Anomie Review | കയ്യടിപ്പിച്ച് ഭാവന, സസ്പെൻസും ഇമോഷനും ഇൻവെസ്റ്റിഗേഷനും സമാസമം; ത്രില്ലിങ്ങാണ് അനോമി

'അനോമി' പോസ്റ്ററുകൾ
'അനോമി' പോസ്റ്ററുകൾ

നായികാ കേന്ദ്രീകൃതമായ ഇൻവെസ്റ്റിഗേഷൻ ചിത്രങ്ങൾ മലയാളത്തിൽ അടുത്തകാലത്തായി അത്രയധികം വന്നിട്ടില്ല. തമിഴിലും തെലുങ്കിലും ബോളിവുഡിലുമെല്ലാം ഇത്തരം ചിത്രങ്ങൾ ഇടയ്ക്കിടെ വരാറുണ്ട്. മലയാളത്തിൽ എന്തുകൊണ്ട് ഇങ്ങനെയൊരു ചിത്രം വരാൻ അമാന്തിക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നവാഗതനായ റിയാസ് മാരാത്ത് സംവിധാനം ചെയ്ത് ഭാവനയും റഹ്മാനും മുഖ്യവേഷങ്ങളിലെത്തിയ അനോമി എന്ന ചിത്രം. ഇൻവെസ്റ്റിഗേഷനും സസ്പെൻസും ഇമോഷനുമെല്ലാം കൃത്യമായ അളവിൽ വിളക്കിച്ചേർത്തിരിക്കുന്ന ത്രില്ലറാണ് അനോമി എന്ന് ഏറ്റവും ലളിതമായി പറയാം.

ഫോറൻസിക് ഉദ്യോഗസ്ഥയായ സാറ ഫിലിപ്പ്, അസിസ്റ്റന്റ് പോലീസ് കമ്മീഷണർ മുഹമ്മദ് ജിബ്രാൻ എന്നിവരാണ് അനോമിയിലെ പ്രധാന കഥാപാത്രങ്ങൾ. സാറയുടെ അനിയനായ സിയാനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തുന്നു. കേസ് അന്വേഷിച്ച ജിബ്രാന്റെ കണ്ടെത്തൽ അതൊരു ആത്മഹത്യയാണെന്നായിരുന്നു. എന്നാൽ സഹോദരന്റെ മരണത്തിനുപിന്നിലെ രഹസ്യം അന്വേഷിച്ചിറങ്ങുന്ന സാറയെ കാത്തിരുന്നത് അവിചാരിതമായതും അത്യന്തം ദുരൂഹമായതുമായ അനുഭവങ്ങളായിരുന്നു. ഒരേ സംഭവത്തിനുപിന്നാലെ ജിബ്രാന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘവും സാറയും സമാന്തരമായി നടത്തുന്ന അന്വേഷണമാണ് ചിത്രത്തെ പിടിച്ചിരുത്തുന്ന അനുഭവമാക്കുന്നത്.

ചിത്രം തുടങ്ങി അധികം വൈകാതെ തന്നെ പ്രധാന കഥാപാത്രങ്ങൾ ആരാണെന്നും അവരുടെ പശ്ചാത്തലമെന്താണെന്നും പ്രേക്ഷകന് മനസിലാവും. കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും അവർ നേരിടാൻ പോകുന്ന വിഷയത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് പറയുകയും ചെയ്യുന്നതാണ് ആദ്യപകുതി. രണ്ടാം പകുതി പൂർണമായും കുറ്റാന്വേഷണത്തിൽ ഊന്നിയുള്ളതാണ്. കഥാപാത്രങ്ങൾ നിൽക്കുന്ന ചുറ്റുപാടിലേക്ക് പ്രേക്ഷകനെ അവരറിയാതെ എത്തിക്കുകയാണ് ഇവിടെ അണിയറപ്രവർത്തകർ സ്വീകരിച്ചിരിക്കുന്ന അവതരണരീതി.

ഒരു കുറ്റാന്വേഷണചിത്രം എന്ന് കേൾക്കുമ്പോൾ പ്രേക്ഷകന്റെ മനസിലേക്ക് വരുന്ന മുൻധാരണകളെ പലയിടങ്ങളിലും ചിത്രം പൊളിച്ചെഴുതുന്നുണ്ട്. കുറ്റാന്വേഷണചിത്രമാകുമ്പോൾ സ്വാഭാവികമായും ഒരു കുറ്റകൃത്യവും അന്വേഷകനും പ്രതിയുമുണ്ടാകും. പ്രതി ആരാണെന്നറിയാനായിരിക്കും പ്രേക്ഷകർ കാത്തിരിക്കുന്നത്. എന്നാൽ അനോമിയിലേക്ക് വരുമ്പോൾ കുറ്റവാളി ആര് എന്നതിനേക്കാൾ പ്രാധാന്യം നൽകിയിരിക്കുന്നത് അവർ എന്തിന് ഇത് ചെയ്തു എന്നതിനാണ്. ഈ രംഗങ്ങളിലേക്ക് വരുമ്പോൾ സസ്പെൻസ് ത്രില്ലർ എന്ന ജോണറിൽനിന്ന് സയൻസ് ഫിക്ഷൻ എന്നതിലേക്ക് സംഭവങ്ങൾ ഷിഫ്റ്റ് ചെയ്യുന്നുണ്ട്. ഈ രംഗങ്ങൾ സ്ക്രീനിൽ എത്തിച്ചിരിക്കുന്ന രീതിയെ അഭിനന്ദിക്കാതെ വയ്യ. മലയാളത്തിൽ ഒരു കുറ്റാന്വേഷണചിത്രത്തിൽ ഇത്തരം രംഗങ്ങൾ അടുത്തകാലത്തൊന്നും വന്നിട്ടില്ല എന്നതും എടുത്തുപറയേണ്ടതാണ്.

താരപ്രകടനങ്ങളിലേക്കുവന്നാൽ ഭാവനയിൽനിന്ന് ആരംഭിക്കാം. കരിയറിൽ ഇതുവരെ ചെയ്യാത്ത വേഷമാണ് അവർ ഈ ചിത്രത്തിൽ അവതരിപ്പിച്ച സാറാ ഫിലിപ്പ് എന്ന ഫോറൻസിക് ഉദ്യോഗസ്ഥയുടെ വേഷം. സാറയാണ് തിരക്കഥയുടെ കേന്ദ്രബിന്ദു. സാറയ്ക്കുണ്ടാവുന്ന സംശയങ്ങളാണ് സിനിമയെ നയിക്കുന്നത്. കയ്യടക്കത്തോടെതന്നെ ഭാവന ഈ കഥാപാത്രത്തെ അവതരിപ്പിച്ചു. ജിബ്രാനായി എത്തുന്നത് റഹ്മാനാണ്. അല്പം കറുത്ത ഭൂതകാലമുള്ള ജിബ്രാനെ അദ്ദേഹം ഗംഭീരമാക്കിയിട്ടുണ്ട്. ആക്ഷൻ രംഗങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനവും കയ്യടിയർഹിക്കുന്നു. ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ബിനു പപ്പു, വിഷ്ണു അഗസ്ത്യ, സുമിത് നവൽ എന്നിവരും കഥാപാത്രങ്ങളോട് നീതി പുലർത്തി.

സംഗീതവും പശ്ചാത്തലസംഗീതവുമൊരുക്കിയ ഹർഷവർധൻ രാമേശ്വറും അഭിനന്ദനം അർഹിക്കുന്നുണ്ട്. മലയാളത്തിലേക്കുള്ള വരവ് അദ്ദേഹം ഗംഭീരമാക്കിയിട്ടുണ്ട്. സുജിത് സാരംഗിന്റെ ക്യാമറയും കിരൺദാസിന്റെ ചടുലമായ എഡിറ്റിങ്ങും സിനിമയ്ക്ക് മുതൽക്കൂട്ടാണ്. കഥയിലും അവതരണത്തിലും പുതുമയേറിയ ഒരു കുറ്റാന്വേഷണചിത്രമാണ് നിങ്ങൾ കാണാനാഗ്രഹിക്കുന്നതെങ്കിൽ അനോമിക്ക് ടിക്കറ്റെടുക്കാം.

Content Highlights: Anomie, directed by Riyas Marath, is a gripping investigative thriller starring Bhavana and Rahman. The plot follows a forensic expert’s quest for truth behind her brother’s death, blending intense emotion with a unique science-fiction twist.