Magic Mushrooms Review | ‘ഫ്ലേവറുകളില്ലാത്ത’ പ്രണയം, ഉള്ളുതൊടുന്ന വൈകാരികത; കംപ്ലീറ്റ് നാദിർഷാ പടം

#അരുണ്‍ മധുസൂദനന്‍
വിഷ്ണു ഉണ്ണികൃഷ്ണൻ, അക്ഷയ ഉദയകുമാർ | Photo: Screengrab from Song Video
വിഷ്ണു ഉണ്ണികൃഷ്ണൻ, അക്ഷയ ഉദയകുമാർ | Photo: Screengrab from Song Video

ടുക്കി കഞ്ഞിക്കുഴി പ്രദേശത്തെ സാധാരണക്കാരനായ യുവാവ്. അയാളെ വിടാതെ പിന്തുടരുന്ന ഭൂതകാലം. ജോലി പോലുമില്ലാത്ത അയാളുടെ ജീവിതത്തിൽ പ്രണയം സംഭവിക്കുന്നതും അതിൽ സമൂഹം കെട്ടിപ്പൊക്കിയ മതിലുകൾ തീർക്കുന്ന പ്രതിബന്ധങ്ങളും. സിനിമയിൽ പുതുതല്ലാത്ത പ്രമേയമാണെങ്കിലും ഈ കഥ പറയുന്നത് നാദിർഷാ ആണെങ്കിലോ? ചിരിയും പ്രണയവും ഗാനങ്ങളുമായി അത് പ്രേക്ഷകർക്ക് സമ്പൂർണ്ണ സിനിമാറ്റിക്‌ വിരുന്നായിരിക്കും. അതുതന്നെ സംഭവിക്കുന്നു വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ 'മാജിക് മഷ്‌റൂംസി'ൽ.

നാദിർഷായുടെ സംവിധാനത്തിൽ വൻതാരനിരയുള്ള ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'അങ്കമാലി ഡയറീസ്', 'ഈ.മ.യൗ', 'ജെല്ലിക്കെട്ട്' എന്നീ ചിത്രങ്ങളിൽ അഭിനേതാവായും ശ്രദ്ധേയനാണ് ആകാശ് ദേവ്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ ചിത്രത്തിൽ ഹരിശ്രീ അശോകൻ, അജു വർഗീസ്, ജോണി ആന്റണി, ജാഫർ ഇടുക്കി, അൽത്താഫ് സലിം ഉൾപ്പെടെയുള്ളവർ പ്രധാനവേഷങ്ങളിലെത്തുന്നു. അക്ഷയാ ഉദയകുമാറാണ് നായിക. മീനാക്ഷി ദിനേശും നായികാപ്രാധാന്യമുള്ള വേഷത്തിലുണ്ട്.

കൊച്ചെറുക്കൻ അഥവാ അയോൺ എന്ന കഥാപാത്രത്തെയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജാഫർ ഇടുക്കി അവതരിപ്പിക്കുന്ന ജോസ് എന്ന കഥാപാത്രത്തിന്റെ മകനാണ് കൊച്ചെറുക്കൻ. ജോസും ജോസിന്റെ മാതാവും കൊച്ചെറുക്കനും ഉൾപ്പെടുന്ന സാമൂഹികമായി പിന്നാക്കം നിൽക്കുന്ന കുടുംബം. കാര്യമായ വിദ്യാഭ്യാസമില്ലാത്ത കൊച്ചെറുക്കന്, തന്റെ കുട്ടിക്കാലത്തെ ഏറ്റവും മോശം അനുഭവം ജീവിതത്തിൽ ഉടനീളം വേട്ടയാടുന്നുണ്ട്. അന്തർമുഖൻ കൂടിയായ കൊച്ചെറുക്കന്റെ ജീവിതത്തിലെ പാളിപ്പോയ പ്രണയത്തിൽനിന്നാണ് കഥതുടങ്ങുന്നത്.

അതിൽനിന്ന് മോചിതനാവാൻ ശ്രമിക്കുന്ന കൊച്ചെറുക്കനെത്തേടി വീണ്ടുമൊരു പ്രണയമെത്തുന്നു. ഇത്തവണ കൊച്ചെറുക്കനേക്കാൾ, അയാളെ പ്രണയിച്ച നായികാകഥാപാത്രമായ ജാനകിയാണ് ബന്ധത്തിൽ മുൻകൈ എടുക്കുന്നത്. പ്രണയത്തിൽ കൊച്ചെറുക്കനെ പിന്നോട്ടടിപ്പിക്കുന്നതും അയാളെ വേട്ടയാടുന്ന ഭൂതകാലമാണ്. ഇരുവരും ഒന്നിക്കുന്നതിൽ സാമൂഹിക- സാമ്പത്തിക പശ്ചാത്തലവും ജാതിയും ഒരുപോലെ തടസ്സങ്ങൾ സൃഷ്ടിക്കുന്നു. ഇതിനിടെ ഇരുവരും ഒന്നിച്ചുപെട്ടുപോയ ഊരാക്കുടുക്കിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ കഥയെ മുന്നോട്ടുനയിക്കുന്നത്.

ചിരിയുടെ മേമ്പൊടിയിലാണ് ചിത്രം കഥ പറയുന്നത്. നാദിർഷാ സംവിധായകനാകുന്ന ചിത്രത്തിൽനിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതെല്ലാം ചിത്രത്തിലുണ്ട്. തിരക്കഥയിലുള്ള ചിരി തിയേറ്ററിൽ പടർത്താൻ ഹരിശ്രീ അശോകന്റേയും അജു വർഗീസിന്റേയും സിദ്ധാർഥ് ഭരതന്റേയും അൽത്താഫ് സലിമിന്റേയും കഥാപാത്രങ്ങൾക്ക് സാധിക്കുന്നുണ്ട്. ശങ്കർ മഹാദേവൻ, കെ.എസ്. ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, ഹനാൻ ഷാ, റിമി ടോമി, രഞ്ജി ജോസ്, ഖദീജ നാദിർഷാ തുടങ്ങിയവരുടെ ശബ്ദത്തിൽ മികച്ച ഗാനങ്ങളും ചിത്രത്തിലുണ്ട്. സംവിധായകൻ തന്നെയാണ് സംഗീതവും ഒരുക്കിയിരിക്കുന്നത്. നാദിർഷയുടെ മുൻ സൃഷ്ടികൾ പോലെ ഗാനങ്ങൾ ഓരോന്നും മികച്ചവയാണ്.

തിരക്കഥയിലെ ചില സൂക്ഷ്മഘടകങ്ങൾ പ്രത്യേകപരാമർശം അർഹിക്കുന്നുണ്ട്. നായികയുടെ പേരിന് ചിത്രത്തിന്റെ കഥാഗതിയിൽ വലിയ പ്രാധാന്യമുണ്ട്. അതുപക്ഷേ, വെളിപ്പെടുന്നത് ക്ലൈമാക്‌സിൽ മാത്രമാണെന്നതാണ് തിരക്കഥയിലെ ബ്രില്യൻസ്. സംവിധായകൻ എന്ന നിലയിൽ നാദിർഷ വീണ്ടും മികവുതെളിയിക്കുന്നു.

ചിത്രത്തിൽ എടുത്തുപറയേണ്ട പ്രകടനം ജാഫർ ഇടുക്കിയുടേതാണ്. കൊച്ചെറുക്കന്റെ അച്ഛനായി ജാഫർ ഇടുക്കിയുടെ പ്രകടനം പ്രേക്ഷകന്റെ ഉള്ളിൽ തൊടും. ഫ്‌ളാഷ്ബാക്ക് സീനിലെ നിമിഷങ്ങൾ മാത്രമുള്ള ജാഫർ ഇടുക്കിയുടെ ഭാഗം അതിവൈകാരികമായി തന്നെ പ്രേക്ഷനെ തൊടും. കൊച്ചെറുക്കനായി വിഷ്ണു ഉണ്ണികൃഷ്ണനും സുഹൃത്തായ പാപ്പി എന്ന കഥാപാത്രമായി അബിൻ ബിനോയും കുട്ടപ്പൻ ചേട്ടൻ എന്ന നാടകക്കാരനായി ഹരിശ്രീ അശോകനും മികച്ച പ്രകടനാണ് കാഴ്ചവെക്കുന്നത്. സിദ്ധാർഥ് ദിവാകരന്റേയും പൂജ മോഹൻദാസിന്റേയും ഉൾപ്പെടെ ഓരോ അഭിനേതാക്കളുടേതും പ്രത്യേക പരാമർശമർഹിക്കുന്ന പ്രകടനങ്ങളാണ്. സാധാരണക്കാഴ്ചയിൽ ആകർഷകമല്ലാത്തവയിൽ ഭംഗി കണ്ടെത്തുന്ന കഥാപാത്രമാണ് നായിക അക്ഷയ ഉദയകുമാറിന്റെ ജാനകി. ഓസിഡിയുള്ള, അന്തർമുഖിയായ കാമുകി വേഷം മനോഹരമായി താരം അവതരിപ്പിച്ചിരിക്കുന്നു.

സുജിത്ത് വാസുദേവ് ആണ് ഛായാഗ്രാഹണം. 'എമ്പുരാൻ', 'ലൂസിഫർ' എന്നീ ചിത്രങ്ങളിൽ സുജിത്ത് കാണിച്ച സാങ്കേതികമായ കൈയടക്കത്തിന്റെ മറുവശമാണ് 'മാജിക് മഷ്‌റൂംസി'ൽ ഉള്ളത്. സുജിത്തിനെപ്പോലൊരു പരിചയസമ്പന്നനായ ഛായാഗ്രാഹകൻ സിനിമയ്ക്കാകെ മുതൽക്കൂട്ടാണ്. മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങളുടെ പിന്നിൽ പ്രവർത്തിച്ച ജോൺകുട്ടിയാണ് 'മാജിക് മഷ്‌റൂസി'ന്റെ എഡിറ്റർ. എഡിറ്റിങ് ടേബിളിലെ ജോൺകുട്ടിയുടെ കൈയടക്കം കൈയടി അർഹിക്കുന്നുണ്ട്. മണികണ്ഠൻ അയ്യപ്പയുടെ പശ്ചാത്തലസംഗീതം ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു. ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദു കൃഷ്ണൻ എൻ. എന്നിവർ രചിച്ച ഗാനങ്ങളും മികച്ചവയാണ്.

അടിസ്ഥാനപരമായി പലതവണ പറഞ്ഞുകേട്ട കഥയാണ് 'മാജിക് മഷ്‌റൂംസി'ന്റേത്. എന്നാൽ, ആദ്യാവസാനം ഫാമിലി- ഫൺ എന്റർടെയ്‌നറായി ഒരുക്കിയ ചിത്രത്തിലെ വൈകാരിക ഭാഗങ്ങൾകൂടെ ചേരുമ്പോൾ പ്രേക്ഷനെ ആഴത്തിൽ തൊടുന്ന ചിത്രമായി 'മാജിക് മഷ്‌റൂംസ്' മാറുന്നുണ്ട്. കുടുംബസമേതം തിയേറ്ററുകളിൽ ആസ്വദിക്കാവുന്ന ചിത്രമാണ് 'മാജിക് മഷ്‌റൂംസ്'.

Content Highlights: "Magic Mushrooms": Nadirsha's Latest Offering Blends Laughter, Love, and Societal Hurdles