സംഗീതനിശയ്ക്കിടെ വേദിയിൽ കഞ്ചാവ് വലിച്ചു, ഒരുവർഷത്തിനുശേഷം അമേരിക്കൻ റാപ്പർക്ക് തടവ്

ലോസ് ആഞ്ചലിസ്: സംഗീതപരിപാടിക്കിടെ വേദിയിൽവെച്ച് കഞ്ചാവ് വലിച്ചതിന് അമേരിക്കൻ റാപ്പർ വിസ് ഖലീഫയ്ക്ക് തടവുശിക്ഷ. റൊമേനിയയിൽവെച്ചാണ് സംഭവം. ഒമ്പത് മാസമാണ് ശിക്ഷ. നിയമവിരുദ്ധമായി മയക്കുമരുന്ന് കൈവശം വെച്ചതിന് അറസ്റ്റിലായി ഒരു വർഷം പിന്നിടുമ്പോഴാണ് വിസ് ഖലീഫ റൊമേനിയയിൽ ജയിലിലാവുന്നത്.
2024 ജൂലായിൽ, റൊമേനിയയിലെ കോസ്റ്റിനെസ്റ്റിയിൽ നടന്ന 'ബീച്ച്, പ്ലീസ്!' പരിപാടിക്കിടെയാണ് വിസ് ഖലീഫ വേദിയിൽവെച്ച് നിരോധിത ലഹരി ഉപയോഗിച്ചത്. നീണ്ട വിചാരണയ്ക്കൊടുവിൽ 2025 ഏപ്രിലിൽ കോൺസ്റ്റാന്റ കൗണ്ടിയിലെ ഒരു താഴ്ന്ന കോടതി "അപകടകരമായ മയക്കുമരുന്ന് നിയമവിരുദ്ധമായി കൈവശം വെച്ചതിന്" റാപ്പർക്ക് 830 ഡോളർ പിഴ ചുമത്തിയിരുന്നു. അന്ന്, പ്രോസിക്യൂട്ടർമാർ ഈ തീരുമാനത്തെ എതിർക്കുകയും ഉയർന്ന ശിക്ഷ ആവശ്യപ്പെടുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ശിക്ഷ.
കാമറൂൺ ജിബ്രിൽ തോമാസ് എന്നാണ് വിസ് ഖലീഫയുടെ യഥാർത്ഥ പേര്. റൊമേനിയയിൽ നടന്ന സംഗീതനിശയ്ക്കിടെ മയക്കുമരുന്ന് ഉപയോഗിച്ച കാര്യം വിസ് ഖലീഫ എക്സിലൂടെ സ്ഥിരീകരിച്ചിരുന്നു. തന്റെ പ്രകടനത്തിന് തൊട്ടുപിന്നാലെ, വേദിയിൽ കഞ്ചാവ് വലിച്ചതിലൂടെ അനാദരവ് കാണിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
"കഴിഞ്ഞ രാത്രിയിലെ ഷോ അത്ഭുതകരമായിരുന്നു. വേദിയിൽ കഞ്ചാവ് വലിച്ചതിലൂടെ റൊമേനിയ രാജ്യത്തോട് ഞാൻ അനാദരവ് കാണിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. അവർ വളരെ ബഹുമാനത്തോടെ പെരുമാറി. ഞാൻ ഉടൻ തിരിച്ചുവരും." അദ്ദേഹം എഴുതി. അപകടകരമായ മയക്കുമരുന്ന്, നിയമവിരുദ്ധമായി, വ്യക്തിഗത ഉപയോഗത്തിനായി കൈവശം വെച്ചു എന്നതാണ് വിസ് ഖലീഫയ്ക്കെതിരെയുള്ള കുറ്റം.
ഈ ശിക്ഷ ഒരു മാതൃക സൃഷ്ടിക്കാനാണെന്ന് കോടതി വിശദീകരിച്ചു. മയക്കുമരുന്നുപയോഗത്തെ സാധാരണവൽക്കരിക്കുന്ന ഒരു സന്ദേശം അദ്ദേഹം പൊതുജനങ്ങളിലേക്ക് എത്തിച്ചു. ഇത് യുവാക്കൾക്കിടയിൽപരോക്ഷമായി ലഹരിയുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും കോടതി പറഞ്ഞു.
Content Highlights: Rapper Wiz Khalifa sentenced to 9 months in Romania for illegal drug possession and onstage cannabis consumption.