അടിയും ഇടിയുമല്ല, അതിനപ്പുറമാണ് 'ജിഗർതണ്ടാ ഡബിൾ എക്സ്' | REVIEW

കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ 2014-ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ജിഗർതണ്ടാ'. കുപ്രസിദ്ധ ഗ്യാങ്സ്റ്ററായ സേതുവിന്റെ ജീവിതം കണ്ടുപഠിച്ച് സിനിമയെടുക്കാൻ കാർത്തിക് എന്ന യുവസംവിധായകൻ മധുരയിലെത്തതുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവികാസങ്ങളുമായിരുന്നു സിനിമയുടെ പ്രമേയം. ഒൻപത് വർഷങ്ങൾക്കിപ്പുറം 'ജിഗർതണ്ടാ ഡബിൾ എക്സു'മായി കാർത്തിക് സുബ്ബരാജ് വീണ്ടുമെത്തിയപ്പോൾ പ്രതീക്ഷകൾ തെറ്റിയില്ല. അടിയും ഇടിയും ആക്ഷനും മാത്രമല്ല, തന്റെ എല്ലാ സിനിമകളേയും പോലെ ശക്തമായ രാഷ്ട്രീയവും 'ജിഗർതണ്ടാ ഡബിൾ എക്സ്' മുന്നോട്ട് വെക്കുന്നു.
1970 കളാണ് സിനിമയുടെ കഥാപശ്ചാത്തലം. എസ്. ജെ സൂര്യ അവതരിപ്പിക്കുന്ന കീരുബായി എന്ന കഥാപാത്രത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. അക്രമം ഇഷ്ടപ്പെടാത്ത, ചോര കണ്ടാൽ ബോധം നഷ്ടപ്പെടുന്ന കീരുബായി തന്റെ അച്ഛന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടി പോലീസ് ടെസ്റ്റ് പാസായി ജോലിയിൽ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ കാമുകിയെ കാണാനായി കോളേജിലെത്തിയ അവസരത്തിൽ കീരുബായിയുടെ ജീവിതം കീഴ്മേൽ മറിയുന്ന ഒരു സംഭവം അരങ്ങേറുന്നു. അതിന്റെ തുടർച്ചയെന്നോണമാണ് മധുരയിലെ കുപ്രസിദ്ധ ഗാങ്സ്റ്റർ അലിയസ് സീസറിന്റെ (രാഘവ ലോറൻസ്) അടുത്ത് എത്തിപ്പെടുന്നത്. ആനക്കൊമ്പ് കടത്തലാണ് സീസറിന്റെ പ്രധാന വരുമാനം. ആനകളുമായി കടുത്ത ശത്രുതയുണ്ടാകാൻ കാരണമായ ഒരു ഭൂതകാലവും സീസറിനുണ്ട്.
ക്ലിന്റ് ഈസ്റ്റ്വുഡിന്റെ കടുത്ത ആരാധകനാണ് സീസർ. വർഷങ്ങളായി തന്റെ തീയേറ്ററിൽ ഈസ്റ്റ്വുഡിന്റെ 'ഗുഡ് ബാഡ് ആന്റ് അഗ്ലി' എന്ന ചിത്രം മാത്രമാണ് തനിക്കും സംഘത്തിനും വേണ്ടി അലിയസ് സീസർ പ്രദർശിപ്പിക്കുന്നത്. ഒരു ദിവസം സീസറിന് വലിയ ആഗ്രഹം തോന്നുന്നു. തനിക്ക് ഹീറോ ആകണം. തമിഴ് സിനിമയിലെ ആദ്യ കറുപ്പ് ഹീറോ. കേട്ടു നിന്നവരിൽ ചിലർ പരിഹസിക്കുമ്പോൾ സീസറിന് വാശിയേറുകയാണ്. അതിന്റെ തുടർച്ചയെന്നോണം ഒരു സംവിധായകനെ തേടി പത്രത്തിൽ പരസ്യം കൊടുക്കുന്നു. അങ്ങനെയാണ് റേ ദാസ് എന്ന വ്യാജപ്പേരിൽ കീരുബായി സീസറിന് അരികിലെത്തുന്നത്. പക്ഷേ സിനിമയെടുക്കലല്ല കീരുബായിയുടെ ഉദ്ദേശ്യം. തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളും അതിലേറെ ഗൗരവകരമായ വിഷയങ്ങളുമാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത്. ഒരു വ്യക്തിയല്ല, പദവിക്ക് വേണ്ടി ആദിവാസികളെ ചൂഷണത്തിനരയാക്കുന്ന ഭരണസംവിധാനമാണ് ഈ സിനിമയിലെ പ്രധാന വില്ലൻ.
കാർത്തിക് സുബ്ബരാജിന്റെ തിരക്കഥയും മേക്കിങ്ങുമാണ് ഈ സിനിമയുടെ നട്ടെല്ല്. സംഗീത സംവിധായകൻ സന്തോഷ് നാരായണനും പ്രൊഡക്ഷൻ ഡിസെെൻ, കലാസംവിധാന വിഭാഗവും പ്രത്യേക പരാമർശം അർഹിക്കുന്നു. അഭിനേതാക്കളുടെ അസാമാന്യ പ്രകടനമാണ് ഈ സിനിമയെ കൂടുതൽ മനോഹരമാക്കുന്നത്. എസ്. ജെ സൂര്യ, രാഘവ ലോറൻസ് എന്നിവർക്കൊപ്പം നിമിഷ സജയന്റെ മലയരസി എന്ന കഥാപാത്രവും കയ്യടി അർഹിക്കുന്നു. രാഷ്രീയക്കാരൻ കൂടിയായ തമിഴ് സിനിമയിലെ സൂപ്പർതാരത്തെയാണ് ഷെെൻ ടോം ചാക്കോ അവതരിപ്പിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയായ ചിന്താമണി എന്ന കഥാപാത്രത്തെ അവതരിപ്പിരിച്ച പ്രശസ്ത കൂടിയാട്ടം കലാകാരി കപില വേണുവിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. വിഷ്ണു ഗോവിന്ദ്, അരവിന്ദ്, അഷ്റഫ് മല്ലിശേരി, ഇളവരസ്, വിധു, സഞ്ജന നടരാജൻ, രാധാകൃഷ്ണൻ, സുജാത തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlights: raghava lawrence sj surya in karthik subbaraj movie jigarthanda doublex review