വെറും പാര്‍ട്ടിയല്ല, ഇത് അടിപൊളിയൊരു ഡാന്‍സ് പാര്‍ട്ടി | Dance Party Review

നടനായും സംവിധായകനായും പേരെടുത്ത സോഹന്‍ സീനുലാലിന്റെ സംവിധാനത്തില്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഡാന്‍സ് പാര്‍ട്ടി. മലയാള സിനിമയിലെ യുവതാരങ്ങളായ വിഷ്ണു ഉണ്ണികൃഷ്ണന്, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
കൊച്ചിയെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. കൊച്ചി പശ്ചാത്തലമാക്കിയുള്ള ചിത്രങ്ങളില്‍ പരമാവധി ഷൈന്‍ ചെയ്യാറുള്ള ശ്രീനാഥ് ഭാസി ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഒപ്പത്തിനൊപ്പം വിഷ്ണുവും ഷൈനുമുണ്ട്.
അനിക്കുട്ടിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ആകെ തുക. അനിക്കുട്ടനും അനിതയും തമ്മില്‍ ഇഷ്ടത്തിലാണ്. പാടുപെട്ട് മില്ട്ടന് എന്നയാളുടെ പുച്ഛം സഹിച്ച് അനിത ഉള്‍പ്പെടുന്ന ഡാന്‍സ് ട്രൂപ്പില്‍ ചേരുകയാണ് അനിക്കുട്ടന്.
അച്ഛനെ നഷ്ടമായ അനിക്കുട്ടനും അമ്മയ്ക്കും പുതുജീവന്‍ നല്‍കിയത് അനിയന് ബോബിയും ചേട്ടന് ബോബനുമാണ്. ചേട്ടനായ ബോബന് റോഷ്നി എന്നയാളുടെ വിവാഹാലോചന വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.
അനിക്കുട്ടനായി വിഷ്ണു ഉണ്ണികൃഷ്ണന് എത്തുമ്പോള്‍ ബോബിയായി ശ്രീനാഥ് ഭാസിയെത്തുന്നു. ചേട്ടന് ബോബന്റെ കഥാപാത്രം ഷൈന്‍ ടോം ചാക്കോ ഗംഭീരമാക്കി. നര്‍മം നിറഞ്ഞ് രംഗങ്ങളില്‍ ഹാസ്യകഥാപാത്രങ്ങളുടെ സാന്നിധ്യം തിയേറ്ററില്‍ ചിരിയുടെ അലമാലകള്‍ തീര്‍ക്കുന്നു.
പ്രയാഗ മാര്ട്ടിന്, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാര്‍ട്ടിന്‍, അഭിലാഷ് പട്ടാളും, നാരായണ്‍കുട്ടി, ജോളി ചിറത്ത്, അമര എസ് പല്ലവി, ഫൈസല്‍, ജാനകി ദേവി തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. പ്രണയം, സൗഹൃദം, കുടുംബബന്ധങ്ങള്‍ എന്നിവയുടെ അകമ്പടിയോടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
ഡാന്‍സ് പാര്‍ട്ടി എന്ന ടൈറ്റില്‍ പ്രേക്ഷകനില്‍ ജനിപ്പിക്കുന്ന കൗതുകം അവസാനം വരെ നിലനിര്‍ത്തുന്നു. മനോഹരമായ ഗാനങ്ങള്‍ ചിത്രത്തെ മറ്റൊരു തലത്തിലെത്തിക്കുന്നു. അതിമനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ ഛായാഗ്രഹകന് ബിനു കുര്യന് കൈയടി അര്‍ഹിക്കുന്നു.
മനസില്‍ ഉദിച്ച ആശയം അതേപടി പ്രേക്ഷകന് മുന്നിലെത്തിക്കാന്‍ രചയിതാവ് കൂടിയായ സോഹന്‍ സീനുലാലിന് കഴിഞ്ഞു. എങ്ങനെ, എവിടെ അവസാനിക്കും എന്നൊരു പിടിയും തരാത്ത തരത്തിലാണ് കഥയുടെ പോക്ക്.
പുതുമുഖങ്ങള്‍ക്ക് പ്രതീക്ഷ നല്കി ഒരുപാട് പേര് സിനിമ നിര്‍മാണത്തിലേക്ക് കടന്നുവരുന്ന കാലം കൂടിയാണിത്. ആ പട്ടികയില്‍ ഉള്‍പ്പെടുന്ന ആള് കൂടിയാണ് റെജി പ്രോത്താസീസും ഭാര്യ നൈസി റെജിയും. ഇരുവരുടെയും ദീര്‍ഘകാല സ്വപ്നമായിരുന്ന ഓള്‍ഗ പ്രൊഡക്ഷന്‍സാണ് ഡാന്‍സ് പാര്‍ട്ടി നിര്‍മിച്ചിരിക്കുന്നത്.
Content Highlights: dance party malayalam movie review, vishnu unnikrishnan, sreenath, shine tom