ആരാധകരെ ആവേശക്കൊടുമുടിയിലേറ്റാൻ വിജയ് കേരളത്തിലേയ്ക്ക്; 'ഗോട്ട്' ക്ലെെമാക്സ് തിരുവനന്തപുരത്ത്

നടൻ വിജയ് | ഫോട്ടോ: www.instagram.com/actorvijay/
നടൻ വിജയ് | ഫോട്ടോ: www.instagram.com/actorvijay/

ഒരിടവേളയ്ക്ക് ശേഷം തമിഴ് നടൻ വിജയ് സിനിമ ചിത്രീകരണത്തിനായി കേരളത്തിലെത്തുന്നു.  വെങ്കട് പ്രഭു ഒരുക്കുന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ്‍ ഓൾ ടൈം'(​ഗോട്ട്) എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനാണ് താരം എത്തുന്നത്. കേരളത്തിൽ മൂന്ന് വ്യത്യസ്ത ലൊക്കേഷനുകളിൽ ചിത്രീകരണം നടക്കുമെന്നാണ് വിവരങ്ങൾ. 

ചിത്രത്തിൻ്റെ ക്ലെെമാക്സ് രം​ഗങ്ങൾ തിരുവനന്തപുരത്ത് വെച്ച് ചിത്രീകരിക്കും. ​ഗ്രീൻഫീൽഡ് സ്റ്റേഡിയം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ ചിത്രീകരണമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്കയിൽ ചിത്രീകരിക്കാനിരുന്ന രം​ഗങ്ങളാണ് തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത്. ക്ലെെമാക്സ് രം​ഗത്തിൽ മൂവായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ അണിനിരക്കുമെന്നാണ് സൂചന. 

മാർച്ച് 18-നാണ് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്നത്. വിജയ് 18-ന് തന്നെ എത്തും. തിരുവനന്തപുരത്ത് ആദ്യമായി ചിത്രീകരിക്കുന്ന വിജയ് ചിത്രമെന്ന പ്രത്യേകതയും ​ഗോട്ടിനുണ്ട്. 

വിജയ്ക്കൊപ്പം പ്രഭുദേവ, പ്രശാന്ത്, അജ്മൽ അമീർ എന്നിവരും ചിത്രത്തിലുണ്ട്. ടെെം ട്രാവൽ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ട്. ഇരട്ടവേഷത്തിലായിരിക്കും വിജയ് എത്തുകയെന്ന സൂചന നേരത്തേ പുറത്തുവന്ന പോസ്റ്ററുകൾ നൽകിയിരുന്നു.

വെങ്കട്ട് പ്രഭു തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥയും ഒരുക്കുന്നത്. ജയറാം, മോഹൻ, യോ​ഗി ബാബു, വി.ടി.വി ​ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല എന്നിവർക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

യുവൻ ശങ്കർ രാജയാണ് സം​ഗീത സംവിധാനം. സിദ്ധാർത്ഥ് നൂനി ഛായാ​ഗ്രഹണവും വെങ്കട് രാജൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. രാജീവൻ ആണ് പ്രൊഡക്ഷൻ ഡിസൈനർ. ദിലീപ് സുബ്ബരായനാണ് സംഘട്ടന സംവിധാനം. എ.ജി.എസ് എന്റർടെയിൻമെന്റാണ് ചിത്രം നിർമിക്കുന്നത്. എ.ജി.എസ് എന്റർടെയിൻമെന്റിന്റെ 25-ാം ചിത്രമാണിത്.

Content Highlights: Tamil actor Vijay coming to Kerala for goat movie shooting