നയൻതാരയുടെ ഗ്രേസും മാസും ഉർവശിയുടെ അനായാസ പ്രകടനവും; ഗംഭീര ദൃശ്യവിരുന്നാണ് 'മൂക്കുത്തി അമ്മൻ 2'

നാടിനെയും ഭക്തരെയും രക്ഷിക്കേണ്ട ദൈവം സ്വയം ആശയക്കുഴപ്പത്തിലായാലോ? പരമ്പരാഗത ഫാന്റസി- ഭക്തി സിനിമകളിൽനിന്ന് വ്യത്യസ്തമായി ഇത്തരമൊരു പ്രമേയത്തിൽ കഥ പറയുന്ന ചിത്രമാണ് നയൻതാരയെ നായികയാക്കി സുന്ദർ സി. സംവിധാനം ചെയ്ത 'മൂക്കുത്തി അമ്മൻ 2'. നയൻതാരയുടെ ഗ്രേസും അതിനൊത്ത മാസും ഉർവശിയുടെ സ്വാഭാവിക അഭിനയത്തിനുമൊപ്പം കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾകൂടിയാവുമ്പോൾ, ഇത്തരം സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് മികച്ചൊരു ട്രീറ്റ് തന്നെയാണ് ചിത്രം.
2020-ൽ നയൻതാരയും ആർ.ജെ. ബാലാജിയും ഉർവശിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് 'മൂക്കുത്തി അമ്മൻ'. ചിത്രത്തിന്റെ സ്പിരിച്വൽ സീക്വൽ എന്ന് വേണമെങ്കിൽ രണ്ടാംഭാഗത്തെ വിളിക്കാം. ആദ്യഭാഗവുമായി ഒട്ടും ബന്ധമില്ലാത്തതാണ് സുന്ദർ സിയുടെ 'മൂക്കുത്തി അമ്മൻ 2'. ഭക്തർക്കും ദൈവത്തിനുമിടയിൽ ഇടനിലക്കാരന്റെ ആവശ്യമില്ലെന്ന് ഓർമിപ്പിക്കുന്നതായിരുന്നു ആദ്യചിത്രം. എന്നാൽ, ഇതിൽനിന്ന് പൂർണമായും വ്യത്യസ്തമായി യഥാർഥ്യത്തിന് അല്പം മാത്രം ഇടമുള്ള, നന്മയും തിന്മയും തമ്മിലെ പോരാട്ടമാണ് 'മൂക്കുത്തി അമ്മൻ 2' പറയുന്നത്.
2,000 വർഷം മുമ്പ് മൂക്കുത്തി അമ്മൻ എന്ന കുലദൈവമായിരുന്നു നയൻതാരയുടെ കഥാപാത്രം. വർഷങ്ങൾക്കിപ്പുറം ശക്തി എന്ന സാധാരണ പോലീസ് ഉദ്യോഗസ്ഥയായി ജന്മമെടുക്കുന്നു. പുതിയ ജന്മത്തിലും ശക്തിക്ക് ചില ദൗത്യങ്ങൾ നിർവഹിക്കാനുണ്ട്. അതേസമയത്ത്, പൂർവജന്മത്തിലെ ചില കണക്കുകൾ തീർക്കാനുമുണ്ട്. ഇതിനിടയിൽപ്പെട്ടുപോവുകയാണ് ശക്തി. പിന്നീട്, ശക്തിക്ക് ഉണ്ടാവുന്ന തിരിച്ചറിവുകളും തന്റെ ജന്മലക്ഷ്യം നിറവേറ്റാൻ ഇറങ്ങിത്തിരിക്കുമ്പോൾ നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങളുമാണ് ചിത്രം പറയുന്നത്.
ശക്തിയുടെ വളർത്തമ്മയായ മാലമ്മ എന്ന കഥാപാത്രത്തെയാണ് ഉർവശി അവതരിപ്പിക്കുന്നത്. പ്രധാന വില്ലൻ വേഷത്തിലെത്തുന്നത് രജീന കസാൻഡ്രയാണ്. ഒപ്പം ദുനിയാ വിജയ്യും. സുനിൽ, ഗരുഡ് റാം ഉൾപ്പെടെയുള്ളവരും നെഗറ്റീവ് വേഷങ്ങളിലാണ്. ഇവർക്ക് പുറമെ, പതിവ് കോമഡി വേഷത്തിൽ യോഗി ബാബു, അഭിനയ, ഇനിയ ഉൾപ്പെടെയുള്ള താരങ്ങളും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. രണ്ട് കാമിയോ വേഷങ്ങളും ചിത്രത്തിലുണ്ട്.
ഭക്തിയുടെ പശ്ചാത്തലത്തിലുള്ള നന്മയും തിന്മയും തമ്മിലെ പോരാട്ടത്തിൽ സ്വാഭാവികമായി കടന്നുവരാവുന്നതെല്ലാം 'മൂക്കുത്തി അമ്മൻ 2'-ലുമുണ്ട്. ദുർമന്ത്രവാദം, അതിനോട് അനുബന്ധിച്ച 'ഇരുണ്ടലോകം', ബലി, സാത്താൻ സേവ ഉൾപ്പെടെയെല്ലാം ചിത്രത്തിലും കടന്നുവരുന്നു. മോശമായതിനെയെല്ലാം കണ്ടുശീലിച്ച അച്ചിലിട്ടാണ് വാർത്തിരിക്കുന്നത്. എന്നാൽ, ഇവയിൽനിന്നെല്ലാം തന്റെ ജനങ്ങളെ രക്ഷിക്കേണ്ടത് താനാണെന്ന് അനുഭവങ്ങളിൽനിന്നൊന്നും തിരിച്ചറിയാത്ത കേന്ദ്രകഥാപാത്രമാണ് ചിത്രത്തിലെ പുതുമ.
സ്വയം ആശയക്കുഴപ്പത്തിൽ അകപ്പെട്ടുപോവുന്ന സൂപ്പർഹീറോ കഥാപാത്രത്തെ നയൻതാര മികവോടെ അവതരിപ്പിക്കുന്നുണ്ട്. സാധാരണ പോലീസുകാരിയുടെ വേഷത്തിലും 'മൂക്കുത്തി അമ്മൻ' എന്ന അതിമാനുഷ വേഷത്തിലും ഒരേ അനായാസത്തോടെ നയൻതാര തിളങ്ങുന്നു. ഉർവശിയുടേതാണ് ചിത്രത്തിലെ എടുത്തുപറയേണ്ട മറ്റൊരു പ്രധാന പ്രകടനം. കോമഡി കലർന്ന വേഷത്തിൽ ഉർവശി പതിവുപോലെ സ്വാഭാവികമായ കൈയടക്കം ചിത്രത്തിലും കാണിക്കുന്നു. രജീന കസാൻഡ്രയുടെ വില്ലൻവേഷം നയൻതാരയുടെ നായക കഥാപാത്രത്തോട് മുട്ടിനിൽക്കാൻ പാകത്തിലുള്ളതാണ്.
മികച്ചൊരു ദൃശ്യവിരുന്നാണ് ചിത്രം. സ്വാഭാവിക ദൃശ്യങ്ങളെക്കാൾ, വി.എഫ്.എക്സിനാണ് ചിത്രത്തിൽ പ്രാധാന്യം. അയാഥാർഥമായ, ഫാന്റസി ചിത്രത്തെ ആ രീതിയിലാണ് വി.എഫ്.എക്സ് വിഭാഗവും കൈകാര്യം ചെയ്തിരിക്കുന്നത്. ഹിപ്ഹോപ്പ് തമിഴയുടെ പശ്ചാത്തല സംഗീതവും പാട്ടുകളും ചിത്രത്തിന്റെ ഒഴുക്കിന് അനുസരിച്ചുള്ളതാണ്. കാര്യമായ പുതുമയൊന്നുമില്ലെങ്കിലും അത് മാസ് സീനുകൾക്ക് നൽകുന്ന എലിവേഷൻ എടുത്തുപറയേണ്ടതാണ്. ഗോപി അമർനാഥിന്റെ ഛായാഗ്രഹണവും ഫെന്നി ഒലിവറിന്റെ ചിത്രസംയോജനവും ശരാശരിക്ക് മുകളിലുള്ളതാണ്.
ആദ്യഭാഗത്തിൽനിന്ന് തീർത്തും വ്യത്യസ്തമായ സിനിമാ അനുഭവമാണ് സുന്ദർ സിയുടെ 'മൂക്കുത്തി അമ്മൻ 2'. പതിവ് ഭക്തി- ഫാന്റസി സിനിമകൾ താത്പര്യമുള്ളവർക്ക് തീർച്ചയായും മികച്ച അനുഭവമായിരിക്കും ചിത്രം.
Content Highlights: Nayanthara stars as a police officer and superhero deity in Sundar C's spiritual sequel 'Mookuthi Amman 2'. The film features Urvashi in a prominent role alongside Regina Cassandra, Duniya Vijay, and Yogi Babu. Unlike the 2020 original, this installment presents a story focused on the battle between good and evil. High-quality VFX and dynamic background score by Hiphop Tamizha enhance the visual fantasy experience. The movie serves as a family-friendly devotional fantasy entertainer for the festival season.