നീതിനടപ്പാക്കാൻ ചെകുത്താൻ നേരിട്ടിറങ്ങിയപ്പോൾ; സസ്പെൻസും ത്രില്ലും നിറച്ച്, ഞെട്ടിച്ച് ഓസ്ലർ| Review

എബ്രഹാം ഓസ്ലർ എന്ന ചിത്രത്തിൽ ജയറാം | ഫോട്ടോ: www.facebook.com/JayaramActor
എബ്രഹാം ഓസ്ലർ എന്ന ചിത്രത്തിൽ ജയറാം | ഫോട്ടോ: www.facebook.com/JayaramActor

ലയാളസിനിമയിൽ ത്രില്ലർ ചിത്രങ്ങൾ നിരവധി വന്നിട്ടുണ്ടെങ്കിലും മെഡിക്കൽ ത്രില്ലർ എന്ന ​ഗണത്തിൽപ്പെടുത്താവുന്നവ എണ്ണത്തിൽ കുറവായിരിക്കും. പല സിനിമകളിലും ആശുപത്രിയും പരിസരവുമെല്ലാം കഥാപശ്ചാത്തലത്തിൽ കടന്നുവന്നിട്ടുണ്ടെങ്കിലും സമ്പൂർണ മെഡിക്കൽ പരിസരം എന്നത് പിന്നെയും കുറവായിരിക്കും. ആ കുറവ് നികത്താനായാണ് മിഥുൻ മാനുവൽ തോമസ് ജയറാമിനേയും കൂട്ടുപിടിച്ച് എബ്രഹാം ഓസ്ലർ എന്ന ചിത്രവുമായെത്തിയത്. ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ലക്ഷണമൊത്ത മെഡിക്കൽ-ഇൻവെസ്റ്റി​ഗേറ്റീവ്-ഇമോഷണൽ ത്രില്ലർ എന്നുവിളിക്കാം ഓസ്ലറിനെ.

ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ എബ്രഹാം ഓസ്ലർ എന്ന പോലീസ് ഉദ്യോ​ഗസ്ഥനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. വ്യക്തിജീവിതത്തിൽ ചില തിരിച്ചടികൾ നേരിട്ട് ഔദ്യോ​ഗികജീവിതവും ചോദ്യചിഹ്നത്തിൽ നിൽക്കുന്ന ഓസ്ലർക്ക് മുന്നിലേക്ക് അത്യന്തം ദുരൂഹതനിറഞ്ഞ ഒരു കേസ് എത്തുന്നു. അതിനുപിന്നിലെ ചുരുളുകളഴിക്കാനായി അദ്ദേഹം നടത്തുന്ന അന്വേഷണമാണ് സിനിമയുടെ ആകെത്തുക. കുറ്റാന്വേഷണസിനിമകൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത കാലമാണിത്. പല ഭാഷകളിലായി തിയേറ്ററുകളിലും ഓ.ടി.ടിയിലുമായി പലതരം കുറ്റാന്വേഷണചിത്രങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടുതന്നെ വ്യത്യസ്തമായ ഒരു കഥയും തിരക്കഥയും അവതരണരീതിയുമെല്ലാം ചലച്ചിത്രകാരന്മാർക്ക് അവലംബിക്കേണ്ടിവരും. അങ്ങനെ നോക്കുകയാണെങ്കിൽ ഓസ്ലർ ഒരു വിജയംതന്നെയാണെന്ന് ആദ്യമേതന്നെ പറയാം.

മലയാളത്തിൽ അത്ര കണ്ട് പരിചയിച്ചിട്ടില്ലാത്ത മെഡിക്കൽ പശ്ചാത്തലത്തിൽ നിന്നുതന്നെ തുടങ്ങുന്നു ഓസ്ലറിലെ വ്യത്യസ്തത. മെഡിക്കൽ കോളേജും മെഡിക്കൽ വിദ്യാർത്ഥികളും അവർ കൈകാര്യം ചെയ്യുന്ന കേസുകളും ഉപയോ​ഗിക്കുന്ന വാക്കുകളുമെല്ലാം പ്രേക്ഷകനിൽ പുതുമയുടെ കാഴ്ചാനുഭവം സമ്മാനിക്കുന്നതിൽ ഓസ്ലർ വിജയിച്ചിട്ടുണ്ട്. ഒരു ഇൻവെസ്റ്റി​ഗേഷൻ-സസ്പെൻസ് ചിത്രത്തിന്റെ ആത്യന്തികമായ ലക്ഷ്യമെന്നത് പ്രേക്ഷകനെ പിടിച്ചിരുത്തുക എന്നതാണല്ലോ. കൃത്യമായ ഇടവേളകളിൽ ആവശ്യപ്പെടുന്ന അളവിൽ അതുനൽകാൻ ചിത്രത്തിനായിട്ടുണ്ട്. പ്രേക്ഷകന്റെ ചിന്തകൾക്കും അപ്പുറം മുന്നേറുന്ന കഥാ​ഗതിയാണ് ചിത്രത്തിന്റേതെന്നതും എടുത്തുപറയണം.

മലയാളികൾക്ക് ചിരപരിചിതരായ താരങ്ങളെ അവർ സ്വന്തം കരിയറിൽ ചെയ്യാത്തതരം വേഷങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്നു എന്നത് കയ്യടിയർഹിക്കുന്ന കാര്യംതന്നെയാണ്. ഇത്രയധികം പ്രമുഖതാരങ്ങൾ ആദ്യമായിട്ടായിരിക്കും അവരുടെ ഇമേജ് ബ്രേക്കിങ് കഥാപാത്രങ്ങൾ ഒരേ ചിത്രത്തിനുവേണ്ടി ചെയ്തിട്ടുണ്ടാവുക. ഓസ്ലർ എന്ന അന്വേഷണോദ്യോ​ഗസ്ഥന്റെ വേഷത്തിൽ അതി​ഗംഭീര പ്രകടനമാണ് ജയറാം കാഴ്ചവെച്ചത്. ഓസ്ലർ എന്ന കഥാപാത്രത്തിന്റെ തളർച്ചയും തകർച്ചയും അതിലുപരിയായി ബുദ്ധികൂർമതയുമെല്ലാം ജയറാമിൽ ഭ​ദ്രമായിരുന്നു. ജ​ഗദീഷ്, അർജുൻ അശോകൻ, സൈജു കുറുപ്പ്, കുമരകം രഘുനാഥ്, സെന്തിൽ കൃഷ്ണ, അനൂപ് മേനോൻ, അനശ്വര രാജൻ, ദിലീഷ് പോത്തൻ എന്നിവരും കരിയറിലെ മികച്ച പ്രകടനങ്ങൾതന്നെയാണ് പുറത്തെടുത്തത്.

ചിത്രത്തെ ത്രില്ലിങ് ആക്കുന്നതിൽ സം​ഗീതത്തിനും പശ്ചാത്തലസം​ഗീതത്തിനുമുള്ള പങ്ക് ചില്ലറയല്ല. മിഥുൻ മുകുന്ദന്റെ പശ്ചാത്തലസം​ഗീതം ഓസ്ലറിന് നൽകുന്ന ഊർജം വളരെയേറെയാണ്. അനാവശ്യ ​ഗിമ്മിക്കുകളൊന്നുംതന്നെയില്ലാതെ പ്രേക്ഷകനെ ഓസ്ലർക്കൊപ്പം നടത്തുന്നതിൽ തേനി ഈശ്വവറിന്റെ ക്യാമറയും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദിന്റെ എഡിറ്റിങ്ങും പിഴവുകളില്ലാത്തതായിരുന്നു. 

ത്രില്ലറുകൾ ചെയ്തിട്ടുള്ള സംവിധായകൻ ഇതേശ്രേണിയിൽ പുതിയൊരു ചിത്രവുമായെത്തുമ്പോൾ തീർച്ചയായും അദ്ദേഹത്തിന്റെ മുൻചിത്രങ്ങളുമായി താരതമ്യം വരുന്നത് സാധാരണയാണ്. ഓസ്ലറിനേ സംബന്ധിച്ചിടത്തോളം അത് സംവിധായകനായ മിഥുൻ മാനുവലിന്റെ തന്നെ അഞ്ചാം പാതിരായുമായിട്ടായിരുന്നു. പക്ഷേ ആ താരതമ്യം അസ്ഥാനത്താണെന്ന് ഓസ്ലർ തെളിയിക്കുന്നുണ്ട്. ഒരേ സംവിധായകൻ ചെയ്തു എന്നതൊഴിച്ചാൽ രണ്ടും രണ്ടുരീതിയിലുള്ള ചിത്രങ്ങൾ തന്നെയാണ്. ഡോ. രൺധീർ ഈ ചിത്രത്തിലൂടെ മലയാളത്തിലെ മുൻനിര കുറ്റാന്വേഷണ തിരക്കഥാകൃത്തായി അവരോധിക്കപ്പെട്ടാലും അതിശയിക്കാനില്ല. ഇനിവരുന്ന മെഡിക്കൽ ത്രില്ലർ ചിത്രങ്ങൾക്ക് തീർച്ചയായും ഒരു മാതൃകതന്നെയായിരിക്കും എബ്രഹാം ഓസ്ലർ.

Content Highlights: abraham ozler movie malayalam review, abraham ozler first review