ചിരിപ്പിച്ചും കണ്ണുനനയിച്ചും ഇന്ദ്രൻസ്; കയ്യടക്കത്തിന് കയ്യടി,പ്രേക്ഷകമനസ്സ് നിറച്ച് ആശാനും കൂട്ടരും

"സിനിമാ നടനെന്ന് പറഞ്ഞാൽ ഇങ്ങനെയൊക്കെ വേണമെന്നുണ്ടായിരുന്ന സമയത്താണ് ഞാനിവിടെ നുഴഞ്ഞുകയറിയത്, ഇന്നും ഞാൻ ഒരു സിനിമാ നടന്റെ കോലത്തിൽ എത്തിയിട്ടില്ല. ഒരു പാട്ടൊക്കെ എനിക്കും കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്. പാട്ട്, ഡാൻസ്, ഫൈറ്റ് എന്നിങ്ങനെ എന്നെക്കൊണ്ട് പറ്റുന്ന പരിപാടികളെല്ലാം ജോൺ പോൾ സർ ആശാനിൽ എടുപ്പിച്ചിട്ടുണ്ട്". താൻ നായകനാകുന്ന ആശാൻ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് ഇന്ദ്രൻസ് മാതൃഭൂമിയോട് പറഞ്ഞ വാക്കുകളാണിത്.. ആ പറഞ്ഞത് ശരിവയ്ക്കുന്ന തരത്തിൽ നാല് പതിറ്റാണ്ട് നീണ്ട തന്റെ അഭിനയ ജീവിതത്തിലെ മികവുറ്റ കഥാപാത്രങ്ങളിൽ ഒന്ന് തന്നെയായി മാറി ഇന്ദ്രൻസിന്റെ ആശാൻ.
സിനിമയ്ക്കുള്ളിലെ സിനിമ പറയുന്ന നിരവധി ചിത്രങ്ങൾ മലയാളത്തിലുണ്ട്. അക്കൂട്ടത്തിലേക്കാണ് ആശാന്റെയും വരവ്. എങ്ങനെയെങ്കിലും ഒരു സിനിമയുടെ ഭാഗമാവണമെന്ന് ആഗ്രഹിക്കുന്ന അനന്തൻ എന്ന ചെറുപ്പക്കാരനിലൂടെയാണ് ആശാന്റെ ജീവിതത്തിലേക്ക് നമ്മൾ എത്തിച്ചേരുന്നത്. ഒരുകാലത്ത് സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച, ഇന്ന് ഒരു ഹിറ്റിനായി ആഗ്രഹിക്കുന്ന കെ.എസ്.ആർ എന്ന അതികായനായ സംവിധായകന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഭാഗമാവാൻ അനന്തന് ഒരു അവസരം കൈവരുന്നു. സിനിമയില് അസിസ്റ്റ് ചെയ്യാൻ അനന്തന് മുന്നിലുള്ള കടമ്പ ബിൽഡിങ്ങിന്റെ മധ്യത്തിൽ കിണറ് വരുന്ന ഒരു ഫ്ലാറ്റ് സമുച്ചയം കണ്ടെത്തുക എന്നതാണ്. ആ അന്വേഷണമാണ് ആശാനിലേക്ക് എത്തിച്ചേരുന്നത്.
വെറുമൊരു കെയർടേക്കറല്ല ആശാൻ. ആ ഫ്ലാറ്റിലുള്ളവരുടെ അവസാന വാക്കാണ്. കൊച്ചു കുഞ്ഞുങ്ങൾ മുതൽ തന്നേക്കാൾ മുതിർന്നവർ വരെ ആശാന്റെ വാക്കുകൾ കേൾക്കും അനുസരിക്കും. ഒരു തരത്തിൽ പറഞ്ഞാൽ ആശാൻ പറയുന്നതേ അവർ കേൾക്കൂ അനുസരിക്കൂ. സിനിമയിൽ ഒരു ചെറിയ വേഷമെങ്കിലും ചെയ്യണമെന്നുള്ളതാണ് ആശാന്റെ വലിയ ആഗ്രഹം. ആ ആഗ്രഹത്തെ മുതലെടുത്ത് തന്നെയാണ് കെ.എസ്.ആർ മനസിൽ കണ്ട ഫ്ലാറ്റ് സമുച്ചയം അനന്തൻ സിനിമാ ചിത്രീകരണത്തിനായി സജ്ജമാക്കി കൊടുക്കുന്നതും.അവിടെ ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ നടക്കുന്ന ചില സംഭവങ്ങൾ, അതിന്റെ പ്രതികരണങ്ങൾ, അനന്തരഫലങ്ങൾ തുടങ്ങിയവയാണ് ആശാൻ പറയുന്നത്.
പൊട്ടിച്ചിരിപ്പിച്ചുകൊണ്ടാണ് സിനിമയുടെ ആദ്യ പകുതി കടന്നു പോകുന്നത്. സിനിമാ സെറ്റിലെ തമാശകളും ആശാന്റെയും ഫ്ലാറ്റിലെ അന്തേവാസികളുടെയും കുഞ്ഞു കുഞ്ഞു നിമിഷങ്ങളും പൊട്ടിച്ചിരിപ്പിക്കും. എന്നാൽ കുറച്ചേറെ ചിന്തിപ്പിക്കുന്ന, വൈകാരികമായി ഓരോ കഥാപാത്രങ്ങളോടും അടുപ്പം തോന്നുന്ന രണ്ടാം പകുതിയാണ് പ്രേക്ഷകനെ കാത്തിരിക്കുന്നത്.
ഗപ്പി,അമ്പിളി എന്നീ ചിത്രങ്ങൾക്ക് ശേഷം ജോൺ പോൾ ജോർജ് ഒരുക്കുന്ന ചിത്രമാണ് ആശാൻ. മുൻ ചിത്രങ്ങൾ പോലെത്തന്നെ പ്രേക്ഷകനെ ആദ്യാവസാനം പിടിച്ചിരുത്തുന്ന എല്ലാ ചേരുവകളും ചേർത്തൊരുക്കിയ ചിത്രം. മനോഹരമായ ഗാനങ്ങൾ, പശ്ചാത്തല സംഗീതം, ഛായാഗ്രഹണം തുടങ്ങി എല്ലാ മേഖലകളിലും ബെസ്റ്റ് കൊണ്ടുവരാൻ ജോൺപോൾ ശ്രമിച്ചിട്ടുണ്ട്.
ആശാൻ എന്ന കേന്ദ്ര കഥാപാത്രമായെത്തുന്ന ഇന്ദ്രൻസ് ഒരിക്കൽ മലയാള സിനിമയിലെ സ്ഥിരം ഹാസ്യ കഥാപാത്രമായിരുന്ന ആളാണെന്ന് നമ്മൾ വിസ്മരിച്ചുപോകും വിധമുള്ള പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്. ഹാസ്യവും വൈകാരിക രംഗങ്ങളും ഒരേ കയ്യടക്കത്തോടെ അദ്ദേഹം പ്രേക്ഷകനിലേക്കെത്തിക്കുമ്പോൾ ആശാനൊപ്പം നമ്മളും ചിരിക്കും, കരയും. കുഞ്ഞിക്കവിൾ മേഘമേ എന്ന ഹൃദ്യമായ ഗാനത്തോടെയാണ് ആശാന്റെ കഥാപാത്രം ചിത്രത്തിന്റെ റിലീസിന് മുമ്പേ തന്നെ പ്രേക്ഷകനിലേക്കെത്തുന്നത്. ഹൃദയം കവർന്ന ഗാനത്തിനൊപ്പം അന്നേ ആശാനും പ്രേക്ഷക മനസ് കീഴടക്കിയതാണ്.
അനന്തനെന്ന കഥാപാത്രമായി എത്തിയ ജോമോൻ ജ്യോതിർ അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്. ഹാസ്യനടനായി ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതകളെ കാറ്റിൽ പറത്തിയാണ് നർമത്തോടൊപ്പം തന്നെ വൈകാരികമായ ഒരുപാട് തലങ്ങളിലൂടെ കടന്നു പോകേണ്ട അനന്തനായി ജോമോൻ ഞെട്ടിച്ചത്. കെഎസ്ആർ എന്ന സംവിധായകനായെത്തിയത് ഷോബി തിലകനാണെന്ന് നമ്മൾ മറന്നു പോകും വിധമുള്ള പെർഫോമൻസും ആശാൻ കാണിച്ചു തരും. എവിടൊക്കെയോ തിലകനെന്ന മഹാനടൻ കടന്നു വരുന്ന പോലെ.
തമിഴ് യുട്യൂബർ ആയ മദൻ ഗൗരി,അബിൻ ബിനോ, കനകം, ബിപിൻ പെരുമ്പള്ളി എന്നിവരെ കൂടാതെ നൂറോളം പുതുമുഖങ്ങൾ സിനിമയുടെ ഭാഗമാവുന്നുണ്ട്. . ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ് നിർമ്മാണം. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് സിനിമ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്.
Content Highlights: Aashaan is a warm, humorous, and emotionally layered Malayalam film that marks one of Indrans finest performances in his four-decade-long career. Directed by John Paul George, the film explores a “film-within-a-film” narrative through Aashan, a caretaker whose quiet authority and unfulfilled dream of acting become central to the story.