'25 വയസ്സിനുള്ളിൽ എന്തെങ്കിലും നേടണം, അല്ലെങ്കിൽ മറ്റൊരു ജോലി; ഒടുവിൽ അത് സംഭവിച്ചു'

വിജയ് ദേവരകൊണ്ട | ഫോട്ടോ: www.facebook.com/TheDeverakonda
വിജയ് ദേവരകൊണ്ട | ഫോട്ടോ: www.facebook.com/TheDeverakonda

2011-ൽ സിനിമയിലെത്തി 2016-ൽ പുറത്തിറങ്ങിയ 'അർജുൻ റെഡ്ഡി' എന്ന ചിത്രത്തിലൂടെ രാജ്യമാകെ ശ്രദ്ധേയനായ നടനാണ് വിജയ് ദേവരകൊണ്ട. പിന്നീട് വന്ന വിജയ് ദേവരകൊണ്ട ചിത്രങ്ങളെല്ലാം വലിയ വിജയമായി. നിലവിൽ തെലുങ്ക് സിനിമയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിലൊരാളാണ് വിജയ്. 1989-ൽ ജനിച്ച താരം വെള്ളിയാഴ്ച 36-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ഇതിനിടെ താരത്തിന്റെ പഴയവാക്കുകൾ വീണ്ടും ചർച്ചയാവുകയാണ്.

വിജയസിനിമകളുടെ നായകനടനിലേക്കുള്ള യാത്രയെക്കുറിച്ച് താരത്തിന്റെ തുറന്നുപറച്ചിലാണ് വീണ്ടും ശ്രദ്ധനേടുന്നത്. 'വിശ്വസിക്കാൻ കഴിയാത്തവിധം ബുദ്ധിമുട്ടായിരുന്നു, ഈ മേഖലയിലേക്കൊന്ന് എത്തിപ്പെടാൻ. ഒരുപാട് ഓഡിഷനുകൾ, അതിലേറെ നിരാസങ്ങൾ. എനിക്കൊരു സുഹൃത്തുണ്ടായിരുന്നു, എവിടെയൊക്കെ ഓഡിഷനുകളുണ്ടെന്ന് അവനുമായി സംസാരിക്കും. കോളേജ് പഠനംകഴിഞ്ഞ് രണ്ടുമൂന്നുവർഷം കഴിഞ്ഞിട്ടും ഒന്നുരണ്ടു ചിത്രങ്ങളിൽ ചെറിയ വേഷങ്ങളല്ലാതെ മറ്റൊന്നും യാഥാർഥ്യമായില്ല', ജിക്യുവിന് നൽകിയ അഭിമുഖത്തിൽ വിജയ് ദേവരകൊണ്ട ഓർത്തെടുത്തു.

കോളേജ് പഠനകാലത്തെ നാടകങ്ങളിൽനിന്ന് അഭിനയത്തിൽ താത്പര്യമുണ്ടായതെന്ന് വിജയ് ദേവരകൊണ്ട പറയുന്നു. 'അഭിനയിക്കാൻ അവസരം ലഭിക്കണമെങ്കിൽ നിങ്ങൾ ആദ്യം ടിക്കറ്റ് വിൽപ്പന മുതൽ വേഷങ്ങൾ കൈകാര്യം ചെയ്യലും ബാക്ക്സ്റ്റേജ് ക്രമീകരണങ്ങളും ഉൾപ്പെടെ ചെയ്യേണ്ടിവരും', വിജയ് ദേവരകൊണ്ട പറഞ്ഞു.

25 വയസ്സിനുള്ളിൽ അഭിനയത്തിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ മറ്റെന്തെങ്കിലും ജോലി നോക്കാമെന്നായിരുന്നു തീരുമാനം. തിരക്കഥയോ സംവിധാനമോ ആയിരുന്നു പ്ലാൻ ബി. അവരങ്ങൾ കിട്ടാൻ ബുദ്ധിമുട്ടായിരുന്നെങ്കിലും ജീവിതത്തെക്കുറിച്ചും ജോലിയെക്കുറിച്ചുമുള്ള പ്രതീക്ഷ കൈവിട്ടില്ല. 'ഒന്നുമല്ലാത്ത കാലത്തുപോലും ഒട്ടേറെ സിനിമകൾ വേണ്ടന്നുവെച്ചു. ഞാൻ വലുതെന്തെങ്കിലും ചെയ്യേണ്ടവനാണെന്ന് മനസ് പറഞ്ഞുകൊണ്ടിരുന്നു. ഇങ്ങനെയാണെങ്കിൽ ഒരിക്കലും അവസരം കിട്ടില്ലെന്ന് ആളുകൾ  പറഞ്ഞു. എന്നാൽ, എനിക്കെന്നിൽ ഉയർന്ന പ്രതീക്ഷയുണ്ടായിരുന്നു', താരം കൂട്ടിച്ചേർത്തു. 25-ാം വയസ്സിന് ദിവസങ്ങൾ ബാക്കി നിൽക്കെ 'യേവാഡെ സുബ്രഹ്‌മണ്യം' എന്ന സിനിമ തേടിയെത്തി. ഇതായിരുന്നു താരത്തിന്റെ അഭിനയജീവിത്തിലെ ആദ്യത്തെ പ്രധാനവേഷം.

Content Highlights: Vijay Deverakonda`s inspiring journey from struggling actor to Telugu cinema`s top earner