കുടുകുടെ ചിരിപ്പിക്കുന്ന സ്റ്റെെലിഷ് ഹയിസ്റ്റ്, നിവിന്റെ പ്രവാസി കൊള്ളക്കഥ;'രാമചന്ദ്രബോസ്&കോ'|REVIEW

ചിത്രത്തിന്റെ പോസ്റ്റർ
ചിത്രത്തിന്റെ പോസ്റ്റർ

നിവിൻ പോളി ചിത്രങ്ങൾ ആരാധകർക്ക് ഒരു ആ​ഘോഷം കൂടിയാണ്. ഓണക്കാലത്ത് പ്രേക്ഷകരെ രസിപ്പിക്കാൻ ഒരു പ്രവാസി കൊള്ളക്കഥയുമായി എത്തിയിരിക്കുകയാണ് നിവിൻ പോളിയും സംഘവും, 'രാമചന്ദ്രബോസ് & കോ'യിലൂടെ. സ്റ്റെെലിഷ് ചിത്രങ്ങളുടെ പേരിൽ ശ്രദ്ധേയനായ ഹനീഫ് അദേനിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ജീവിതത്തിലെ പ്രാരാബ്ദം കൊണ്ട് വലയുന്ന, രക്ഷപ്പെടാനായി എന്തും ചെയ്യാൻ ഒരുങ്ങി നിൽക്കുന്ന കുറച്ചുപേരെ അണിനിരത്തി രാമചന്ദ്രബോസ് പദ്ധതിയിടുന്ന ഒരു കൊള്ളയുടെ കഥയാണ് ചിത്രം പറയുന്നത്. ടെെറ്റിൽ കഥാപാത്രമായാണ് നിവിൻ പോളി ചിത്രത്തിലെത്തുന്നത്. ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു എന്നിവരാണ് രാമചന്ദ്ര ബോസിന്റെ സം​ഘത്തിലുള്ളവർ. കോടീശ്വരനും ക്രൂരനുമായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മുനിഷ് ആണ്. 

ഹെെ റിസ്ക്, ഹെെ പ്രോഫിറ്റ് എന്നതാണ് രാമചന്ദ്രബോസിന്റെ തത്വശാസ്ത്രം. ​കോടിക്കണക്കിന് വില വരുന്ന ഒരു പെയിന്റിങ് കവർന്നെടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് രാമചന്ദ്രബോസ് ഒരു ടീമിന് രൂപം നൽകുന്നത്. കൊട്ടാരത്തിലെ കനത്ത സുരക്ഷാ വലയത്തിനുള്ളിലുള്ള പെയിന്റിങ് മോഷ്ടിക്കുക എന്നത് വളരെയധികം ദുഷ്കരമായ ഒന്നായിരുന്നു. ഹീസ്റ്റിനായി രാമചന്ദ്രബോസ് മെനയുന്ന തന്ത്രങ്ങളും വില്ലന്റെ മാസ് പ്രകടനങ്ങളും ചേരുന്നതാണ് ചിത്രം.

​ഗൾഫ് പശ്ചാത്തലമാക്കിയാണ് കഥയുടെ ഭൂരിഭാ​ഗവും പുരോ​ഗമിക്കുന്നത്. കൊള്ളക്കഥയാണ് പ്രമേയമെങ്കിലും നർമ്മത്തിൽ ചാലിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിറ്റുവേഷണൽ കോമഡികളാൽ സമ്പന്നമാണ് ചിത്രം. ചിത്രത്തിലെ കോമഡി ട്രാക്ക് നയിക്കുന്നത് നിവിൻ പോളി തന്നെയാണ്. ചിത്രത്തിൽ പ്രേക്ഷകനെ ചിരിപ്പിക്കുന്ന മറ്റൊരു കഥാപാത്രം വിനയ് ഫോർട്ട് അവതരിപ്പിക്കുന്ന ഷെെലേഷ് ആണ്. ശക്തമായ കഥാപാത്രത്തെയാണ് ജാഫർ ഇടുക്കി അവതരിപ്പിച്ചിരിക്കുന്നത്. ചിരികൾക്കിടയിലും ജാഫർ ഇടുക്കിയുടെ കഥാപാത്രം ചെറുതായൊന്ന് കണ്ണുനനയിപ്പിക്കുന്നുണ്ട്. അതിഥി വേഷത്തിൽ നാസറും ചിത്രത്തിലെത്തുന്നുണ്ട്. 

ആരാണ് രാമചന്ദ്രബോസ്, എന്താണ് അയാളുടെ ശരിക്കുള്ള ഉദ്ദേശം എന്ന കാര്യങ്ങളിലൊക്കെ സസ്പെൻസ് നിലനിർത്തുന്ന ആഖ്യാനമാണ് ചിത്രത്തിന്റേത്. എല്ലാം തികഞ്ഞ ഒരു കൊള്ള സം​ഘത്തിന്റെ കഥയല്ല ചിത്രം പറയുന്നത്. ​ഗതികേട് കൊണ്ട് മോഷണത്തിന് ഇറങ്ങിത്തിരിക്കുന്ന സംഘമാണ് രാമചന്ദ്രബോസിന്റേത്. കോമഡിക്ക് പുറമേ തന്ത്രങ്ങളും മറുതന്ത്രങ്ങളും അമളികളും ​ഗംഭീര ആക്ഷൻ രം​ഗങ്ങളും ഒക്കെ ചിത്രത്തിന്റെ ഭാ​ഗമാണ്. 

കഥാപാത്രങ്ങളെ പരിചയപ്പെടുത്തലും ഇവരുടെ സൗഹൃദവും കൊള്ളയ്ക്ക്‌ വേണ്ടിയുള്ള കോപ്പുകൂട്ടലുമൊക്കെയാണ് ആദ്യപകുതി. രണ്ടാം പകുതിയിൽ വില്ലന് മേൽ ആധിപത്യം സ്ഥാപിക്കുന്ന രാമചന്ദ്ര ബോസിനെയാണ് കാണുന്നത്. നിവിൻ പോളി എന്ന എന്റർടെയിനറിന്റെ ​ഗംഭീര തിരിച്ചുവരവ് കൂടിയാണ് ചിത്രം. ഓരോ ഫ്രയിമിലും നിവിൻ പോളിയെ സ്റ്റെെലിഷായി അവതരിപ്പിക്കാൻ ഹനീഫ് അദേനി ശ്രദ്ധിച്ചിട്ടുണ്ട്. 

യു.എ.ഇയിലും കേരളത്തിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. മണലാരണ്യത്തിലൊരുങ്ങിയ കാർ സ്റ്റണ്ടുകളെല്ലാം പ്രത്യേക കെെയടി നേടുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. നിഷാദ് യൂസഫിന്റെ എഡിറ്റിങ്ങും മിഥുൻ മുകുന്ദൻ ഒരുക്കിയ സം​ഗീതവും സിനിമയ്ക്ക് മുതൽക്കൂട്ടായി. സുഹൈൽ കോയയുടേതാണ് വരികൾ. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിച്ചിരിക്കുന്നത്.

ഓണക്കാലത്ത് തിയേറ്ററിൽ ആസ്വദിച്ച് കാണാനാകുന്ന ഒരു സ്റ്റെെലിഷ് കോമഡി എന്റർടെയിനറാണ് 'രാമചന്ദ്രബോസ് & കോ'. നിവിൻ പോളി ആരാധകർക്കും കുടുംബപ്രേക്ഷകർക്കും ഒരുപോലെ ആഘോഷിക്കാനുള്ള ചേരുവകകൾ ഒക്കെ ഈ ഹനീഫ് അദേനി ചിത്രത്തിലുണ്ട്. സമ്മർദ്ദങ്ങളൊക്കെ മറന്ന് ചിരിപ്പിക്കുന്ന ഒരു ഹീസ്റ്റ് കാണാനായി 'രാമചന്ദ്രബോസ് & കോ'യ്ക്ക് ടിക്കറ്റെടുക്കാം. 

Content Highlights: nivin pauly haneef adeni movie ramachandra boss and co review