കടം തന്നവർ പണം തിരികെ ചോദിച്ച് വീട്ടിൽ വരും, ദാരിദ്ര്യം ജീവിതത്തിന്റെ ഭാഗമായിരുന്നു -വിജയ് സേതുപതി

തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വൈവിധ്യമാർന്ന കഥാപാത്രങ്ങളവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ നടന്മാരിൽ ഒരാളാണ് വിജയ് സേതുപതി. എന്നാൽ തന്റെ വിജയത്തിനുപിന്നിൽ കഠിനമായ ദാരിദ്ര്യത്തിന്റെയും സാമ്പത്തിക ബുദ്ധിമുട്ടുകളുടെയും ഒരു വലിയ കഥയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. തന്റെ കുട്ടിക്കാലത്തെ ഓരോ തീരുമാനങ്ങളെയും സ്വാധീനിച്ചത് ഈ സാമ്പത്തിക പ്രതിസന്ധികളായിരുന്നുവെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
കുട്ടിക്കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തന്നെ ചെറുപ്പത്തിലേ പക്വതയുള്ളവനാക്കി എന്ന് ഒരു പോഡ്കാസ്റ്റിലാണ് വിജയ് സേതുപതി വെളിപ്പെടുത്തിയത്. തന്റെ കുടുംബത്തിന്റെ സാമ്പത്തിക നിലയാണ് പലപ്പോഴും തന്റെ ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും തീരുമാനിച്ചിരുന്നത്. കടം തന്നവർ പണം തിരികെ ചോദിച്ച് വീട്ടിൽ വരുമ്പോൾ തന്റെ പിതാവിനോടൊപ്പമിരുന്ന് അവരെ നേരിട്ടിരുന്നത് താനായിരുന്നു എന്ന് അദ്ദേഹം ഓർക്കുന്നു. ദാരിദ്ര്യം തന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"ചെറുപ്പത്തിൽ ഞാൻ കണ്ടത് കൂടുതലും സാമ്പത്തിക ബുദ്ധിമുട്ടുകൾ ആയിരുന്നു. യുവത്വം ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞതാണെന്ന് ആളുകൾ പറയുന്നു. ഞാൻ ഇക്കാര്യം ചെറുപ്പത്തിൽ പലതവണ നേരിട്ടിട്ടുണ്ട്. അതുമാത്രമേ ഉണ്ടായിരുന്നുള്ളൂ. കാരണം നിങ്ങൾക്ക് എന്തെങ്കിലും വേണമെങ്കിൽ, നിങ്ങൾക്ക് അത് എത്രത്തോളം ആവശ്യമുണ്ടെന്ന് കണക്കാക്കേണ്ടതുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയാണ് അത് തീരുമാനിക്കുന്നത്. കടം വാങ്ങുന്നവർ വന്നാലും, അല്ലെങ്കിൽ ആരെങ്കിലും ഇരുന്നാലും, ഞാൻ എൻ്റെ അച്ഛനൊപ്പമിരുന്നു. ഞാൻ അത് കൈകാര്യം ചെയ്തു." വിജയ് സേതുപതിയുടെ വാക്കുകൾ.
ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തേക്ക് വന്ന വിജയ് സേതുപതിക്ക് 2012-ൽ പുറത്തിറങ്ങിയ 'പിസ്സ', 'നടുവുല കൊഞ്ചം പക്കത്തെ കാണോം എന്നീ ചിത്രങ്ങളാണ് വലിയൊരു ബ്രേക്ക് നൽകിയത്. തുടർന്ന് 'വിക്രം വേദ', '96', 'സൂപ്പർ ഡീലക്സ്', 'മാസ്റ്റർ', 'ജവാൻ', 'മഹാരാജ' തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം ജനപ്രിയനായി മാറി. നായകനായും വില്ലനായും സ്വഭാവ നടനായും തിളങ്ങാനുള്ള അദ്ദേഹത്തിന്റെ കഴിവ് വിവിധ ഭാഷകളിലെ പ്രേക്ഷകർക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി.
നിലവിൽ 50-ലധികം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ്. ദേശീയ ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഫർസി എന്ന വെബ് സീരീസിലൂടെ ഒടിടി പ്ലാറ്റ്‌ഫോമിലും അദ്ദേഹം സാന്നിധ്യം അറിയിച്ചു. 'ഗാന്ധി ടോക്സ്' എന്ന ചിത്രമാണ് അദ്ദേഹത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
'ട്രെയിൻ' ഉൾപ്പെടെയുള്ള നിരവധി പ്രോജക്റ്റുകൾ വിജയ് സേതുപതിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. മിഷ്കിൻ ആണ് ഈ ചിത്രം സംവിധാനംചെയ്യുന്നത്. ശ്രുതി ഹാസൻ, നാസർ, ഐറ ദയാനന്ദ റെഡ്ഡി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. പുരി ജഗന്നാഥ് ഒരുക്കുന്ന സ്ലം ഡോഗ്: 33 ടെമ്പിൾ റോഡ് എന്ന ചിത്രവും അദ്ദേഹത്തിന്റേതായി വരുന്നുണ്ട്. തബു, സംയുക്ത, ദുനിയ വിജയ് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റുതാരങ്ങൾ.
Content Highlights: actor Vijay Sethupathi opened up about his childhood financial struggles, sharing how dealing with debt collectors alongside his father matured him at a very young age before his rise to cinema stardom.