Pennu case Movie Review | ഒരു പെണ്ണും കുറേ ഭർത്താക്കന്മാരും; വേറിട്ട പെണ്ണുകേസിൽ നിറഞ്ഞാടി നിഖില

കല്യാണത്തിൽ തുടങ്ങി കല്യാണത്തിൽ അവസാനിക്കുന്ന ഒരു സിനിമ. നവാഗതനായ ഫെബിൻ സിദ്ധാർഥിന്റെ സംവിധാനത്തിലൊരുങ്ങിയ പെണ്ണ് കേസ് വ്യത്യസ്തമായൊരു ദൃശ്യാനുഭവമാണ് കാഴ്ചക്കാർക്ക് നൽകുന്നത്. വിഎഫ്എക്സും ഭീകരമായ സംഘട്ടന രംഗങ്ങളുമില്ലാതെ പ്രേക്ഷകർക്ക് ആശ്വാസം പകരാനെത്തുന്ന സിനിമകളിൽ ഒന്നായി പെണ്ണ് കേസിനേയും ഉൾപ്പെടുത്താം. നിഖില വിമൽ എന്ന നായികയ്ക്ക് സ്വതസിദ്ധമായ വേഷങ്ങളിൽ നിന്ന് മറ്റൊരു തലത്തിലേക്ക് സഞ്ചരിക്കാൻ ഈ സിനിമയിലൂടെ സാധിക്കുന്നു. ക്ലീൻ കോമഡി എന്റർടെയ്നറാണെങ്കിലും ക്ലൈമാക്സിൽ പ്രേക്ഷകർക്ക് ആവശ്യമായ സസ്പെൻസ് ഒരുക്കിവെക്കാൻ ഫെബിൻ മറന്നിട്ടില്ല.
നായികാപ്രാധാന്യമുള്ള ചിത്രത്തിലെ പ്രധാന കഥാപാത്രത്തിനെ ‘ഒരു’ പേരിട്ട് വിളിക്കുക ഇവിടെ വളരെ പ്രയാസമുള്ള കാര്യമാണ്. ബിന്ദു, ദുർഗ, സൂസൻ, രോഹിണി എന്നിങ്ങനെ പല പേരുകളിലാണ് നിഖിലയുടെ കഥാപാത്രം അറിയപ്പെടുന്നത്. പോലീസ് വേഷത്തിലെത്തുന്ന ഹക്കീം ഷാജഹാനും വഞ്ചിതരായ ഭർത്താക്കന്മാരായെത്തുന്ന രമേശ് പിഷാരടി, അജു വർഗീസ്, ഇർഷാദ് അലി, അഖിൽ കവലയൂർ, ഹരി പത്തനാപുരം എന്നിവരും നർമ്മമുഹൂർത്തങ്ങൾ സമ്മാനിക്കുന്നു. സമൂഹത്തിൽ സാധാരണയായി കണ്ടുവരുന്ന ചില കാഴ്ചപ്പാടുകളെക്കുറിച്ച് തിരിച്ച് ചിന്തിപ്പിക്കുക കൂടിയാണ് പെണ്ണ് കേസ്. പ്രേക്ഷകരെ രസിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ തുടക്കം മുതൽ ഒടുക്കം വരെ തമാശകൾ ഉൾപ്പെടുത്താൻ ഇവിടെ ശ്രമിച്ചിട്ടുണ്ട്.
വളരെ കാലത്തെ അന്വേഷത്തിന് ശേഷം തന്റെ ‘ട്രൂ ലവ്’ കണ്ടെത്തി വിവാഹം ശരിയാകുന്ന സുഭാഷ് പീച്ചേരി എന്ന ചെറുപ്പക്കാരന്റെ കല്യാണവീട്ടിൽ അത് മുടക്കാൻ വരുന്ന ഒരു കൂട്ടം ‘കലാപകാരി’കളിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. ഇവരുണ്ടാക്കുന്ന ബഹളത്തിൽ ഒരു നിമിഷം കൊണ്ട് കല്യാണവീട് കലാപവീടായി മാറുന്നു. തങ്ങളെ മുഴുവൻ വഞ്ചിച്ച് പോയ ‘വധു’വിനെ കണ്ടത്താനുള്ള അവരുടെ യാത്ര അവസാനിക്കുന്നത് പോലീസ് സ്റ്റേഷനിലാണ്. വളരെ വിചിത്രമായ ഈ കേസിനെ ആസ്പദമാക്കി പോലീസ് നടത്തുന്ന അന്വേഷണവും അതിനിടയിൽ ഉണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
തമാശകളും സസ്പെൻസുകളും ഉണ്ടെങ്കിലും കേവലം ഭാവനയിൽ മാത്രം വിരിഞ്ഞ ഒരു കെട്ടുകഥയായി ഈ സിനിമയെ തള്ളിക്കളയാൻ സാധിക്കില്ല. പലപ്പോഴായി പലസ്ഥലങ്ങളിൽ നിന്നും വാർത്തകളിൽ നിറഞ്ഞ കാര്യങ്ങളാണ് പെണ്ണ് കേസിലൂടെ മുന്നോട്ട് പോകുന്നത്. സിനിമയുടെ ആദ്യ പകുതിയിൽ കഥയുടെ പശ്ചാത്തലം ഒരുക്കാൻ കുറച്ച് സമയം എടുക്കുന്നുണ്ട്. എന്നിരുന്നാലും അവസാന പകുതിയിൽ വളരെ വേഗത്തിൽ കഥയുടെ ചുരുളുകളഴിയുന്നു.
സിനിമാപ്രേമികളുടെ മനസ്സിൽ പ്രതിഷ്ഠിച്ചിരിക്കുന്ന നിഖിലയിൽ നിന്ന് വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ഈ സിനിമയിൽ കാണാൻ സാധിക്കും. കഥാപാത്രം ആവശ്യപ്പെടുന്ന ദുരൂഹത നിലനിർത്താൻ നിഖിലയ്ക്ക് തുടക്കം സാധിച്ചു എന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു. മലയാള സിനിമയിൽ ഇത്തരമൊരു നായികാവേഷം ഉണ്ടായിട്ടുണ്ടാവില്ല എന്നതും പെണ്ണ് കേസിനെ വ്യത്യസ്തമാക്കുന്നു. ഹക്കീം ഷാജഹാന്റെ ആത്മാർഥത കുറച്ചധികമായ പോലീസ് വേഷവും ശ്രദ്ധിക്കപ്പെടുന്നുണ്ട്.
ആക്ഷൻ ഹീറോ ബിജു എന്ന സിനിമയ്ക്ക് ശേഷം ആളുകളുടെ മനസ്സിൽ തങ്ങിനിൽക്കാൻ സാധ്യതയുള്ള ഒരു പോലീസ് സ്റ്റേഷൻ കൂടി ചിത്രത്തിൽ ജീവൻവെക്കുന്നു. രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർഥും കൂടിയാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഇ4 എക്സ്പിരമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത, ഉമേഷ് കെ ആർ, രാജേഷ് കൃഷ്ണ, സിവി സാരധി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കഥയുടെ വികാസത്തിനനുസൃതമായി അങ്കിത് മേനോൻ ഒരുക്കിയ പശ്ചാത്തല സംഗീതവും അനുയോജ്യമാണ്.
വാർപ്പുമാതൃകകളെ ഉടച്ചുവാർക്കുന്ന തിരക്കിലാണ് മലയാള സിനിമ എന്ന് ലോകയുടെ വരവോടെ തന്നെ മനസ്സിലാക്കിയതാണ്. എന്നാൽ, ആക്ഷൻ ത്രില്ലറുകളും ഹൊറർ- ഫാന്റസി ചിത്രങ്ങളിൽ നിന്നും മാറി സാധാരണക്കാരുടെ ഇടയിൽ നിന്ന് കാണാൻ സാധിക്കുന്ന വ്യത്യസ്തമായ ചിത്രമാണ് പെണ്ണ് കേസ്.
Content Highlights: Experience `Pennu Case`, a unique comedy entertainer starring Nikhila Vimal. Discover a fresh narrative with humor and suspense.