8000-ത്തിലേറെ വർഷങ്ങളായി മരണമില്ലാത്തയാളായി നിവിൻ പോളി, 'യേഴു കടൽ യേഴു മലൈ' ട്രെയിലർ

തമിഴിലെ പ്രശസ്ത സംവിധായകൻ റാം രചനയും സംവിധാനവും നിർവഹിച്ച് നിവിൻ പോളി, അഞ്ജലി, സൂരി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘യേഴു കടൽ യേഴു മലൈ’യുടെ ട്രെയിലർ പുറത്ത്. ഒക്ടോബർ 1ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമിക്കുന്ന ചിത്രം ‘റിച്ചി’ക്ക് ശേഷം എത്തുന്ന നിവിൻ പോളിയുടെ തമിഴ് ചിത്രം കൂടിയാണ്. പുതിയതായി പുറത്തു വന്ന റിലീസ് ട്രെയിലർ ചിത്രത്തിന്റെ വ്യത്യസ്തമായ പ്രമേയത്തിലേക്കും കഥാപാത്രങ്ങളിലേക്കുമുള്ള കൂടുതൽ സൂചനകൾ നൽകുന്നു.
ത്രില്ലും മിസ്റ്ററിയും നിറച്ചാണ് ട്രെയ്‌ലർ മുന്നോട്ട് പോകുന്നത്. അതേസമയം ചിത്രത്തിൽ ഫാന്റസിയും പ്രണയവും നർമവും ആക്ഷനും വൈകാരികതയും ഒരുപോലെ ഇടംപിടിച്ചിട്ടുണ്ടെന്ന സൂചനയും ട്രെയിലർ നൽകുന്നു. പ്രേക്ഷകരിൽ ആകാംക്ഷയുണർത്തുന്ന നിരവധി ദുരൂഹതകൾ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ചിത്രത്തിന്റെ ലോകവും കഥാപാത്രങ്ങളുടെ യാത്രയും കൂടുതൽ കൗതുകമുണർത്തുന്നതാണ്. വ്യത്യസ്തമായ കഥപറച്ചിൽ രീതിയും റാമിന്റെ സിഗ്നേച്ചർ ട്രീറ്റ്‌മെന്റും ട്രെയ്‌ലറിൽ പ്രകടമാണ്.
8000-ത്തിലധികം വർഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന അമരനായ കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നതെന്നാണ് ട്രെയ്‌ലർ, ടീസർ എന്നിവ നൽകുന്ന സൂചന. ഒരു ട്രെയിൻ യാത്രയ്ക്കിടെ കണ്ടുമുട്ടുന്ന സാധാരണക്കാരനായ ഒരാളും നൂറ്റാണ്ടുകളായി തന്റെ പ്രണയം തേടി അലയുന്ന അമരനായ വ്യക്തിയും തമ്മിലുള്ള ബന്ധത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ട്രെയിലറിൽ നിവിൻ പോളിയുടെ കഥാപാത്രത്തിന്റെ വ്യത്യസ്ത ഭാവങ്ങളും പ്രകടനത്തിലെ വൈവിധ്യവും ശ്രദ്ധ നേടുന്നുണ്ട്. നിവിൻ, സൂരി എന്നിവരുടെ പ്രകടനമാണ് ട്രെയിലറിലെ പ്രധാന ആകർഷണം. ഇരുവരുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള രസകരമായ നിമിഷങ്ങൾക്കൊപ്പം സംഘർഷങ്ങളും വൈകാരിക മുഹൂർത്തങ്ങളും ട്രെയ്‌ലറിൽ കാണാം. അഞ്ജലിയും ചിത്രത്തിലെ നിർണായക കഥാപാത്രമായി എത്തുന്നു.
Read More: റോട്ടർഡാം ചലച്ചിത്രമേളയിൽ മികച്ച അഭിപ്രായം നേടി നിവിൻ പോളിയുടെ ‘യേഴു കടൽ യേഴു മലൈ’
തിയേറ്റർ റിലീസിന് മുൻപ് തന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയ ചിത്രമാണ് ‘യേഴു കടൽ യേഴു മലൈ’. 53-ാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത ചിത്രം വി പ്രൊ ബിഗ് സ്ക്രീൻ അവാർഡ് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങളിൽ ഒന്നായിരുന്നു. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു. രവി മരിയ, എൻ. അഴക പെരുമാൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
രചന, സംവിധാനം:റാം, നിർമ്മാതാവ്:സുരേഷ് കാമാച്ചി, ബാനർ: വി ഹൗസ് പ്രൊഡക്ഷൻസ്, സംഗീതം:യുവൻ ശങ്കർ രാജ, അഡീഷണൽ മ്യൂസിക്: സന്തോഷ് ധയാനിധി, ഛായാഗ്രഹണം:എൻ. കെ. ഏകാംബരം, എഡിറ്റിംഗ്:മതി വി. എസ്, പ്രൊഡക്ഷൻ ഡിസൈൻ: ഉമേഷ് ജെ. കുമാർ, വരികൾ:മദൻ കാർക്കി, മതി പുകഴേന്തി, ആക്ഷൻ:സ്റ്റണ്ട് സിൽവ, നൃത്തസംവിധാനം:സാൻഡി മാസ്റ്റർ, വസ്ത്രാലങ്കാരം:ചന്ദ്രകാന്ത് സോനവാനെ, മേക്കപ്പ്:പട്ടണം റഷീദ്, സൗണ്ട് ഡിസൈൻ & മിക്സ്: ടി. ഉദയകുമാർ, സൗണ്ട് ഡിസൈൻ: രഞ്ജിത്ത് വെങ്കിട്ടഗോപാൽ, ശരവണ കുമാർ, സൗണ്ട് എഫക്റ്റ്സ്: രാജശേഖർ, വിഎഫ്എക്സ്:ബീ സ്റ്റുഡിയോ, വിഎഫ്എക്സ് ഹെഡ്:സി. ഗജേന്ദ്രൻ, വിഎഫ്എക്സ് സൂപ്പർവൈസർ:കാർത്തിക് കംബെട്ടൻ, നിശ്ചല ഛായാഗ്രഹണം:ജയകുമാർ വൈരവൻ, കളറിസ്റ്റ്: രാജശേഖർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:ജഗദീഷ് കെ. എച്ച്, അമീർരാജ്, പ്രവീൺ കുമാർ ജി, മാലിക് ഐ, പിആർഒ: ശബരി
Content Highlights: The release trailer of director Ram's acclaimed Tamil film Yezhu Kadal Yezhu Malai, starring Nivin Pauly, Anjali, and Soori, has been unveiled ahead of its worldwide theatrical release on October 1, with Dulquer Salmaan's Wayfarer Films handling distribution in Kerala.