Aaram Review| വെറും ട്വിസ്റ്റല്ല, ഡബിൾ ട്വിസ്റ്റ്; സസ്പെൻസും ഇമോഷനും കലർന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ

മലയാളത്തിലെന്നല്ല, പല ഭാഷകളിലും പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രങ്ങൾ ധാരാളം വരുന്നതുകൊണ്ട് ഈ ജോണറിൽ എന്ത് വ്യത്യസ്തത കൊണ്ടുവരാനാകും എന്നായിരിക്കും സംവിധായകരും തിരക്കഥാകൃത്തുക്കളും ചിന്തിക്കുക. സ്ഥിരം പോലീസും കുറ്റവാളിയും ക്യാറ്റ്-മൗസ് ഗെയിമിൽനിന്ന് എന്തെങ്കിലും പുതിയത് ആലോചിച്ചെടുക്കുക എന്നത് വലിയ വെല്ലുവിളിതന്നെയാണ്. ഈ സംഗതിയെ വിജയകരമായി മറികടന്നിരിക്കുകയാണ് വിഷ്ണു രാമചന്ദ്രന്റെ തിരക്കഥയിൽ രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത് സൈജു കുറുപ്പ് നായകനായി തിയേറ്ററുകളിലെത്തിയ ആരം എന്ന ചിത്രം. വൈകാരികതയും സസ്പെൻസും കലർന്ന പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രമെന്ന് 'ആര'ത്തെ വിശേഷിപ്പിക്കാം. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് ആണ് ചിത്രം നിർമിച്ചത്.
ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. കോഴിക്കോട് ഫറോക്കിനടുത്ത വേസ്റ്റ് ഡമ്പിങ് യാർഡിൽ അജ്ഞാതമൃതദേഹം കണ്ടെത്തുന്ന സംഭവത്തിനുപിന്നാലെ സി.ഐ ആന്റോ ഈപ്പൻ നടത്തുന്ന അന്വേഷണമാണ് ചിത്രം. അന്വേഷണത്തിനിടെ ഈ ഉദ്യോഗസ്ഥനുണ്ടാകുന്ന ഔദ്യോഗികവും വ്യക്തിപരവുമായ സമ്മർദങ്ങളാണ് കഥാഗതിയെ സംഘർഷഭരിതമാക്കുന്നത്. ഒറ്റയടിക്ക് ഞെട്ടിക്കുന്ന സസ്പെൻസിലേക്ക് പോകാതെ ക്രമാനുഗതമായി, ഒരു തീപ്പൊരി ഊതിയൂതി ആളിക്കത്തിക്കുന്ന ശൈലിയിലാണ് സിനിമയുടെ അവതരണം. കേസന്വേഷണം പ്രേക്ഷകരെ ഒരു ഘട്ടത്തിൽപ്പോലും മടുപ്പിക്കുന്നില്ല എന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു.
Also Read: മാലിന്യക്കൂമ്പാരത്തിനിടയിൽ അജ്ഞാത മൃതദേഹം; ദുരൂഹതയും ആകാംക്ഷയും നിറച്ച് ‘ആരം’ ട്രെയിലർ
സിനിമതുടങ്ങി ആദ്യ പത്തുമിനിറ്റിനുള്ളിൽത്തന്നെ സി.ഐ ആന്റോ ഈപ്പൻ ആരാണെന്ന് ചിത്രം കാണിച്ചുതരുന്നുണ്ട്. സ്ഥിരം പോലീസ് കഥകളിൽ കാണുന്ന ക്ലീഷേകളെ ചിത്രം തിരുത്തിയെഴുതുന്നുണ്ട്. ഒരു കുറ്റം നടന്ന് ആദ്യം ഒരു അന്വേഷകൻ വരുന്നു, അയാൾക്ക് കേസ് തെളിയിക്കാൻ പറ്റാതെ വരുമ്പോൾ യഥാർത്ഥ നായകൻ വന്ന് കേസേറ്റെടുത്ത് കുറ്റം തെളിയിക്കുന്നു എന്ന സംഗതി ആരം എന്ന ചിത്രത്തിൽ കാണാനാവില്ല. ഇവിടെ കഥ മുന്നോട്ടുകൊണ്ടുപോകുന്നത് ആന്റോ ഈപ്പൻ എന്ന സാധാരണ എസ്.എച്ച്.ഒ ആണ്. തനിക്ക് മുന്നിൽ വരുന്ന സാഹചര്യത്തെളിവുകളെ ആശ്രയിച്ച് കേസന്വേഷിക്കുന്നയാളാണ് ആന്റോ.
നായകൻ പോലീസും കഥ കുറ്റാന്വേഷണവും ആയതുകൊണ്ടുതന്നെ വേണമെങ്കിൽ ആന്റോ ഈപ്പനെ മാസ് ഹീറോ ആയി അവതരിപ്പിക്കാമായിരുന്നെങ്കിലും അതും സംവിധായകൻ രജീഷും തിരക്കഥാകൃത്ത് വിഷ്ണു രാമചന്ദ്രനും ഒഴിവാക്കിയിട്ടുണ്ട്. പേരിനുപോലും സ്ലോമോഷൻ രംഗങ്ങളില്ല എന്നതും നായകന്റെ ജീവിതപശ്ചാത്തലത്തിലേക്ക് കൂടുതൽ എത്തിനോട്ടം നടത്തിയിട്ടില്ല എന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു. ജിത്തു ദാമോദറിന്റെ ഛായാഗ്രഹണവും വി. സാജന്റെ എഡിറ്റിങ്ങും സിനിമയെ റിയലിസ്റ്റിക് ആക്കുന്നുണ്ട്. രോഹിത് ഗോപാലകൃഷ്ണൻ പാട്ടുകൾ ഒരുക്കിയിട്ടുണ്ടെങ്കിലും കഥാസന്ദർഭത്തിന് ഇണങ്ങുംവിധം പശ്ചാത്തലസംഗീതമെന്നോണമാണ് ഉപയോഗിച്ചിരിക്കുന്നത്.
സൈജു കുറുപ്പാണ് സി.ഐ. ആന്റോ ഈപ്പൻ എന്ന നായകവേഷത്തിലെത്തിയിരിക്കുന്നത്. നമ്മുടെയൊക്കെ നാട്ടിൽ കാണുന്ന, നമുക്കെല്ലാം പരിചിതനായ, വളരെ സാധാരണക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥനെ സൈജു കുറുപ്പ് ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. കുറ്റാന്വേഷണത്തിനൊപ്പം വൈകാരികതയും ഇടകലർത്തിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റോ ഈപ്പന്റെ മാനസിക വ്യാപാരത്തിനൊപ്പം പ്രേക്ഷകർക്കും സഞ്ചരിക്കാനാകുന്നുണ്ട് എന്നതാണ് ഈ കഥാപാത്രത്തിന്റെ വിജയവും. അസ്കർ അലി, സുധീഷ് എന്നിവരുടെ പ്രകടനവും കയ്യടിയർഹിക്കുന്നുണ്ട്. സിദ്ധിഖ്, അഞ്ജു കുര്യൻ, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു, ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലൻ, റിയാസ് നർമകല, ജയരാജ് വാര്യർ, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ഓരോ ബിന്ദുവും സംഗമിക്കുന്ന ഇടം എന്നാണ് ആരം എന്ന വാക്കിനർത്ഥം. ആ അർത്ഥത്തിൽ നോക്കുകയാണെങ്കിൽ പേരിനോട് പരിപൂർണമായും നീതിപുലർത്തുന്നുണ്ട് ചിത്രം. അതിമാനുഷികമായ രംഗങ്ങളില്ലാത്ത, ഒരു നിമിഷംപോലും മടുപ്പിക്കാത്ത, ചടുലമായ അവതരണശൈലിയുള്ള വൈകാരികത നിറഞ്ഞ റിയലിസ്റ്റിക് കുറ്റാന്വേഷണചിത്രമാണ് ആരം.
Content Highlights: Aaram, directed by Rajeesh Parameswaran and starring Saiju Kurup as CI Anto Eappan, is a realistic, fast-paced police investigation thriller that avoids traditional clichés and delivers an engaging, emotion-backed murder mystery.