ഇതാണ് സീൻമാറ്റം; ലൂസടിച്ചാലും പ്രേക്ഷകനെ വലിച്ചുകയറ്റാൻ കഴിയാത്ത ആഴമുള്ള 'ബാലൻ'

ബാലൻ: ദ ബോയ് ​താക്കോൽ ​​ഗാനരം​ഗത്തിൽനിന്ന് | Photo: Screen grab/ YouTube: Zee Music South
ബാലൻ: ദ ബോയ് ​താക്കോൽ ​​ഗാനരം​ഗത്തിൽനിന്ന് | Photo: Screen grab/ YouTube: Zee Music South

വ്യാജവ്യക്തിത്വം വിലാസമാക്കിയ രണ്ടുപേർ- അമ്മയും മകനും. രാക്ഷസനോ അടിമയോ ആയി മകൻ വളരാതിരിക്കാൻ നിരന്തരം പേരും ഊരും മാറി ജീവിക്കുന്നവർ. ഒരേ ലൂപ്പിൽ ആവർത്തിക്കുന്ന ജീവിതത്തിനിടയ്ക്ക് മകന്റെ കുഞ്ഞുകൈയിലെ അമ്മയുടെ പിടി വിട്ടുപോവുന്നു. പിന്നീട് പലവഴി സഞ്ചരിച്ച അവർ ഒന്നിച്ചുചേരുമ്പോൾ പ്രേക്ഷകന് ലഭിക്കുന്ന സംതൃപ്തിയുണ്ട്. സംവിധായകന്റെ മുൻചിത്രമായ 'മഞ്ഞുമ്മൽ ബോയ്‌സി'ൽ കൺമണി അൻബോട് എന്ന പാട്ടിന്റെ പശ്ചാത്തലത്തിൽ സുഭാഷിനെയും കൊണ്ട് കുട്ടേട്ടൻ കയറിവരുമ്പോൾ ലഭിക്കുന്ന അതേ ആശ്വാസം. അതിന്റെ മറ്റൊരു സിനിമാറ്റിക് അനുഭവമാണ് 'ബാലൻ: ദ ബോയ്'.

മലയാളത്തിന്റെ സീൻ മാറ്റിയ ചിത്രമെന്നാണ് 'മഞ്ഞുമ്മൽ ബോയ്‌സ്' വിശേഷിപ്പിക്കപ്പെടുന്നത്. പാൻ- ഇന്ത്യൻ തലത്തിൽ മാസ് ചിത്രങ്ങൾക്ക് അടുത്ത കാലത്ത് മലയാളത്തിന്റെ വിലാസമായിരുന്നു 'ആവേശം'. ഇരുചിത്രങ്ങളുടെയും കപ്പിത്താന്മാർ ഉൾപ്പെടെ അഞ്ചുസംവിധായകർ ഒന്നിച്ച ചിത്രമാണ് 'ബാലൻ: ദ ബോയ്'. മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ വമ്പൻ മാസ് പടങ്ങൾക്ക് പണം മുടക്കുന്ന കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രം. ജിത്തു മാധവന്റെ രചനയിൽ ചിദംബരം സംവിധാനംചെയ്ത ചിത്രത്തെക്കുറിച്ച് പ്രതീക്ഷകൾ ഏറെയായിരുന്നു. സിനിമാസ്വാദകരുടെ പ്രതീക്ഷകളോട് അങ്ങേയറ്റം നീതി പുലർത്തിയ ചിത്രമായി മാറുകയാണ് 'ബാലൻ'.

സംവിധായകന്റെ മുൻചിത്രങ്ങളോട് യാതൊരു താരതമ്യവും ചേരാത്ത സിനിമയാണിത്. പല പേരിൽ, പല കഥകളിൽ ജീവിച്ച അമ്മയും മകനും. എത്ര വൈകിയാലും അവിടെ മകനു വേണ്ടിയെത്തുമെന്ന് പറഞ്ഞ് കൈവിട്ടുപോയ മകൻ പലവഴി അലയുന്നു. ഒരിക്കലും അവന് അമ്മയുള്ള സ്ഥലത്ത് എത്തിച്ചേരാൻ സാധിക്കുന്നില്ല. അതിനിടയിൽ അവൻ പുതുതായി ഒരു ജീവിതം ജീവിക്കുന്നു. താൻ എന്തായി തീരരുതെന്ന് അമ്മ ആഗ്രഹിച്ചോ ആ ജീവിതമെല്ലാം അവൻ ജീവിച്ചു തീർക്കുന്നു. ഒടുവിൽ അമ്മയെ തിരികെ കിട്ടാൻ വേണ്ടി അവൻ നടത്തുന്ന അവസാന യാത്രയാണ് 'ബാലൻ: ദ ബോയ്'.

ജീത്തു മാധവന്റെ തിരക്കഥയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ശക്തി. അടരുകളും ആഴവുമുള്ള തിരക്കഥ. കഥയിലെ സൂക്ഷ്മാംശങ്ങൾ സിനിമ അവസാനിച്ച ശേഷവും പ്രേക്ഷകനെ പിന്തുടരും. ഒറ്റനോട്ടത്തിൽ നേർത്ത കഥയാണ് ചിത്രത്തിൻറേത്‌. പക്ഷെ, കഥ പുരോഗമിക്കുന്ന രീതിയും ഉപകഥകളുമാണ് ചിത്രത്തെ മികച്ചതാക്കി മാറ്റുന്നത്. തിരക്കഥയുടെ ആഴം അതേപടി പ്രേക്ഷകന് അനുഭവിക്കാനാവും വിധം തീവ്രമായി ദൃശ്യവത്കരിച്ചതാണ് സംവിധായകന്റെ വിജയം.

ആദിശേഷൻ, ഫർസാന പാലത്തിങ്കൽ, മുഹമ്മദ് സിനാൻ എന്നിവരുടെ പ്രകടനമാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. പേരിലല്ലാത്ത, അല്ലെങ്കിൽ പല പേരുകളുള്ള 'ബാലൻ' എന്ന കഥാപാത്രമായാണ് ആദിശേഷൻ എത്തുന്നത്. കൗമാരകാലത്തെ ബാലന്റെ വേഷം ചെയ്തിരിക്കുന്നത് സിനാൻ. എത്ര പ്രശംസിച്ചാലും കുറഞ്ഞുപോവുന്ന പ്രകടനമാണ് മൂവരുടെയും. ചെറുതെങ്കിലും പ്രാധാന്യമുള്ള വേഷം ടൊവിനോ തോമസ് കൈയടക്കത്തോടെ ചെയ്തിരിക്കുന്നു.

തിരക്കഥാകൃത്തിനും ചിത്രത്തിന്റെ സംവിധായകനും പുറമേ, നടന്മാരായി ഗിരീഷ് എ.ഡി, ജീൻ പോൾ ലാൽ എന്നീ സംവിധായകർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ജീൻ പോൾ ലാലിന്റെ പവിത്രൻ എന്ന പോലീസ് കഥാപാത്രം എഴുത്തിൽ തന്നെ അതിശക്തമാണ്. അതിനു മുകളിൽ ജീൻ പോൾ നടത്തുന്ന പ്രകടനം അവിശ്വസനീയമാണെന്നോ അപാരമെന്നോ വിശേഷിപ്പിക്കേണ്ടിവരും. ഗിരീഷ് എ.ഡിയുടെ പ്രകടനമാണ് ആ പോലീസ് വേഷത്തിന് പുതുമ നൽകുന്നത്. ഷംനാത്തയായി ബീന ആന്റണി, അമ്മൂമ്മയുടെ വേഷത്തിലുള്ള ഡോളി ജൂൺ, ഷെർളി എന്ന കഥാപാത്രമായി അർച്ചന പത്മിനി തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഇവിടെ കൈയടി അർഹിക്കുന്ന മറ്റൊരാൾകൂടിയുണ്ട്, ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടർ ഗണപതി. ഇത്ര ചേർച്ചയോടെ കഥാപാത്രങ്ങൾക്ക് അഭിനേതാക്കളെ എങ്ങനെ കണ്ടെത്തിയെന്ന് പ്രേക്ഷകൻ അത്ഭുതപ്പെട്ടുപോവും.

സംവിധാനത്തിലും കഴിവ് തെളിയിച്ച ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പല കാലങ്ങൾ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഷൈജുവിന്റെ റോൾ വലുതാണ്. വിവേക് ഹർഷന്റെ എഡിറ്റിങ്ങാണ് ചിത്രത്തിന്റെ പിരിമുറുക്കം നിലനിർത്തുന്നത്. പ്രൊഡക്ഷൻ ഡിസൈനറായ അജയൻ ചാലിശ്ശേരി ഒരുപാട് പണിപ്പെട്ടിട്ടുണ്ടെന്ന് രണ്ടാം നോട്ടത്തിൽ മാത്രമേ പ്രേക്ഷകന് മനസിലാവൂ.

സംഗീത സംവിധായകൻ സുഷിൻ ശ്യാമാണ് കൈയടി അർഹിക്കുന്ന മറ്റൊരാൾ. ചിത്രത്തിന്റെ പിരിമുറുക്കവും അയവുകളും അത്ര ആഴത്തിലാണ് സുഷിന്റെ സംഗീതം പ്രതിഫലിപ്പിക്കുന്നത്. മൂന്നു പാട്ടുകളുള്ള ചിത്രത്തിൽ അൻവർ അലിയുടെ വരികൾ കഥയെ ആറ്റിക്കുറുക്കിയതാണ്.

വൈകാരിക ആഴമാണ് ചിത്രത്തിന്റെ പ്രത്യേകത. അടരുകളുള്ള കഥയും സാങ്കേതിക തികവോടെയുള്ള കഥപറച്ചിലും പ്രേക്ഷകനെ ചിത്രത്തിൽ പിടിച്ചിരുത്തുന്നു. ചിത്രത്തിൽ ഇറങ്ങിയാൽ പിന്നെ പടം തീർന്നാലും അതിൽനിന്നൊരു തിരിച്ചുകയറ്റമില്ല. ലൂസടിച്ചാലും സിനിമയിലിറങ്ങിപ്പോയ പ്രേക്ഷകനെ കരകയറ്റാൻ എളുപ്പമല്ല.

Content Highlights: Balan: The Boy is a highly anticipated Malayalam film directed by Chidambaram of Manjummel Boys fame and written by Jithu Madhavan, the director of Aavesham. The movie explores the deeply emotional and layered journey of a mother and son who constantly change identities and locations to survive, only to get separated. Phenomenal performances by lead actors Aadiseshan, Farzana Palathingal, and Muhammed Sinan carry the narrative, with Tovino Thomas making a calculated and impBalan: The Boy is a highly anticipated Malayalam film directed by Chidambaram of Manjummel Boys fame and written by Jithu Madhavan, the director of Aavesham. The movie explores the deeply emotional and layered journey of a mother and son who constantly change identities and locations to survive, only to get separated. Phenomenal performances by lead actors Aadiseshan, Farzana Palathingal, and Muhammed Sinan carry the narrative, with Tovino Thomas making a calculated and impactful guest appearance. Directors Jean Paul Lal and Gireesh A.D. shine brilliantly in powerful police roles, backed by top-tier casting choices curated by Ganapthi. The film achieves cinematic excellence through Jithu Madhavan's tight screenplay, Shaiju Khalid's striking cinematography, and Sushin Shyam's deeply immersive background score.actful guest appearance. Directors Jean Paul Lal and Gireesh A.D. shine brilliantly in powerful police roles, backed by top-tier casting choices curated by Ganapthi. The film achieves cinematic excellence through Jithu Madhavan's tight screenplay, Shaiju Khalid's striking cinematography, and Sushin Shyam's deeply immersive background score