വേട്ടയാടുന്ന 'ഭൂതകാലം '| Bhoothakalam Movie Review

ഷെയ്ന്‍ നിഗമിനെയും രേവതിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഭൂതകാലം'. സോണി ലിവ് ഓടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസിനെത്തിയ ചിത്രം സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്.
ഡി.ഫാം കോഴ്‌സ് പൂര്‍ത്തിയാക്കി ജോലി അന്വേഷിച്ചു നടക്കുകയാണ് വിനു. അമ്മ ആശയ്ക്കും കിടപ്പിലായ അമ്മൂമ്മയ്ക്കും ഒപ്പം വാടകവീട്ടിലാണ് വിനുവിന്റെ താമസം. വിനുവിന് ഏഴ് വയസുള്ളപ്പോള്‍ മരിച്ചുപോയതാണ് അച്ഛന്‍. അങ്ങനെയിരിക്കെ ഒരുനാള്‍ വിനുവിന്റെ അമ്മൂമ്മ മരണപ്പെടുന്നു. വിഷാദരോഗത്തിനു മരുന്ന് കഴിച്ചിരുന്ന ആശയെ അമ്മയുടെ മരണം ബാധിക്കുന്നുണ്ട്. പിന്നാലെ വിനുവിനെയും. അമ്മൂമ്മയുടെ മരണത്തിനു പിന്നാലെ ആ വീട്ടില്‍ പല അസ്വഭാവിക സംഭവങ്ങളും അരങ്ങേറുന്നു. തുടര്‍ന്ന് വിനുവിന്റെയും ആശയുടെയും ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളാണ് 'ഭൂതകാലം' പറയുന്നത്.
പേര് സൂചിപ്പിക്കുന്നത് പോലെ 'ഭൂതകാല'വും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നാണ്.ചിത്രത്തിന്റെ തുടക്കം മുതലുള്ള ദുരൂഹത ഒടുക്കം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഘടകം ആണ്. രാഹുല്‍ സദാശിവനും ശ്രീകുമാര്‍ ശ്രെയസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പതുക്കെ പറഞ്ഞു പോകുന്നുവെങ്കിലും നിശബ്ദതയില്‍ പോലും ഭീതിയുണര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും അവസാന രംഗങ്ങളില്‍.
തൊഴില്‍രഹിതനായ, സങ്കീര്‍ണതകള്‍ ഏറെയുള്ള വിനു എന്ന കഥാപാത്രം ഷെയ്‌നിന്റെ കയ്യില്‍ ഭദ്രമായിരുന്നു. വീട്ടിലെ പ്രശ്‌നങ്ങളും അമ്മയുടെ നിര്ബന്ധവും കാരണം താമസിക്കുന്ന നാട്ടില്‍ തന്നെ ജോലി കിട്ടാനുള്ള ഓട്ടത്തിലാണ് വിനു. ജോലിയില്ലാത്തതിന്റെ സമ്മര്‍ദ്ദത്തോടൊപ്പം ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ വിനുവിനെ ഭീകരമായി ബാധിക്കുന്നുണ്ട്. വൈകാരിക രംഗങ്ങളിലും ഹോറര്‍ രംഗങ്ങളിലും കയ്യടക്കത്തോടെ ഉള്ള പ്രകടനവുമായി മികച്ച നടനെന്ന പേര് ഷെയ്ന്‍ വീണ്ടും ഉറപ്പിക്കുണ്ട്. പ്രാരാബ്ധങ്ങളും മകനെ കുറിച്ചുള്ള ആധിയും മാനസിക പ്രശ്‌നങ്ങളും തളര്‍ത്തുന്ന ആശ രേവതിയുടെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്.
പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍തുന്നതില്‍ ഷെഹ്നാദ് ജലാലിന്റെ ക്യാമറയും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും വലിയ പങ്കു വഹിച്ചിട്ടുണ്ട്. സൈജു കുറുപ്പ്, മഞ്ജു പത്രോസ്, വത്സല മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഷെയ്ന്‍ നിഗം ഫിലിംസിന്റെ ബാനറില്‍ ഷെയ്‌നിന്റെ മാതാവ് സുനില ഹബീബും പ്ലാന്‍ ടി ഫിലിംസിന്റെ ബാനറില്‍ തേരേസ റാണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അന്‍വര്‍ റഷീദിന്റെയും അമല്‍ നീരദിന്റെയും വിതരണ സംരംഭമായ എ&എ റിലീസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. അടുത്തിടെ ഇറങ്ങിയ ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങളുടെ ഗണത്തില്‍ ആദ്യ സ്ഥാനങ്ങളില്‍ ഭൂതകാലം ഇടം പിടിക്കും. ഭൂതകാലങ്ങള്‍ പലപ്പോഴും വേട്ടയാടുന്ന സത്യങ്ങള്‍ ആണല്ലോ, ഈ 'ഭൂതകാല'വും പ്രേക്ഷകനെ പിന്തുടര്‍ന്നേക്കാം.
Content Highlights: Bhoothakaalam movie review, Sony Liv Release, Shane Nigam, Revathi Asha, Rahul Sadasivan, Horror psychological thriller
Content Highlights: