'ഒടിടിക്ക് കൊടുക്കൂ, തിയേറ്ററിലാരും കാണില്ല'; റിലീസിന് മുൻപ് പലരും ഭയപ്പെടുത്തിയെന്ന് വിധു ചോപ്ര

വിധു വിനോദ് ചോപ്ര, 12-ത്ത് ഫെയിൽ പോസ്റ്റർ | photo: afp
വിധു വിനോദ് ചോപ്ര, 12-ത്ത് ഫെയിൽ പോസ്റ്റർ | photo: afp

വിക്രാന്ത് മാസി നായകനായ 12-ത്ത് ഫെയിൽ എന്ന ചിത്രം റിലീസാകുന്നതിന് മുൻപ് ഒരുപാട് പേർ തന്നെ ഭയപ്പെടുത്തിയിട്ടുണ്ടെന്ന് സംവിധായകൻ വിനു വിധു ചോപ്ര. ചിത്രം തിയേറ്റർ റിലീസ് ചെയ്യുന്നതിന് പകരം ഒ.ടി.ടിയിൽ കൊടുക്കാൻ ആളുകൾ പറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

'100 ദിവസങ്ങൾക്ക് മുൻപ് ഞങ്ങളുടെ ചിത്രത്തിന്റെ ആദ്യ ഷോ ആയിരുന്നു. നമ്മളിന്ന് 100 കോടി, 500 കോടി, 1000 കോടി, 2000 കോടി എന്നൊക്കെ പറയുന്നുണ്ട്. പക്ഷേ എന്നെ സംബന്ധിച്ച് പ്രധാനം ഒരുകാര്യമാണ്. എന്താണ് നമ്മുടെ ഉദ്ദേശം, എന്തിനാണ് ആ സിനിമയെടുക്കുന്നത്. ആത്മാർഥമായി ഒരു ചിത്രമെടുത്താൽ നമുക്ക് ആ സംഖ്യകളിലേയ്ക്ക് എത്താനാകും. 

ഞാൻ 12-ത്ത് ഫെയിൽ ചെയ്യുമ്പോൾ ''ഈ ചിത്രം ഒടിടിക്ക് കൊടുക്കൂ, തിയേറ്ററിലാരും ഇത് കാണില്ല'' എന്ന് എന്റെ ഭാര്യ ഉൾപ്പടെ പലരും പറഞ്ഞു. സിനിമ ആദ്യദിനം രണ്ട് ലക്ഷം നേടുമെന്നും ചിത്രത്തിന്റെ ആകെ കളക്ഷൻ 30 ലക്ഷമായിരിക്കുമെന്നും ട്രേഡ് ഏജൻസികൾ എഴുതി. എല്ലാവരും എന്നെ ഭയപ്പെടുത്തി', വിധു വിനോദ് ചോപ്ര പറഞ്ഞു. 

ബോളിവുഡിലെ കഴിഞ്ഞ വർഷത്തെ വിജയചിത്രങ്ങളിലൊന്നാണ് വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12-ത് ഫെയിൽ. ഈ ചിത്രം നായകനായ വിക്രാന്ത് മാസിയുടെ കരിയറിലും വഴിത്തിരിവുണ്ടാക്കി. പ്ലസ് ടു പരീക്ഷ തോറ്റിട്ടും കഠിനമായി പ്രയത്നിച്ച് യു.പി.എസ്.സി പരീക്ഷ ജയിച്ച് ഐ.പി.എസ് കരസ്ഥമാക്കിയ മനോജ് കുമാർ ശർമയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് 12-ത് ഫെയിൽ ഒരുക്കിയത്. 

ഒ.ടി.ടിയിലെത്തിയപ്പോഴും ചിത്രം മികച്ച പ്രതികരണങ്ങൾ നേടി. ഈയടുത്ത് പ്രഖ്യാപിച്ച ഫിലിം ഫെയർ പുരസ്കാരങ്ങളിലും ചിത്രം സാന്നിധ്യമറിയിച്ചു. മികച്ച ചിത്രം, മികച്ച സംവിധായകൻ, ബെസ്റ്റ് ആക്ടർ ക്രിട്ടിക്സ് വിഭാ​ഗങ്ങളിൽ ചിത്രം പുരസ്കാരങ്ങൾ നേടി.

Content Highlights: vidhu vinod chopra about 12th fail movie