'100% കോണ്‍ഫിഡന്‍സോടെ സിനിമചെയ്യുന്ന ചുരുക്കം സംവിധായകരില്‍ ഒരാള്‍'; വിനീതിനെക്കുറിച്ച് നടന്‍ അശ്വത് ലാല്‍

നൂറുശതമാനം കോണ്‍ഫിഡന്‍സോടുകൂടി സിനിമ ചെയ്യുന്ന ചുരുക്കം ചില സംവിധായകരില്‍ ഒരാളാണ് വിനീത് ശ്രീനിവാസന്‍ എന്ന് നടന്‍ അശ്വത് ലാല്‍. എന്താണ് ഷൂട്ട് ചെയ്യുന്നതെന്നും അത് എങ്ങനെയാണ് തീയേറ്ററില്‍ സ്വീകരിക്കപ്പെടുന്നതെന്നും കൃത്യമായി അറിയാവുന്ന സംവിധായകനാണ് വിനീത് എന്നും നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇക്കാര്യം ഒരിക്കല്‍ കൂടി യാഥാര്‍ഥ്യമാക്കുകയാണ് വനീത് എന്നും 'കരം' എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ അശ്വത് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
'കുറച്ച് കാലഘട്ടം കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോള്‍ നമ്മുടെ പേരില്‍ വ്യത്യസ്തമായ കൊറേ സിനിമകള്‍ ഉണ്ടാകണമെടാ എന്ന് വിനീതേട്ടന്‍ മുന്‍പ് എന്നോട് പറഞ്ഞിട്ടുണ്ട്. ആ വ്യത്യസ്തത ജനങ്ങള്‍ അംഗീകരിക്കുമ്പോഴാണ് യഥാര്‍ഥ വിജയം സംഭവിക്കുന്നത്. 'കരം' ഒരു യഥാര്‍ഥ വിജയമാണ്. തീയേറ്ററില്‍നിന്ന് സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തരും ഉള്ളില്‍ തട്ടി അത് പറയുന്നു', അശ്വത് കുറിച്ചു.
'വിനീതേട്ടന്റെയും വിശാഖേട്ടന്റെയും അടുത്തൊരു ഹിറ്റാണ് 'കരം'. നോബിളിന്റെ തിരക്കഥയ്ക്കും ഷാന്‍ റഹ്‌മാന്റെ സംഗീതത്തിനും രഞ്ജന്‍ എബ്രഹാമിന്റെ എഡിറ്റിനും ജോമോന്‍ ടി. ജോണിന്റെ ക്യാമറയ്ക്കും പ്രത്യേക അഭിനന്ദനങ്ങള്‍. ഒപ്പം 'ആശാന്‍' ഇവാന്‍ വുകോമനോവിച്ചിനും', അശ്വത് കൂട്ടിച്ചേര്‍ത്തു.
'ആഭാസം' എന്ന ചിത്രത്തിലൂടെ നടനായി തുടങ്ങിയ അശ്വത് ലാല്‍ വിനീത് ശ്രീനിവാസന്റെ 'ഹൃദയ'ത്തിലൂടെയാണ് ശ്രദ്ധനേടുന്നത്. പ്രണവ് മോഹന്‍ലാലിന്റെ സുഹൃത്തയായ ആന്റണി താടിക്കാരന്‍ എന്ന വേഷമാണ് അശ്വത് 'ഹൃദയ'ത്തില്‍ അവതരിപ്പിച്ചത്. വിനീത് ശ്രീനിവാസന്റെ 'വര്‍ഷങ്ങള്‍ക്കുശേഷം' എന്ന ചിത്രത്തില്‍ അശ്വത് പ്രധാനവേഷത്തില്‍ എത്തിയിട്ടുണ്ട്.
വിനീത് ശ്രീനിവാസന്‍ തന്റെ സ്ഥിരം ശൈലിവിട്ട് സംവിധാനംചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'കരം'. വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്‌മണ്യവും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ നോബിള്‍ ബാബു തോമസാണ് നായകന്‍. ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയില്‍ ഷാന്‍ റഹ്‌മാനാണ് സംഗീതം. രഞ്ജന്‍ എബ്രഹാമാണ് എഡിറ്റിങ്. നായകനായ നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.