വിജയ് അണ്ണാ, നിങ്ങൾ ശരിക്കും ജനങ്ങളുടെ നായകനാണ്, കാത്തിരിപ്പിന് ആഘാതം കൂടും -ജീവ

#മൂവി ഡെസ്ക്
വിജയ്, ജീവ | ഫോട്ടോ: PTI, www.facebook.com/JiivaOfficial
വിജയ്, ജീവ | ഫോട്ടോ: PTI, www.facebook.com/JiivaOfficial

സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെ വിജയ് ചിത്രം ജനനായകന്റെ റിലീസ് നീട്ടിവെച്ചതിൽ പ്രതികരണവുമായി കൂടുതൽ താരങ്ങൾ. വിജയ്ക്ക് പിന്തുണയറിയിച്ച് നടൻ ജീവ രംഗത്തെത്തി. രവി മോഹൻ, ചിമ്പു എന്നിവർക്ക് പിന്നാലെയാണ് ജീവയും വിജയ്ക്ക് പിന്തുണയുമായെത്തിയത്. എല്ലാ ദിവസവും താങ്കൾക്കൊപ്പമുണ്ടെന്ന് ജീവ എക്സിൽ പോസ്റ്റ് ചെയ്തു. നൻബൻ എന്ന ചിത്രത്തിൽ വിജയ്ക്കൊപ്പം മുഖ്യവേഷത്തിലെത്തിയവരിൽ ഒരാൾ ജീവയായിരുന്നു.

വിജയ്‌യെ 'ദളപതി' എന്നും 'ജനങ്ങളുടെ നായകൻ' എന്നും വിശേഷിപ്പിച്ചുകൊണ്ടാണ് ജീവ തന്റെ സ്നേഹം പ്രകടിപ്പിച്ചത്. "കാത്തിരിപ്പിന്റെ ദൈർഘ്യം കൂടുന്തോറും അതിന്റെ അനന്തരഫലവും വലുതാവും. ഇന്നുമാത്രമല്ല, എല്ലാ ദിവസവും ‍ഞങ്ങൾ താങ്കൾക്കൊപ്പമുണ്ടാകും. നിങ്ങൾ ശരിക്കും ഞങ്ങൾ ജനങ്ങളുടെ നായകനാണ്. ഞങ്ങൾ വരികയാണ്- വൈകിയെങ്കിലും പരാജയപ്പെട്ടിട്ടില്ല." ജീവയുടെ വാക്കുകൾ.
 

വിജയ്‌യും ജീവയും തമ്മിലുള്ള ആത്മബന്ധം സിനിമാ ലോകത്ത് പ്രശസ്തമാണ്. ജീവയുടെ 'മുഖമൂടി' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വിജയ് അതിഥിയായി എത്തിയിരുന്നു. കൂടാതെ, മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ 'ജില്ല' എന്ന ചിത്രത്തിലെ 'പാട്ടു ഒന്നു' എന്ന ഗാനരംഗത്തിൽ ജീവ അതിഥി വേഷത്തിൽ വിജയ്‌ക്കൊപ്പം പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.

അതേസമയം 'ജനനായകൻ' നേരിടുന്ന സെൻസർഷിപ്പ് പ്രശ്നത്തിൽ മദ്രാസ് ഹൈക്കോടതിയിൽ നിന്നുള്ള വിധി ഉടൻ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. വിജയ് അഭിനയിക്കുന്ന അവസാന സിനിമയാകുമെന്നു കരുതപ്പെടുന്ന ‘ജനനായകൻ’ ഇന്ത്യയിലും വിദേശരാജ്യങ്ങളിലും വെള്ളിയാഴ്ച രാവിലെ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ഇതനുസരിച്ച് തിയേറ്ററുകളിൽ റിസർവേഷനും പ്രചാരണ പ്രവർത്തനങ്ങളും തുടങ്ങിയിരുന്നു. റിലീസ് നീളുന്ന സാഹചര്യത്തിൽ ടിക്കറ്റിന്റെ പണം തിരികെക്കൊടുക്കാൻ തുടങ്ങിയിട്ടുണ്ട്.

സിനിമയ്ക്ക് പ്രദർശനാനുമതി നൽകുന്ന കാര്യം പുനഃപരിശോധനാ സമിതിക്കു വിടാൻ സെൻസർ ബോർഡ് തീരുമാനിച്ചതോടയൊണ് റിലീസ് വൈകിയത്. ഇതിനെ ചോദ്യംചെയ്ത് സിനിമയുടെ നർമാതാക്കളായ കെ.വി.എൻ. പ്രൊഡക്ഷൻസ് നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച വിധി പറഞ്ഞേക്കും. ഭോഗിപ്പൊങ്കൽ ദിവസമായ ജനുവരി 14-ന് സിനിമ റിലീസ് ചെയ്യാനാണ് വിതരണക്കാർ ഇപ്പോൾ ആലോചിക്കുന്നത്

Content Highlights: Vijay`s final film, Jana Nayagan, faces release uncertainty. Jiiva, Silambarasan TR, and others rally behind Thalapathy Vijay amidst the delay. Get updates on the censorship issue and potential new release date.