'ഇത് കോൺഗ്രസിന്റെ വിജയമല്ല'; ഇടതുമുന്നണിയുടെ പരാജയത്തിൽ പ്രതികരണവുമായി നടൻ വിനായകൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പരാജയത്തിൽ പ്രതികരണവുമായി നടൻ വിനായകൻ. സംസ്ഥാനത്തേത് കോൺഗ്രസിന്റെ വിജയമല്ലെന്നും കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണെന്നും വിനായകൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
'കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത അനേകം ഇടതുപക്ഷ സഹയാത്രികരുള്ള നാടാണിത്. കേരളം ബംഗാൾ ആകരുത്. ആക്കില്ല. ആകാൻ സമ്മതിക്കില്ല. ഈ തോൽവി വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള ചിന്തയുടെ തുടക്കമാകട്ടെ. ഇത് കോൺഗ്രസിന്റെ വിജയമല്ല. ഇടതുപക്ഷ സഹയാത്രികരുടെ വിജയം. ചിന്തിക്കുക', എന്നായിരുന്നു വിനായകന്റെ കുറിപ്പ്.
ഇടതുമുന്നണിയുടെ പരാജയത്തിൽ പ്രതികരണവുമായി ഒട്ടേറെ സിനിമാ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. പുറത്തുപോവുന്ന മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതികരണം. പേരാവൂരിൽ കെ.കെ. ശൈലജയുടെ പരാജയത്തിൽ നിരാശയറിയിച്ച് റിമ കല്ലിങ്കലും രംഗത്തെത്തിയിരുന്നു.
ഫലം പുറത്തുവന്നപ്പോൾ, പത്തുവർഷമായി ഭരിച്ച കേരളത്തിൽ കേവലം 35 സീറ്റിലേക്ക് സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫ് ചുരുങ്ങിയിരുന്നു. 13 മന്ത്രിമാരും എൽഡിഎഫ് കൺവീനറുമുൾപ്പെടെ പരാജയപ്പെട്ടവരിലുണ്ട്. 102 സീറ്റുമായി യുഡിഎഫ് അധികാരം ഏറ്റെടുക്കാനൊരുങ്ങുകയാണ്.
Content Highlights: Vinayakan clarifies that the LDF loss is not a victory for Congress. He views the result as a wake-up call for future ideological growth. Emphasis on preventing Kerala from turning into a political landscape like Bengal. Covers reactions from other film personalities like Lijo Jose Pellissery and Rima Kallingal