വിനീത് ശ്രീനിവാസൻ പ്രധാന വേഷത്തിലെത്തുന്ന 'ഒരു ജാതി ജാതകം'; ചിത്രീകരണം ആരംഭിച്ചു

പൂജ ചടങ്ങിൽ നിന്നും | PHOTO : SPECIAL ARRANGEMENTS
പൂജ ചടങ്ങിൽ നിന്നും | PHOTO : SPECIAL ARRANGEMENTS

വിനീത് ശ്രീനിവാസൻ പ്രധാന വേഷത്തിലെത്തുന്ന 'ഒരു ജാതി ജാതകം' എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. വിശ്വാസങ്ങളെ മുറുകെ പിടിക്കുന്ന ഒരു യുവാവിന്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ തികച്ചും രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് ഒരു ജാതി ജാതകം.
 
എം.മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രം വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈറാണ് നിർമ്മിക്കുന്നത്. ചലച്ചിത്ര പ്രവർത്തകർ, ബന്ധുമിത്രാദികൾ, അണിയറ പ്രവർത്തകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ തനാ നസ്റിൻ സുബൈർ, തമീമാ നസ്റിൻ സുസൈർ എന്നിവർ ഭദ്രദീപം തെളിയിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമായത്. 

പ്രമുഖ നിർമ്മാതാവ് ഷോഗൺ ഫിലിംസ് ഉടമ ആർ. മോഹനൻ (ഗുഡ് നൈറ്റ് മോഹൻ) സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ശ്രീനിവാസൻ ഫസ്റ്റ് ക്ലാപ്പ് നൽകി. സിയാദ് കോക്കർ, ബാബു ആന്റണി, ലിസ്റ്റിൻ സ്റ്റീഫൻ, എവർഷൈൻ മണി, ഔസേപ്പച്ചൻ, എം.എം. ഹംസ, കലാഭവൻ ഷിൻ്റോ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അരവിന്ദൻ്റെ അതിഥികൾ എന്ന ചിത്രത്തിനു ശേഷം എം. മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

വടക്കേ മലബാറിലെ ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിൻ്റെ കഥ പുരോഗമിക്കുന്നത്. ചെന്നൈയിലെ ഒരു മാധ്യമ സ്ഥാപനത്തിലെ ജീവനക്കാരനായ രാജേഷ് ആണ് കേന്ദ്രകഥാപാത്രം. വിനീത് ശ്രീനിവാസനാണ് രാജേഷായി വേഷമിട്ടിരിക്കുന്നത്. ബാബു ആൻ്റണിയും നിഖില വിമലും ചിത്രത്തിൽ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 
 
മലബാറിലെ കലാരംഗത്ത് പ്രവർത്തിച്ച് വരുന്ന നിരവധി കലാകാരന്മാർ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രത്യേക പരിശീലന ക്യാമ്പ് നടത്തിയാണ് ഇവരെ കണ്ടെത്തിയത്. മലബാറിൻ്റെ സംസ്കാരവും ഭാഷയും ആചാരാനുഷ്ടാനങ്ങളുമൊക്കെ ഈ ചിത്രത്തിൻ്റെ പ്രധാന ഘടകമാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. 

പി.പി. കുഞ്ഞിക്കണ്ണൻ, നിർമ്മൽ പാലാഴി, രഞ്ജിത് കാങ്കോൽ, മൃദുൽ നായർ, ഗായിക സയനോരാ ഫിലിപ്പ്, കയാദു ലോഹർ, ഇന്ദുതമ്പി, രജിതാ മധു, ചിപ്പി ദേവസി, അമൽ താഹ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. പ്രമുഖ സംവിധായകൻ താഹയുടെ മകനാണ് അമൽ താഹ. രാകേഷ് മണ്ടോടിയുടേതാണ് തിരക്കഥ.

സംഗീതം -ഗുണ ബാലസുബ്രമണ്യം, ഛായാഗ്രഹണം - വിശ്വജിത്ത് ഒടുക്കത്തിൽ, എഡിറ്റിങ് -രഞ്ജൻ ഏബ്രഹാം, കലാസംവിധാനം - ജോസഫ് നെല്ലിക്കൽ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈൻ - റാഫി കണ്ണാടിപ്പറമ്പ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അനിൽ ഏബ്രഹാം, ക്രിയേറ്റീവ് ഡയറക്ടർ - മനു സെബാസ്റ്റ്യൻ, കാസ്റ്റിംഗ് ഡയറക്ടർ - പ്രശാന്ത് പാട്യം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൈനുദ്ദീൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - അബിൻ എടവനക്കാട്, നസീർ കൂത്തുപറമ്പ്, പ്രൊഡക്ഷൻ കൺട്രോളർ - ഷെമീജ് കൊയിലാണ്ടി. കൊച്ചി, ചെന്നൈ, മട്ടന്നൂർ, തലശ്ശേരി ഭാഗങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ -വാഴൂർ ജോസ്, ഫോട്ടോ -പ്രേംലാൽ പട്ടാഴി.

Content Highlights: vineeth sreenivasan movie oru jathi jathakam shooting started