അത് മരണ സമാനമായ ദുഃഖം, എനിക്ക് മനസിലാകും; ജനനായകൻ ചോർന്നതിൽ വിഘ്‌നേഷ് ശിവൻ | Video

#Movie Desk
വിഘ്‌നേഷ് ശിവന്‍, ജനനായകന്‍ പോസ്റ്റര്‍ | Photo: Instagram/@Vignesh Shivan, Social Media
വിഘ്‌നേഷ് ശിവന്‍, ജനനായകന്‍ പോസ്റ്റര്‍ | Photo: Instagram/@Vignesh Shivan, Social Media

തെന്നിന്ത്യൻ സിനിമ മേഖലയിൽ തന്നെ ചർച്ചയായ വിഷയങ്ങളിലൊന്നാണ് വിജയ് നായകനായ ജനനായകൻ എന്ന ചിത്രം. സെൻസറിൽ തുടങ്ങി ഒടുവിൽ ചോർന്നത് വരെയുള്ള വിവാദങ്ങളാണ് ഈ സിനിമയെ ചുറ്റിപ്പറ്റി ഉയർന്നത്. ജനനായകൻ സിനിമ ചോർന്നത് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിൽ ഈ ചിത്രത്തിന്റെ സംവിധായകന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴിലെ മറ്റൊരു സംവിധായകനായ വിഘ്‌നേഷ് ശിവൻ.

തമിഴ് സിനിമ വ്യവസായത്തിന്റെ നിലവിലെ അവസ്ഥയിൽ എനിക്ക് വലിയ ആശങ്കയുണ്ട്. ദിവസേന ഓരോ ചിത്രമെന്ന നിലയിലാണ് സിനിമകൾ ഉപേക്ഷിക്കപ്പെടുകയും സംവിധായകരെ മാറ്റുകയും ചെയ്യുന്നത്. ഈ സംവിധായകരുടെ അവസ്ഥ ആശങ്കപ്പെടുത്തുന്നതാണ്. ഞാൻ ആരുടെയും പേരുകൾ പരാമർശിക്കുന്നില്ല. അടുത്തിടെ ഒരു വലിയ സിനിമ ഓൺലൈനിൽ ലീക്ക് ചെയ്യുന്ന സാഹചര്യമുണ്ടായി. ആ സിനിമയുടെ സംവിധായകനും എന്റെ സുഹൃത്തുമായ എച്ച് വിനോദിന്റെ ദുഃഖത്തിൽ ഞാൻ പങ്കുചേരുന്നു- എന്നാണ് വിഘ്‌നേഷ് പറഞ്ഞത്.

ഒരു സിനിമാ സംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ വേദന എനിക്ക് മനസിലാക്കാൻ സാധിക്കും. മരണത്തോളം വേദനാജനകമായ ഒന്നാണ് അദ്ദേഹം അനുഭവിക്കുന്നത്. ഓരോ ഷോട്ടിന് പിന്നിലും ആ സംവിധായകന്റെ എത്രത്തോളം കഷ്ടപ്പാട് ഉണ്ടാകുമെന്നും ചിന്തിക്കാൻ കഴിയുന്നുണ്ട്. എന്നിട്ടും നമ്മൾ പ്രതീക്ഷിക്കുന്നത് പോലെയല്ല കാര്യങ്ങൾ നടക്കുന്നതെങ്കിൽ അതുണ്ടാക്കുന്ന ദുഃഖം താങ്ങാവുന്നതിലും അപ്പുറമാണെന്നും വിഘ്‌നേഷ് ശിവൻ പറഞ്ഞു.

ജനനായകൻ സിനിമയുടെ വ്യാജപതിപ്പ് കണ്ടുകൊണ്ടിരുന്ന ഒരാളുടെ ഫോൺ പിടിച്ച് വാങ്ങിയതിനെ കുറിച്ച് മുമ്പ് വിഘ്‌നേഷ് പറഞ്ഞിരുന്നു. മധുര വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ ഒരാൾ ജനനായകൻ സിനിമയുടെ വ്യാജപതിപ്പ് ഫോണിൽ കാണുന്നത് കണ്ടു. അപ്പോൾ തന്നെ അയാളുടെ ഫോൺ പിടിച്ച് വാങ്ങി. ഒരാളുടെ അധ്വാനത്തിന് ഇങ്ങനെ സംഭവിച്ചത് ഏറെ വേദനിപ്പിച്ചുവെന്നാണ് മുമ്പ് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.

ഏപ്രിൽ 10-ന് പുറത്തിറങ്ങിയ പ്രദീപ് രംഗനാഥൻ, കൃതി ഷെട്ടി, എസ്.ജെ.സൂര്യ തുടങ്ങിയ താരങ്ങൾ അഭിനയിച്ച വിഘ്‌നേഷ് ശിവന്റെ പുതിയ ചിത്രമായ ലൗ ഇൻഷുറൻസ് കമ്പനിയുടെ വിജയാഘോഷത്തിന്റെ ഭാഗമായി ബുധനാഴ്ച അണിയറ പ്രവർത്തകർക്കായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിഘ്‌നേഷ് ശിവൻ ജനനായകൻ സിനിമയുമായി ബന്ധപ്പെട്ട പരാമർശനം നടത്തിയത്.

മുഴുവൻസമയ രാഷ്ട്രീയത്തിലിറങ്ങിയ വിജയ്‌യുടെ അവസാന ചിത്രമെന്നാണ് 'ജനനായകൻ' വിശേഷിപ്പിക്കപ്പെടുന്നത്. എച്ച്. വിനോദ് സംവിധാനംചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, മമിത ബൈജു എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. പൊങ്കൽ റിലീസായി പദ്ധതിയിട്ട ചിത്രം സെൻസർ ബോർഡ് അനുമതി വൈകിയതിനെത്തുടർന്ന് റിലീസ് നീണ്ടുപോവുകയായിരുന്നു. കോടതിയെ സമീപിച്ചെങ്കിലും നിർമാതാക്കൾക്ക് അനുകൂലമായി വിധിയുണ്ടായില്ല.

Content Highlights: Vignesh Shivan expresses deep empathy for H Vinoth following the unauthorized leak of Jananayakan., The director highlights the severe emotional toll piracy takes on filmmakers., Vignesh recounts his personal stance against piracy, citing an incident where he confiscated a pirated copy from a traveler., Concerns raised regarding the current instability in the Tamil film industry and project management.