കൈയടി നേടുന്ന ശ്രീനാഥ് ഭാസി; ധീരമായ പരിശ്രമം, Original ആണ് Orijinal

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജീവിതത്തിൽ പരാജയപ്പെട്ടൊരാൾക്ക് 12 വർഷം പിറകിലേക്ക് തിരികെപ്പോവാൻ അവസരം ലഭിച്ചാൽ അയാൾ എന്തൊക്കെ തിരുത്തും?. ഭൂതകാലത്തിൽ അയാൾ നടത്തുന്ന തിരുത്തലുകൾ ആരെയൊക്കെ ബാധിക്കും? അത് അയാളുടെ ജീവിതത്തെ, കാഴ്ചപ്പാടിനെ, ജീവിതവിജയം എന്ന ആശയത്തെ തന്നെ എങ്ങനെ മാറ്റിമറിക്കും? ടൈം ട്രാവൽ എന്ന ആശയം സാധാരണക്കാരിലുണ്ടാക്കുന്ന ചോദ്യങ്ങളും അതിന് സിനിമാറ്റിക്കായ മറുപടിയും നൽകുന്ന ചിത്രമാണ് 'ഒറിജിനൽ'. പേരുപോലെ ട്രീറ്റ്‌മെന്റുകൊണ്ട് മലയാളത്തിൽ വ്യത്യസ്തമായ പരിശ്രമം.

ശ്രീനാഥ് ഭാസിയെ നായകനാക്കി റമീസ് സംവിധാനം ചെയ്ത 'ഒറിജിനൽ' റിജിന്റെ കഥയാണ്. വർത്തമാനത്തിലെ ദുരവസ്ഥ, കാലത്തിൽ സ്വയം പിന്നോട്ടുപോയി തിരുത്തലുകൾ വരുത്താൻ നിർബന്ധിക്കുന്ന സിനിമാ മോഹിയുടെ കഥ. എന്നാൽ, അയാൾ തിരുത്തൽ നടത്തേണ്ടത് എവിടെയാണ്? വളം വെക്കേണ്ടത് കതിരിലല്ലെന്നത് പോലെ, അയാളിലെ മാറ്റമുണ്ടാവേണ്ടത് വേരുമുതലാണ്. ആ യാഥാർഥ്യം തിരിച്ചറിയാൻ റിജിൻ നടത്തുന്ന പോരാട്ടങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

റിജിൻ യൂസഫ് എന്ന സിനിമാ മോഹിയായാണ് ശ്രീനാഥ് ഭാസി ചിത്രത്തിൽ എത്തുന്നത്. രണ്ടുകാലങ്ങളിലെ ഇരട്ടവേഷമാണ് താരം കൈകാര്യം ചെയ്യുന്നത്. ശ്രീനാഥിന് പുറമെ, അഭിരാം രാധാകൃഷ്ണൻ (തിരക്കഥാകൃത്തായ ഡോ. ആനന്ദ് ഗോപി), രാജേഷ് മാധവൻ(സയന്റിസ്റ്റ് മിഖായേൽ), ബിനു പപ്പു (അവതാരകനായ കുഞ്ചെറിയാൻ ചാക്കോ), ഫെമിന ജോർജ് (ആനന്ദിന്റെ ഭാര്യയായ തൃഷ), ശ്രീകാന്ത് വെട്ടിയാർ (റിജിന്റെ മൂത്ത സഹോദരൻ), സ്റ്റിനി ഫ്രാൻസിസ് (റിജിന്റെ കാമുകി ഫാബി) തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിലുണ്ട്.

നായകന്റെ പശ്ചാത്തലവും അയാൾ അനുഭവിക്കുന്ന സംഘർഷങ്ങളും സിനിമയിൽ പുതുതല്ല. പരാജയപ്പെട്ട, മറ്റാളുകളുടെ ചെലവിൽ ജീവിക്കേണ്ടിവരുന്ന സിനിമാ മോഹി. നിലവിലെ ദുരവസ്ഥ അയാളെ വല്ലാതെ അലട്ടുന്നുണ്ട്. അതിൽ അയാൾക്ക് മാറ്റം വരുത്താനുള്ള ഏകവഴി കാലത്തിൽ പിന്നോട്ട് സഞ്ചരിക്കുക എന്നതാണ്. അതിന് അയാഥാർഥമായ ഒരവസരം സാന്ദർഭികമായി അയാൾക്ക് ലഭിക്കുന്നു. പക്ഷേ, അയാൾ നടത്താൻ ശ്രമിക്കുന്ന മാറ്റങ്ങളൊക്കെ കൂടുതൽ കുരുക്കിലാണ് കൊണ്ടുചാടിക്കുന്നത്. തുടർന്ന് അയാൾ അനുഭവിക്കുന്ന സംഘർഷവും പിന്നീട് ലഭിക്കുന്ന തിരിച്ചറിവുമാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്.

പരിചിതമായ പ്രമേയം പരിചരിച്ച രീതികൊണ്ടാണ് ചിത്രം ശ്രദ്ധേയമാവുന്നത്. ടൈം ട്രാവൽ എന്ന സങ്കീർണ്ണമായ ആശയത്തെ വളരെ സൂക്ഷ്മതയോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. അതിന് വേണ്ടി സംവിധായകനും സംഘവും ആശ്രയിച്ചിരിക്കുന്ന സങ്കേതങ്ങൾ വിജയം കാണുന്നുണ്ട്. പ്രേക്ഷകനിൽ ആശയക്കുഴപ്പം തോന്നാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം ആവശ്യമായ വിശദീകരണം നൽകുന്നു. സ്വയം ചിന്തിച്ചെടുക്കാനുള്ള ഇടവും ചിത്രം നൽകുന്നുണ്ട്. ചിലപ്പോഴെങ്കിലും ദൈർഘ്യക്കൂടുതലെന്ന തോന്നലുണ്ടാക്കാൻ ഇത് കാരണമാകുന്നുണ്ടെന്നത് അവഗണിക്കാവുന്ന ന്യൂനതയാണ്.

റിജിനും അയാളുടെ പരിസരവും പ്രേക്ഷകന് മനസിലാക്കിക്കൊടുത്ത ശേഷമാണ് ടൈം ട്രാവലിലേക്കും തുടർന്നുള്ള സങ്കീർണ്ണതകളിലേക്കും ചിത്രം കടക്കുന്നത്. ഇത്തരമൊരു ആശയം കൈകാര്യം ചെയ്യുമ്പോഴുണ്ടാവേണ്ട സാങ്കേതിക സൂക്ഷ്മത ചിത്രത്തിലുടനീളമുണ്ട്. സിനിമയെ തീർത്തും പുതുതായ ദൃശ്യാനുഭവമാക്കുന്നതിൽ അവ വഹിക്കുന്ന പങ്ക് വലുതാണ്.

പലകാലങ്ങളിലെ റിജിൻ എന്ന കഥാപാത്രത്തെ ശ്രീനാഥ് ഭാസി അനായാസേന കൈകാര്യം ചെയ്യുന്നു. ഇരട്ടവേഷത്തിലെ കഥാപാത്രങ്ങൾ ഒന്നിച്ചെത്തുമ്പോഴുണ്ടാവുന്ന സീനുകൾ പിഴവുകൾക്ക് ഇടമില്ലാത്തവിധം ഭാസി മികച്ചതാക്കുന്നു. കഥാപാത്രത്തിന്റെ വൈകാരിക സംഘർഷങ്ങൾ ഭാസി, തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് അവതരിപ്പിക്കുന്നത്.

പ്രധാനപ്പെട്ടൊരു വേഷമാണ് അഭിരാം അവതരിപ്പിക്കുന്നത്. ആ കഥാപാത്രത്തിന്റെ അവസ്ഥ പൂർണതയോട് അടുത്ത് അഭിരാം മികച്ചതായി അവതരിപ്പിക്കുന്നു. ഫെമിന, സ്റ്റിനി ഫ്രാൻസിസ്, രാജേഷ് മാധവൻ, ബിനു പപ്പു ഉൾപ്പെടെ പ്രധാന കഥാപാത്രങ്ങളെല്ലാം കൈയടക്കത്തോടെയുള്ള പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ഫഹദ് ഫത്‌ലി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ‘റെട്രോ’, ‘ഡീയസ് ഈറെ’, ‘ഭ്രമയുഗം’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ഷഫീഖ് മുഹമ്മദലി ആണ് ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നു. ഇലക്ട്രോണിക് കിളിയുടേതാണ് പാട്ടുകളും പശ്ചാത്തല സംഗീതവും. മൂന്നുവിഭാഗങ്ങളും ഒന്നായി ചേർന്നുനിന്നതിന്റെ തികവ് തിയേറ്ററിൽ പ്രേക്ഷകന് സിനിമാനുഭവമായി ലഭിക്കുന്നു.

മലയാളത്തെ സംബന്ധിച്ച് വ്യത്യസ്തമായ പരിശ്രമമാണ് 'ഒറിജിനൽ'. ടൈം ട്രാവൽ കൺസെപ്റ്റിലേക്ക് പരിചിതമായ പരിസരം ചേർത്തുവെക്കുമ്പോൾ, പ്രേക്ഷകന് റിലേറ്റ് ചെയ്യാവുന്ന സിനിമയായി 'ഒറിജിനൽ' മാറുന്നു. ധീരമായ പരിശ്രമമെന്ന നിലയിലും ശ്രീനാഥ് ഭാസിയുടെ പ്രകടനത്തിന്റെ പേരിലും സാങ്കേതിക തികവുകൊണ്ടും ചിത്രം കൈയടി അർഹിക്കുന്നു.

Content Highlights: 'Orijinal' is a Malayalam time-travel thriller centered around a struggling filmmaker played by Sreenath Bhasi. Sreenath Bhasi delivers an impressive performance in a dual role representing different timelines. Key performances by Abhiram Radhakrishnan, Rajesh Madhavan, Binu Pappu, and Femina George elevate the story. Praised for its technical finesse, featuring cinematography by Fahad Fathli and editing by Shafique Mohamed Ali. Highlighted as a novel attempt in Malayalam cinema that successfully merges a complex sci-fi premise with relatable human drama.