പ്രതീക്ഷിച്ചത് ‘പരാശക്തി’- ‘ജനനായകൻ’ ക്ലാഷ്; യാഥാർഥ്യമാവുന്നത് ‘മങ്കാത്ത’- ‘തെരി’ ഏറ്റുമുട്ടൽ

#Movies Desk
'മങ്കാത്ത', 'തെരി' പോസ്റ്ററുകള്‍ | Photo: X/ Sun Pictures, Kalaippuli S Thanu
'മങ്കാത്ത', 'തെരി' പോസ്റ്ററുകള്‍ | Photo: X/ Sun Pictures, Kalaippuli S Thanu

'ജനനായകൻ' റിലീസ് നീണ്ടുപോയതോടെ നിരാശരായ വിജയ് ആരാധകർക്ക് സന്തോഷം പകർന്ന വാർത്തയായിരുന്നു 'തെരി'യുടെ റീ- റിലീസ് പ്രഖ്യാപനം. 'ജനനായകൻ' പുറത്തിറങ്ങേണ്ടിയിരുന്ന പൊങ്കൽ അവധിക്കുതന്നെ 'തെരി' പുറത്തിറങ്ങുമെന്നായിരുന്നു നിർമാതാക്കൾ അറിയിച്ചത്. ഇതിനിടെ 'ജനനായകൻ' റിലീസ് വൈകിയത് അനുഗ്രഹമായിക്കണ്ട് ഒട്ടേറെ ചെറുചിത്രങ്ങൾ പൊങ്കൽ ലക്ഷ്യമിട്ട് തിയേറ്ററിലേക്കെത്താൻ ഒരുങ്ങി. ഈ ചിത്രങ്ങളുടെ നിർമാതാക്കളുടെ അഭ്യർഥന മാനിച്ച് ഒടുവിൽ 'തെരി' റീ- റിലീസും മാറ്റിവെച്ചു. ജനുവരി 23-നാണ് ഇപ്പോൾ ചിത്രം തിയേറ്ററിലെത്താൻ ഒരുങ്ങുന്നത്.

ശിവകാർത്തികേയനെ നായകനാക്കി സുധ കൊങ്കര സംവിധാനംചെയ്ത 'പരാശക്തി'യുമായി ക്ലാഷ് റിലീസിനായിരുന്നു 'ജനനായകൻ' ഒരുങ്ങിയത്. ജനുവരി ഒൻപതിന് 'ജനനായകനും' പത്തിന് 'പരാശക്തി'യും പുറത്തിറങ്ങുമെന്നായിരുന്നു പ്രഖ്യാപനം. ഇത് രാഷ്ട്രീയ വിവാദങ്ങൾക്കും കാരണമായി. 'ജനനായകൻ' സെൻസർ ബോർഡ് അനുമതി കാത്തിരിക്കവെ പ്രതിസന്ധികൾക്കൊടുവിലും നേരത്തേ പ്രഖ്യാപിച്ച തീയതിയിൽ തന്നെ 'പരാശക്തി' റിലീസ് ചെയ്യാൻ നിർമാതാക്കൾക്ക് സാധിച്ചു.

എന്നാൽ, ഇപ്പോൾ മറ്റൊരു ക്ലാഷ് റിലീസിനാണ് വിജയ്‌യുടെ റീ- റിലീസ് ചിത്രം ഒരുങ്ങുന്നത്. അജിത്തിന്റെ റീ- റിലീസ് ചിത്രത്തിനൊപ്പമാണ് 'തെരി'യും വീണ്ടും തിയേറ്ററിലെത്തുന്നത്. അജിത്ത് നായകനായ 'മങ്കാത്ത' ജനുവരി 23-ന് 'തെരി'ക്കൊപ്പം തിയേറ്ററിലെത്തും.

എസിപി വിനായക് മഹാദേവൻ എന്ന കഥാപാത്രമായി അജിത്ത് എത്തിയ ചിത്രമാണ് 'മങ്കാത്ത'. വെങ്കട് പ്രഭു സംവിധാനംചെയ്ത ചിത്രത്തിൽ തൃഷ ആയിരുന്നു നായിക. യുവാൻ ശങ്കർ രാജ സംഗീതമൊരുക്കിയ ചിത്രം 2011-ലായിരുന്നു പുറത്തിറങ്ങിയത്.

അറ്റ്ലീ സംവിധാനംചെയ്ത 'തെരി'യിൽ ഇരട്ടവേഷത്തിലായിരുന്നു വിജയ് എത്തിയത്. സാമന്ത റുത്ത് പ്രഭു, എമി ജാക്സൺ എന്നിവരായിരുന്നു നായികമാർ.

Content Highlights: Vijay's Theri vs Ajith's Mankatha: Amid Jana Nayagan row, clash of re-releases