കണ്ണും കണ്ണും കൊള്ളയടിത്താല്‍| Movie Review

തമിഴ് സിനിമയില്‍ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രദര്‍ശനത്തിനെത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം എന്ന നിലയില്‍ വാര്‍ത്താപ്രാധാന്യം നേടിയ സിനിമയാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍. മണിരത്‌നം സംവിധാനം ചെയ്ത ഓകെ കണ്‍മണി ആയിരുന്നു ദുല്‍ഖറിന്റെ ആദ്യ തമിഴ് ചിത്രം. ഇത് വലിയ വിജയമായതോടെ മലയാളത്തില്‍ മാത്രമല്ല തമിഴിലും ദുല്‍ഖറിന്റെ താരമൂല്യം കുത്തനെ ഉയര്‍ന്നു. അതുകൊണ്ടു തന്നെ വളരെ വലിയ പ്രതീക്ഷകളോടെയാണ് കണ്ണും കണ്ണും കൊള്ളയടിത്താലിനെ പ്രേക്ഷകര്‍ വരവേറ്റത്. ദേശ്‌സിങ് പെരിയസാമി എന്ന നവാഗത സംവിധായകന്‍ തന്റെ ദൗത്യത്തില്‍ ഏറെക്കുറെ വിജയിച്ചു എന്ന് തന്നെ പറയാം.
ചിത്രത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ ഇതൊരു കംപ്ലീറ്റ് റൊമാന്റിക് ത്രില്ലറാണെന്ന് തെറ്റിദ്ധരിച്ചേക്കാം. സിനിമയുടെ ട്രെയ്‌ലറും പാട്ടുകളുമെല്ലാം അത് തന്നെയാണ് സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ഇതൊരു സാധാരണ പ്രണയചിത്രമല്ല. കൗശലവും ചതിയും കാപട്യവും കുബുദ്ധിയുമൊക്കെയുള്ളവരാണ് ഇതിലെ കഥാപാത്രങ്ങള്‍. സാമ്പ്രദായിക നായക-വില്ലന്‍ സങ്കല്‍പ്പങ്ങള്‍ ഈ ചിത്രത്തില്‍ ഇല്ല എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.
ഋതു വര്‍മ്മയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്. നിരഞ്ജനി അഹത്തിയാന്‍, രക്ഷന്‍ ഗൗതം മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ബോളിവുഡ് നിര്‍മാണ കമ്പനിയായ വിയാകോം 18, ആന്റോ ജോസഫ് ഫിലിം കമ്പനിയുമായി ചേര്‍ന്നാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. സെക്കന്‍ഡ്‌ഷോയിലൂടെ മലയാളത്തിലെത്തിയ ദുല്‍ഖറിന്റെ 25-ാം ചിത്രം കൂടിയാണിത്.
സിദ്ധാര്‍ത്ഥ് എന്ന ആപ്പ് ഡെവലപ്പുറുടെ വേഷത്തിലാണ് ദുല്‍ഖര്‍ ചിത്രത്തില്‍ വേഷമിടുന്നത്. സുഹൃത്തായ കാലിസിനൊപ്പമാണ് അയാളുടെ താമസം. മാതാപിതാക്കളുമായി അയാള്‍ക്ക് യാതൊരു അടുപ്പവുമില്ല. അതുകൊണ്ടു തന്നെ യാതൊരു കടിഞ്ഞാണുമില്ലാത്ത ജീവിതമാണ് അയാള്‍ നയിക്കുന്നത്. അസ്സാന്‍മാര്‍ഗിക രീതിയിലുടെയാണ് അയാളും കാലിസും പണം സമ്പാദിച്ചു കൊണ്ടിരുന്നത്. അതിനിടെ മീര എന്ന പെണ്‍കുട്ടിയെ കണ്ടു മുട്ടുന്നു. അനാഥമന്ദിരത്തില്‍ ജനിച്ച് വളര്‍ന്ന മീര ബ്യൂട്ടിഷനായി ജോലി ചെയ്യുകയാണ്. അവളുമായി സിദ്ധാര്‍ഥ് പ്രണയത്തിലാകുന്നു. മീര ജീവിതത്തില്‍ വരുന്നതോടെ തന്റെ ഭൂതകാലത്തോട് എന്നന്നേക്കുമായി വിട പറഞ്ഞ് ജോലി ചെയ്ത് ജീവിക്കാന്‍ സിദ്ധാര്‍ഥ് തീരുമാനിക്കുന്നു. അയാള്‍ മീരയെയും കാലിസിനെയും സുഹൃത്തായ ശ്രേയയേയും കൂട്ടി ഗോവയിലേക്ക് പോകുന്നു. ഗോവയില്‍വച്ച് നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന്റെ കാതല്‍.
തമാശയും സസ്‌പെന്‍സും നിറച്ച് പ്രേക്ഷകരെ മടുപ്പിക്കാത്ത രീതിയിലാണ് ദേശ്‌സിങ് പെരിയസാമി ചിത്രം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം കെ.എം ഭാസ്‌കരനാണ്. കളര്‍ഫുള്‍ ഫ്രെമിമുകളാണ് ചിത്രത്തിന്റെ ഹൈലറ്റ്. സംഗീതം മസാല കോഫിയും പശ്ചാത്തല സംഗീതം ഹര്‍ഷ വര്‍ദ്ധനും ചിത്രസംയോജനം പ്രവീണ്‍ ആന്റണിയും വസ്ത്രാലങ്കാരം നിരഞ്ജനിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഡല്‍ഹി, ഗോവ, ചെന്നൈ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.
Content Highlights: kannum kannum kollaiyadithaal Movie Review, Dulquer Salmaan, Rithu Varma, Desingh Periyasamy
Content Highlights: