യുഎസിലെ ജോലി ഉപേക്ഷിച്ച് സിനിമയില്‍, സാമന്തയുടെ 'ഫാമിലി മാന്‍'; ആരാണ് രാജ് നിദിമൊരു?

#Movies Desk
സാമന്തയും രാജ് നിദിമൊരുവും | Photo: Instagram/ Samantha, dp_karthik
സാമന്തയും രാജ് നിദിമൊരുവും | Photo: Instagram/ Samantha, dp_karthik

ഴിഞ്ഞ ദിവസമാണ് നടി സാമന്ത റുത്ത് പ്രഭുവും സംവിധായകന്‍ രാജ് നിദിമൊരുവും വിവാഹിതരായത്. കോയമ്പത്തൂരിലെ ഇഷാ യോഗ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം. കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ ഒന്നിച്ചുള്ള ചിത്രങ്ങള്‍ സാമന്ത പങ്കുവെക്കാന്‍ തുടങ്ങിയതോടെയാണ് സ്ഥിരീകരണമായത്. ആരാണ് സാമന്തയുടെ പങ്കാളി രാജ് നിദിമൊരു എന്ന ചോദ്യമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ആരാധകര്‍ ഉയര്‍ത്തുന്നത്.

രാജ് ആന്‍ഡ് ഡികെ എന്ന പേരില്‍ സുഹൃത്ത് കൃഷ്ണ ദസറകൊത്തപ്പള്ളിയുമായി ചേര്‍ന്ന് സംവിധാനംചെയ്ത സിനിമകളിലൂടെയാണ് രാജ് പ്രശസ്തനായത്. 1975 ഓഗസ്റ്റ് നാലിന് ആന്ധ്രപ്രദേശിലെ തിരുപ്പതിയിലാണ് ജനനം. എന്‍ജിനിയറിങ് പഠനകാലത്താണ് കൃഷ്ണയെ പരിചയപ്പെടുന്നത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും യുഎസിലേക്ക് കുടിയേറി. അധികം വൈകാതെ യുഎസിലെ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ജോലി ഉപേക്ഷിച്ച് ഇരുവും ഇന്ത്യയിലെത്ത് സിനിമാ നിര്‍മാണം പഠിച്ചു.

2002-ല്‍ പുറത്തിറങ്ങിയ ഷാദി ഡോട്ട്‌കോം എന്ന ഹ്രസ്വചിത്രത്തിലൂടെ സംവിധായകരായി. ഇന്ത്യന്‍ കുടിയേറ്റക്കാരുടെ കഥപറയുന്ന 'ഫ്‌ളേവേഴ്‌സ്' ആണ് ആദ്യമുഴുനീള ചിത്രം. 2009-ല്‍ '99' എന്ന പേരില്‍ ആദ്യഹിന്ദി ചിത്രം. 'ഷോര്‍ ഇന്‍ ദ സിറ്റി', 'ഗോ ഗോവ ഗോണ്‍' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായി. 2018- ല്‍ പുറത്തിറങ്ങിയ രാജ്കുമാര്‍ റാവു- ശ്രദ്ധകപൂര്‍ ചിത്രം 'സ്ത്രീ'യുടെ കഥയും തിരക്കഥയും ഒരുക്കി. നിര്‍മാണത്തിലും പങ്കാളികളായി. തുടര്‍ന്നങ്ങോട്ട് ഇരുവര്‍ക്കും തിരഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

2019- ല്‍ 'ദ ഫാമിലി മാന്‍' എന്ന വെബ് സിരീസ് സംവിധാനംചെയ്തു. വിജയ് സേതുപതിയും ഷാഹിദ് കപൂറും പ്രധാനവേഷത്തിലെത്തിയ 'ഫര്‍സി', 'സിറ്റഡല്‍: ഹണി ബണ്ണി', 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്' എന്നീ ചിത്രങ്ങള്‍ ഇരുവരേയും കൂടുതല്‍ ഉയരങ്ങളിലെത്തിച്ചു. നിലവില്‍ നെറ്റ്ഫ്‌ളിക്‌സിനുവേണ്ടി ഒരു വെബ് സീരീസിന്റെ നിര്‍മാണത്തിലാണ് ഇരുവരും.

2015-ലാണ് രാജ് സംവിധായികയും എഴുത്തുകാരിയുമായ ശ്യാമിലി ഡേയെ വിവാഹംചെയ്തത്. 2022-ഓടെ ഇരുവരും വേര്‍പിരിഞ്ഞു. 'ദ ഫാമിലി മാന്‍' രണ്ടാം സീസണില്‍ സാമന്ത പ്രധാന വേഷത്തിലെത്തിയിരുന്നു. ഇതിനിടെയാണ് ഇരുവരും ആദ്യമായി കാണുന്നത്. 'സിറ്റഡലി'ന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

Content Highlights: Beyond 'The Family Man': Unveiling Raj Nidimoru, Samantha Ruth Prabhu's Partner in Life and Cinema