നിർമാണക്കമ്പനിയിൽ മോഷണം, ഹാർഡ് ഡിസ്‌ക് കളവുപോയി; സ്ഥിരീകരിച്ച് സോയ അക്തർ

#Movies Desk
സോയ അക്തർ | Photo: PTI
സോയ അക്തർ | Photo: PTI

സംവിധായിക സോയ അക്തർ സഹസ്ഥാപകയായ നിർമാണക്കമ്പനിയിൽ മോഷണം. റീമ കഗ്തിയും സോയ അക്തറും ഉടമകളായ ടൈഗർ ബേബി ഡിജിറ്റൽ എൽഎൽപി എന്ന നിർമാണക്കമ്പനിയുടെ മുംബൈയിലെ ഓഫീസിലാണ് മോഷണം നടന്നത്. ചിത്രങ്ങളും വെബ് സീരീസുകളുമായി ബന്ധപ്പെട്ട് ചിത്രീകരിച്ച ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ഹാർഡ് ഡിസ്‌കുകൾ മോഷണം പോയി. ഇവ പിന്നീട് കരിഞ്ചന്തയിൽ വിറ്റതായും കണ്ടെത്തി.

മുംബൈ ബാന്ദ്രയിലെ ഓഫീസിൽ നടന്ന മോഷണത്തിന് പിന്നിൽ ഉള്ളിലുള്ളവർ തന്നെയാണെന്ന് സോയ അക്തർ പ്രതികരിച്ചു. പോലീസ് അന്വേഷണം തുടരുകയാണ്. മോഷണം പോയ ഹാർഡ് ഡിസ്‌കിലെ വിവരങ്ങളുടെ പകർപ്പുകൾ തങ്ങളുടെ കൈയിലുണ്ടെന്നും സോയ അക്തർ വ്യക്തമാക്കി.

'ഞങ്ങളുടെ ഓഫീസിൽ കവർച്ച നടന്നു. ഹാർഡ് ഡിസ്‌കുകൾ മോഷണം പോയി. പോലീസിൽ പരാതി നൽകിയിരുന്നു. അറസ്റ്റുമുണ്ടായി. കള്ളൻ കപ്പലിൽ തന്നെയാണ്. പണമുണ്ടാക്കാൻ ആളുകൾ ഏതറ്റംവരേയും പോകുമെന്നത് സങ്കടകരമാണ്', സോയ അക്തർ പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. ചിത്രീകരണം നടക്കുന്ന പ്രൊജക്ടുകളുമായി ബന്ധപ്പെട്ട ഹാർഡ് ഡിസ്‌കുകൾ മോഷണം പോയതായി നിർമാണക്കമ്പനിയിലെ ജോലിക്കാർ സ്ഥിരീകരിക്കുകയായിരുന്നു. 66 ഹാർഡ് ഡിസ്‌കുകൾ മോഷണം പോയതായാണ് പോലീസിന്റെ കണ്ടെത്തൽ. എഡിറ്റിങ് പൂർത്തിയായ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ഹാർഡ് ഡിസ്‌കുകളാണ് കാണാതായത്. 13 ലക്ഷം രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്.

കേസിൽ ഷാഹിദ് അസിം ഖാൻ എന്ന 28-കാരനെ പോലീസ് അറസ്റ്റുചെയ്തു. നിർമാണക്കമ്പനിയിലെ ജോലിക്കാരനായ ഇയാൾക്കായിരുന്നു ഹാർഡ് ഡിസ്‌കുകൾ സൂക്ഷിക്കേണ്ട ചുമതല. അഞ്ചുമാസത്തിനിടെ പലപ്പോഴായി ഹാർഡ് ഡിസ്‌കുകൾ മോഷ്ടിച്ച് കരിഞ്ചന്തയിൽ വിൽക്കുകയായിരുന്നു.

ഷാഹിദിൽനിന്ന് ഹാർഡ് ഡിസ്‌കുകൾ പണം നൽകി വാങ്ങിയ ഋതേഷ് സുരേഷ് ഷാ (44) എന്നയാളും അറസ്റ്റിലായി. ഹാർഡ് ഡിസ്‌ക് ഒന്നിന് 15,000 മുതൽ 20,000 രൂപവരെ നൽകിയാണ് ഇയാൾ ഹാർഡ് ഡിസ്‌കുകൾ വാങ്ങിയത്.

ഭാരതീയ ന്യായ സംഹിത, ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് പ്രകാരമുള്ള വകുപ്പുകൾ ചേർത്താണ് കേസ്. ഇരുവരേയും വെള്ളിയാഴ്ചവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

Content Highlights: Theft at Tiger Baby Digital LLP office in Bandra, Mumbai. 66 hard disks containing film and web series footage stolen. Internal employee Shahid Asim Khan arrested for the theft. Ritesh Suresh Shah arrested for purchasing stolen hard disks. Total loss estimated at 13 lakh rupees. Data backups are secure, according to Zoya Akhtar.