഷത്തിൽ വൻതാരങ്ങളൊന്നുമില്ലാതെ രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ലോ ആൻഡ് ഓർഡർ’, അദ്ദേഹത്തിന്റെ തന്നെ മുൻചിത്രങ്ങളോളമില്ലെങ്കിലും മികച്ച തിയേറ്റർ അനുഭവമാണ്.
സത്യം സിനിമാസ്, മഹാസുബൈർ മൂവി ക്ഷേത്ര എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ എ.ജിയും മഹാസുബൈറും നിർമിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ്കൃഷ്ണയാണ്. പ്രകാശ് വർമ നായകനായ ‘ലോ ആൻഡ് ഓർഡറി’ൽ അഭിരാമിയാണ് നായിക. ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷാ ഷെരീഫ്, ബോബി കുര്യൻ, വി.കെ. പ്രകാശ്, ദേവൻ, ആനന്ദ് മന്മഥൻ, ഭീമൻ രഘു, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ജോണി ആന്റണി, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, സാബുമോൻ, നന്ദു ഉൾപ്പെടെ ഒട്ടേറെ താരങ്ങൾ വേഷമിടുന്നു. ഇതിന് പുറമേ, രഞ്ജിത്തിന്റെ തന്നെ ‘ബ്ലാക്കി’ലെ കാരിക്കാമുറി ഷണ്മുഖൻ എന്ന ഐക്കോണിക് കഥാപാത്രമായി മമ്മൂട്ടി വീണ്ടുമെത്തുന്നു. ഷണ്മുഖന്റെ വലംകൈയായ മമ്മാലിയായി മോഹൻ ജോസുമുണ്ട്. തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും ഒരു ചെറിയ വേഷത്തിൽ ചിത്രത്തിലുണ്ട്.
ഡിവൈ.എസ്.പി. ബാലഗോപാൽ എന്ന വേഷത്തിലാണ് പ്രകാശ് വർമ ചിത്രത്തിലെത്തുന്നത്. സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥനായ ബാലഗോപാലിന്റെ ജീവിതത്തിൽ, അയാൾ അത്രയും കാലം പിന്തുടർന്നുപോന്ന മൂല്യങ്ങൾക്ക് എതിരായ ഒരു സംഭവം നടക്കുന്നു. തന്റെ ജീവിതം ഏറ്റവും മോശം അവസ്ഥയിലെത്തിച്ചവരോട് എതിരിടാൻ ബാലഗോപാൽ തീരുമാനിക്കുന്നു. അവിടെയും അയാൾക്ക് നഷ്ടങ്ങളുണ്ടെങ്കിലും ഒരുകൂട്ടം യുവപോലീസുകാരുടെയും കാരിക്കാമുറി ഷണ്മുഖന്റെയും സഹായത്തോടെ, തന്റെയും സമൂഹത്തിന്റെയും ജീവിതം ദുരിതപൂർണമാക്കിയവർക്കെതിരെ ബാലഗോപാൽ നടത്തുന്ന പോരാട്ടമാണ് ‘ലോ ആൻഡ് ഓർഡർ’.
സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നിനെ ചിത്രം തുറന്നുകാട്ടുന്നുണ്ട്. തുനിഞ്ഞിറങ്ങിയാൽ അതിനെ തുരത്താൻ പോലീസിനാവുമെന്നും ചിത്രം കാണിച്ചു തരുന്നു. ഈ യാഥാർഥ്യത്തിലേക്ക് കലാപരമായ നാടകീയതകൾ കൂട്ടിച്ചേർക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തും. ആ പശ്ചാത്തലത്തിലേക്ക് ‘ബ്ലാക്കി’ലെ ‘അമ്പലക്കരെ തെച്ചിക്കാവില് പൂരം’ എന്ന പാട്ടിന്റെ അകമ്പടിയോടെ കാരിക്കാമുറി ഷണ്മുഖനും എത്തുന്നതോടെ തിയേറ്റർ പൂരപ്പറമ്പാവുന്നു. ചിത്രത്തിന്റെ തുടക്കത്തിൽ ഷണ്മുഖനെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ തന്നെ തിയേറ്റർ ആ ഉത്സവാന്തരീക്ഷത്തിലേക്ക് എത്തുന്നുണ്ട്. ഇതിന് പുറമേ ക്ലൈമാക്‌സിനോട് അടുത്ത് ഷണ്മുഖൻ സ്റ്റൈലിഷ് ലുക്കിൽ എൻട്രി നടത്തുമ്പോൾ, പ്രേക്ഷകർ ആകെ ആവേശത്തിലാകുന്നു.
ഉദയ് കൃഷ്ണയുടെ തിരക്കഥ പതിവ് ഫോർമുലകളിൽ ഉള്ളതാണ്. ചില ഡയലോഗുകൾ പ്രതീക്ഷിതവും കേട്ടുമറന്നതുമാണ്. എന്നാൽ, ഒരു മാസ് എന്റർടെയ്‌നറിന് വേണ്ടതെല്ലാം തിരക്കഥയിലുണ്ട്. അത് ഭേദപ്പെട്ട നിലയിൽ രഞ്ജിത്ത് സ്‌ക്രീനിലേക്ക് പകർത്തിവെക്കുന്നു. ഛായാഗ്രാഹകൻ പ്രശാന്ത് രവീന്ദ്രനും ചിത്രസംയോജകൻ മനോജ് കണ്ണോത്തും അവരുടെ ഭാഗം ഭംഗിയാക്കുന്നു. ബിജിബാലിന്റെ പശ്ചാത്തലസംഗീതം ചിത്രത്തിന്റെ മാസ് സ്വഭാവത്തെ നിലനിർത്തുന്നതാണ്. സ്വയം പുതുക്കിയ ബിജിബാലിന്റെ മറ്റൊരു മികച്ച പരിചരണമാണ് 'ലോ ആൻഡ് ഓർഡറി'ൽ കാണാൻ കഴിയുന്നത്. 'അമ്പലക്കരെ തെച്ചിക്കാവില് പൂരം’ എന്ന ഗാനത്തെ പരിഷ്‌കരിച്ചെടുത്ത് മികച്ച രീതിയിലാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ ആണ് സംഗീതം നൽകിയിരിക്കുന്നത്. ഗാനങ്ങളെല്ലാം സന്ദർഭങ്ങളോട് അടുത്തുനിൽക്കുന്നതാണ്.
കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടിയുടെ തിരിച്ചുവരവ് ആരാധകർക്ക് ആഘോഷിക്കാനുള്ള വക നൽകുന്നുണ്ട്. ബാലഗോപാൽ എന്ന സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥനായി പ്രകാശ് വർമയുടെ വേഷപ്പകർച്ച മികച്ചതാണ്. 'തുടരും' സിനിമയിലെ ജോർജ് സാർ എന്ന പോലീസ് ഉദ്യോഗസ്ഥനിൽനിന്ന് തികച്ചും വ്യത്യസ്തനാണ് 'ലോ ആൻഡ് ഓർഡറി'ലെ ബാലഗോപാൽ. അഡ്വ. വേണി എന്ന കഥാപാത്രത്തെ അഭിരാമി മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. എസ്.ഐമാരായെത്തിയ ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ എന്നിവർ സൗഹൃദംകൊണ്ടാടുന്ന, തുടക്കക്കാരുടെ ആവേശം കാണിക്കുന്ന, കഥാപാത്രങ്ങളായി ചിത്രത്തിൽ സ്വയം മാറുന്നു.
പ്രഹ്ലാദ് പരേഖ് അഥവാ പച്ച എന്ന വില്ലൻ കഥാപാത്രമായാണ് ഷേർഷാ ഷെരീഫ് വേഷമിടുന്നത്. കഥാപാത്രത്തിന് ആവശ്യമായ വില്ലനിസവും സ്വാഗും ഷേർഷയുടെ ശരീരഭാഷയിലും പ്രകടനത്തിലുമുണ്ട്. ‘ബ്ലാക്കി’ൽ ലാലിന്റെ കാർലോസ് പടവീടൻ എന്ന കഥാപാത്രത്തിന്റെ പരമ്പരയിൽനിന്നുള്ള ഡെന്നി പടവീടനായി ബോബി കുര്യൻ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. വി.കെ. പ്രകാശ്, ദേവൻ, ആനന്ദ് മന്മഥൻ, ഭീമൻ രഘു, സുരേഷ് കൃഷ്ണ എന്നിവർ അനായാസേന അവരുടെ വേഷങ്ങൾ ചെയ്തുവെക്കുന്നു.
പ്രമേയത്തിലോ പരിചരണത്തിലോ കാര്യമായ പുതുമ അവകാശപ്പെടാനില്ലാത്ത സിനിമയാണ് ‘ലോ ആൻഡ് ഓർഡർ’. എന്നാൽ, ഒരു സിനിമയിൽ പ്രേക്ഷകനാഗ്രഹിക്കുന്ന ചേരുവകളെല്ലാം ചിത്രത്തിലുണ്ട്. വൈകാരികതയുണ്ട്, നിസ്സഹായതയിൽനിന്ന് ഉയർത്തെഴുന്നേൽക്കുന്ന നായകനുണ്ട്, അയാളുടെ പ്രതികാരമുണ്ട്, അതിനിടയിൽ അയാൾക്ക് നേരിടേണ്ടിവരുന്ന തിരിച്ചടികളുണ്ട്. ഇവയെല്ലാം ഒരു മാസ് സിനിമയ്ക്ക് ആവശ്യമായ അളവിൽ ചേർത്ത് മികച്ച തിയേറ്റർ അനുഭവം സമ്മാനിക്കുന്ന ചിത്രമാണ് 'ലോ ആൻഡ് ഓർഡർ'.
Content Highlights: Director Ranjith returns with the action entertainer 'Law and Order' after a long gap. Features Prakash Varma in the lead role of DYSP Balagopal alongside Abhirami. Mammootty makes a massive mass cameo, reprising his iconic character Karikkamuri Shanmughan from 'Black'. Scripted by Udaykrishna, the film offers a commercial theatrical experience with strong action beats. Features background music by Bijibal, including a refreshed version of the classic 'Ambalakkare' track.