പൂര്‍ണിമയുടെ മിന്നുന്ന പ്രകടനം; നര്‍മവും സസ്‌പെന്‍സും ഒത്തുചേര്‍ന്ന ഒരു കട്ടില്‍ ഒരു മുറി | REVIEW

രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത ഒരു കട്ടില്‍ ഒരു മുറി, അവസാനം വരെ സസ്പന്‍സ് നിലനിര്‍ത്തിക്കൊണ്ട് നര്‍മത്തിന്റെ മേമ്പോടിയോടെ ആഴമുള്ള പ്രണയത്തിന്റെയും ആത്മാര്‍ഥമായ ബന്ധങ്ങളുടെയും കഥ പറയുന്നു. കട്ടിലും കാറും പോലും കഥാപാത്രങ്ങളാകുന്ന ഈ സിനിമ ഒരു ചെറുകഥ പോലെ സുന്ദരമാണ്.
മാലാഖയുടെ ഖല്‍ബുള്ള ഒരു സ്ത്രീയാണ് അക്കമ്മ അഥവാ ത്രിപുരസുന്ദരി. അവര്‍ക്ക് ഒരു ഒറ്റമുറി ഫ്ളാറ്റുണ്ട്. അതിലുള്ള ഭംഗിയുള്ള കട്ടില്‍ അവരുടെ ജീവനാണ്. ഏഴ് മാസവും ഒന്‍പതും നാളും ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട പുരുഷന്‍ കൊടുത്ത സമ്മാനമാണ് അത്. അയാളുടെ ഓര്‍മകളിലാണ് അവര്‍ ജീവിക്കുന്നത്. നഗരത്തില്‍ ജോലി തേടിവരുന്ന മധുമിയ എന്ന പാരിജാതം ഈ ഒറ്റമുറിവീട്ടിലെ താമസക്കാരിയാണ്. പലതരം പ്രശ്നങ്ങളാല്‍ ഓടിക്കൊണ്ടേയിരിക്കുന്ന രുഗ്മാംഗദന്‍ ഇതേ നഗരത്തിലേക്ക് വന്നതിന് ഒരു കാരണമുണ്ട്. രാത്രിയില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന അയാള്‍ക്ക്, സദാ പിന്‍തുടരുന്ന ഗുണ്ടകളില്‍ നിന്ന് രക്ഷപെടാനായി പകല്‍ സുരക്ഷിതമായി ഒരു മുറി അത്യാവശ്യമുണ്ട്. രുഗ്മാംഗദനോടുള്ള സ്നേഹം കൊണ്ട് അക്കമ്മ, മധുമിയ താമസിക്കുന്ന മുറി അയാള്‍ക്ക് കൊടുക്കുന്നു. പക്ഷേ പകല്‍ താമസിക്കുന്നത് ഒരു പെണ്‍കുട്ടിയാണെന്ന് മധുമിയയോടും, രാത്രി താമസിക്കുന്നത് ഒരു ഭാര്യയും ഭര്‍ത്താവും ആണെന്ന് രുംഗ്മാംഗദനോടും അവര്‍ പറയുന്നു. ഇവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
പ്രേക്ഷക ശ്രദ്ധ നേടിയ കിസ്മത്തിനും തൊട്ടപ്പനും ശേഷം ഷാനവാസ് കെ. ബാവക്കുട്ടി ഒരുക്കിയ ഈ സിനിമയും പ്രമേയം കൊണ്ടും അവതരണം കൊണ്ടും വേറിട്ടുനില്‍ക്കുന്നു. ഒറ്റപ്പെട്ടുപോയവരുടെ അരക്ഷിതത്വവും ഏകാന്തതയും ഈ ചിത്രം നമുക്ക് കാണിച്ചുതരുന്നുണ്ട്. പ്രധാന കഥാപാത്രങ്ങളുടെ പശ്ചാത്തലം എന്താണ്, യഥാര്‍ഥത്തില്‍ അവര്‍ ആരാണ് എന്ന് പിടിതരാത്ത വിധമാണ് കഥ മുന്നോട്ടു പോകുന്നത്. ശക്തവും സരസവുമാണ് സംഭാഷണങ്ങള്‍.
ഇടവേളയ്ക്കുശേഷം സ്‌ക്രീനില്‍ എത്തുന്ന പൂര്‍ണിമ ഇന്ദ്രജിത്ത് അക്കമ്മയായി മിന്നുന്ന പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹക്കിംഷായും പ്രിയംവദാ കൃഷ്ണനും ഷമ്മി തിലകനും രഘുനാഥ് പലേരിയും മികച്ച അഭിനയം കാഴ്ചവയ്ക്കുന്നു. വിജയരാഘവന്‍, ഗണപതി, ജാഫര്‍ ഇടുക്കി, ജനാര്‍ദ്ദനന്‍, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാര്‍, ഹരിശങ്കര്‍, രാജീവ് വി തോമസ്, ഉണ്ണിരാജാ, ദേവരാജന്‍ കോഴിക്കോട്, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരും തങ്ങളുടെ വേഷം മനോഹരമാക്കി.
അന്‍വര്‍ അലിയും രഘുനാഥ് പലേരിയും രചിച്ച ഗാനങ്ങള്‍ ശ്രദ്ധേയമാണ്. എല്‍ദോസ് ജോര്‍ജാണ് ക്യാമറ. എഡിറ്റിങ് മനോജ് സി.എസ്, കലാസംവിധാനം അരുണ്‍ ജോസ്, സംഗീതം വര്‍ക്കി, അങ്കിത് മേനോന്‍, കോസ്റ്റ്യൂം ഡിസൈന്‍ നിസാര്‍ റഹ്‌മത്ത് എന്നിവര്‍ നിര്‍വഹിച്ചിരിക്കുന്നു. ഉണ്ണി സി, എ കെ രജിലേഷ് എന്നിവരാണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. സപ്ത തരംഗ് ക്രിയേഷന്‍സ് ആന്‍ഡ് വിക്രമാദിത്യന്‍ ഫിലിംസാണ് ഒരു കട്ടില്‍ ഒരു മുറി ചിത്രം നിര്‍മിച്ചിരിക്കുന്നത്. സസ്പെൻസും നർമവും നിറഞ്ഞ നല്ല സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് മസ്റ്റ് വാച്ചാണ് ഒരു കട്ടിൽ ഒരു മുറി.
Content Highlights: oru kattil oru muri direction shanavas k bavakkutty script raghunath paleri film review pushpa m