'ഇത് ഡിജിറ്റൽ ലൈംഗികാതിക്രമം'; 'ചുട്ടമല്ലെ'യുടെ ഡീപ്ഫെയ്ക്ക് വീഡിയോയിൽ വിജയ് ദേവരകൊണ്ട

'ദേവര: പാർട്ട് വണ്ണി'ലെ ഹിറ്റ് ഗാനമായ 'ചുട്ടമല്ലെ'യുടെ AI ഉപയോഗിച്ച് മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷപ്രതികരണവുമായി നടൻ വിജയ് ദേവരകൊണ്ട. ഗാനരംഗത്തിൽ അഭിനയിച്ച ജൂനിയർ എൻ.ടി.ആർ ഈ വിഷയത്തിൽ നടത്തിയ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് വിജയ് ദേവരകൊണ്ട തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യം തന്നെ വളരെ അസ്വസ്ഥനാക്കുന്നുവെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ഏറ്റവും കടുത്ത ശിക്ഷ ലഭിക്കണമെന്നും വിജയ് ദേവരകൊണ്ട ആവശ്യപ്പെട്ടു. എക്സിലൂടെയാണ് വിജയ് തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.
ഈ സംഭവത്തെ 'ഡിജിറ്റൽ ലൈംഗികാതിക്രമം' (Digital sexual assault) എന്നാണ് വിജയ് ദേവരകൊണ്ട വിശേഷിപ്പിച്ചത്. നാം ഏറ്റവും താഴ്ന്ന തലത്തിലേക്ക് അധപതിച്ചിരിക്കുകയാണെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടരുതെന്നും നിയമപരമായി നൽകാവുന്ന ഏറ്റവും കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലവസരങ്ങൾ ഇല്ലാതാക്കുമോ എന്ന് ലോകം ആശങ്കപ്പെടുന്ന സമയത്ത്, ചിലർ എഐ സാങ്കേതികവിദ്യയെ ഇത്തരം നിന്ദ്യമായ കാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റുള്ളവരെ അപമാനിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന അവസ്ഥയിലേക്ക് സമൂഹം എന്ന് മാറിയെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ദിവസംതന്നെ ജൂനിയർ എൻ.ടി.ആർ ഈ ഡീപ്ഫെയ്ക്ക് വീഡിയോയെ ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു. വീഡിയോ നിർമ്മിച്ചവർക്കും പ്രചരിപ്പിച്ചവർക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, ഈ ദൃശ്യങ്ങൾ കാണുകയോ ഷെയർ ചെയ്യുകയോ ചെയ്യരുതെന്ന് ജനങ്ങളോട് അഭ്യർഥിച്ചു. ഇന്ന് ഇത് മറ്റൊരാളാണെങ്കിൽ നാളെ സ്വന്തം അമ്മയോ സഹോദരിയോ ഭാര്യയോ മകളോ ആകാം എന്ന് ഓർമിപ്പിച്ച അദ്ദേഹം, എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശക്തമായ നിയമങ്ങൾ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
ഗായിക ചിന്മയി ശ്രീപാദയും ഈ വിഷയത്തിൽ സോഷ്യൽ മീഡിയ പ്രതികരണങ്ങളെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇന്റർനെറ്റിൽ ഇത്തരം ഡീപ്ഫെയ്ക്ക് വീഡിയോകളുടെ ലിങ്ക് ചോദിച്ച് കമന്റ് ചെയ്യുന്ന പുരുഷന്മാരുടെ മനോഭാവത്തെയും അനുമതിയെക്കുറിച്ചുള്ള (consent) കാഴ്ചപ്പാടുകളെയും അവർ ശക്തമായി കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയാ ഉപയോക്താക്കളേയും ആരാധകരേയും ഒന്നടങ്കം ഞെട്ടിച്ച സംഭവമുണ്ടായത്. ജൂനിയർ എൻ.ടി.ആറും ജാൻവി കപൂറും പ്രധാനവേഷങ്ങളിലെത്തിയ ദേവര: പാർട്ട് 1 എന്ന ചിത്രത്തിലെ 'ചുട്ടമല്ലെ' എന്ന ഗാനത്തിന്റെ ദൃശ്യം മോർഫ് ചെയ്ത് നായിക ജാൻവി കപൂറിന്റെ നഗ്നദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. പാട്ടിലെ ദൃശ്യങ്ങൾ മോർഫ് ചെയ്ത്, എ.ഐ. ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച വ്യാജ വീഡിയോ പ്രചരിച്ചത് വൻവിവാദത്തിനാണ് കാരണമായത്.
Content Highlights: Following Jr NTR's strong condemnation and threat of legal action over a manipulated AI deepfake video of Janhvi Kapoor from the Devara song Chuttamalle, actor Vijay Deverakonda and singer Chinmayi Sripada also lashed out against the perpetrators, calling for strict legal consequences and calling the act the digital equivalent of sexual assault.