ജലോത്സവം ഹിറ്റായിരുന്നെങ്കിൽ റിയാസ് ഖാന്റെ ഡയലോഗ് അന്നേ വൈറലാകുമായിരുന്നു -സിന്ധുരാജ്

എം. സിന്ധുരാജ് | ഫോട്ടോ: വി.പി.പ്രവീൺ കുമാർ \ മാതൃഭൂമി
എം. സിന്ധുരാജ് | ഫോട്ടോ: വി.പി.പ്രവീൺ കുമാർ \ മാതൃഭൂമി

20 വർഷം മുമ്പ് റിലീസായ സിബിമലയിൽ സംവിധാനം ചെയ്ത ജലോത്സവം എന്ന സിനിമയിൽ നടൻ റിയാസ് ഖാന്റെ കഥാപാത്രം പറയുന്ന ‘അടിച്ച് കേറി വാ’ എന്ന ഡയലോഗ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ വഴി ഹിറ്റായതിൽ സന്തോഷവാനാണ് തിരക്കഥാകൃത്ത് വൈക്കം വെച്ചൂർ സ്വദേശി എം. സിന്ധുരാജ്. സിനിമയ്ക്ക് തിരക്കഥ എഴുതുന്ന സമയത്ത് ഉറ്റസുഹൃത്തുക്കളിൽനിന്നാണ് ‘അടിച്ച് കേറി വാ’ എന്ന ഡയലോഗ് കിട്ടിയതെന്ന് സിന്ധുരാജ് പറഞ്ഞു.

കുട്ടനാട് പശ്ചാത്തലമാക്കി ഒരുക്കിയ സിനിമയിൽ കുഞ്ചാക്കോ ബോബനാണ് നായകൻ.

റിയാസ്‌ഖാൻ ചെയ്ത ദുബായ് ജോസ് എന്ന കഥാപാത്രം സിനിമയിൽ നെഗറ്റീവ് കാരക്ടറാണ്. ദുബായിൽനിന്ന്‌ കുട്ടനാട്ടിൽ വരുന്ന ദുബായ് ജോസ്, നടക്കുന്നതുതന്നെ ഒരു സെലിബ്രിറ്റി സ്റ്റാറ്റസിലാണ്. ജോസ് ഉള്ളിടത്തെല്ലാം ഒരു ആഘോഷം ഉണ്ട്. ഈ ആഘോഷസമയത്ത് ജോസ് സ്ഥിരമായി ഒരു ഡയലോഗ് പറയണമെന്ന് തിരക്കഥ എഴുതുന്ന സമയത്തുതന്നെ ആലോചിച്ചിരുന്നു.

അങ്ങനെ അടുത്ത സുഹൃത്തുക്കൾക്കിടയിൽ പ്രചരിച്ചിരുന്ന ‘അടിച്ച് കേറി വാ’ എന്ന ഡയലോഗ് ദുബായ് ജോസിന് നൽകുകയായിരുന്നെന്ന് സിന്ധുരാജ് പറഞ്ഞു.

അന്ന് സിനിമ ഹിറ്റ് ആയിരുന്നെങ്കിൽ ഈ ഡയലോഗ് ജനങ്ങൾ ഏറ്റെടുത്തേനെയെന്ന് ഉറപ്പുണ്ട്. ഡയലോഗ് ഹിറ്റായതിൽപിന്നെ ഒട്ടേറെപ്പേർ ജലോത്സവം യൂട്യൂബിൽ കണ്ടു. ഡയലോഗ് സാമൂഹികമാധ്യമങ്ങൾ വഴി ഹിറ്റായപ്പോൾതന്നെ സംവിധായകൻ സിബി മലയിലും റിയാസ്‌ഖാനും വിളിച്ചിരുന്നതായി സിന്ധുരാജ് പറഞ്ഞു. പുതിയ സിനിമയുടെ തിരക്കഥാരചനയിലാണ് സിന്ധുരാജ് ഇപ്പോൾ.

Content Highlights: writer m sindhuraj about viral dialogue of riyaz khan