'മങ്കാത്ത BGM കോപ്പിയടിച്ചതല്ല, ഇൻസ്പിരേഷൻ, അതിന്റെ എല്ലാ ഉത്തരവാദിത്തവും എനിക്ക്' -വെങ്കട് പ്രഭു

അജിത്ത് കുമാർ നായകനായി 2011-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് മങ്കാത്ത. അതുവരെ കണ്ട ചിത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്ന ചിത്രം സംവിധാനം ചെയ്തത് വെങ്കട് പ്രഭുവാണ്. ഇപ്പോൾ പ്രേക്ഷകർക്കായി ചിത്രം വീണ്ടും തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തെ ഹിറ്റാക്കിയതിൽ വലിയൊരു പങ്ക് വഹിച്ചത് യുവൻ ശങ്കർ രാജ ഒരുക്കിയ പാട്ടുകളും ബിജിഎമ്മുമാണ്. മങ്കാത്ത ബിജിഎം കോപ്പിയടിച്ചതാണെന്ന ആരോപണം പിന്നീട് ഉയർന്നിരുന്നു. അമേരിക്കൻ റാപ്പർ 50 സെന്റിന്റെ റെഡി ഫോർ വാറിൽ നിന്നാണ് മങ്കാത്ത ബിജിഎം കോപ്പിയടിച്ചത് എന്നായിരുന്നു ആരോപണം.
ഇപ്പോഴിതാ അക്കാര്യത്തിൽ വിശദീകരണം നൽകുകയാണ് സംവിധായകൻ വെങ്കട് പ്രഭു. മങ്കാത്ത ബിജിഎമ്മിനെതിരെ ഇത്തരമൊരു ആരോപണം ഉയർന്നത് തന്റെ ഭാഗത്തുനിന്നുള്ള പിഴവുകൊണ്ടാണെന്ന് വെങ്കട് പ്രഭു തുറന്നുസമ്മതിച്ചു. തുടർന്ന് അന്ന് എന്താണ് സംഭവിച്ചത് എന്ന് അദ്ദേഹം വിശദീകരിച്ചു.
'ഒരു മ്യൂസിക് പ്ലേ ചെയ്തുകൊണ്ട് എഡിറ്റ് ചെയ്യാനാണ് ഞാൻ പ്രവീണിനോട് (എഡിറ്റർ) പറഞ്ഞത്. അപ്പോൾ ഒരു ടെമ്പോയിൽ ഷോട്ടുകൾ കട്ട് ചെയ്യാൻ പറ്റും. എന്റെ അച്ഛനാണ് എനിക്ക് ഇത് പറഞ്ഞുതന്നത്. അങ്ങനെ ചെയ്താൽ അത് വളരെ നന്നാകും. അങ്ങനെ ഞങ്ങൾ 50 സെന്റിന്റെ ആ മ്യൂസിക് പ്ലേ ചെയ്തുകൊണ്ടാണ് കട്ട് ചെയ്തത്. തലയുടെ ഇൻട്രോയും കൊള്ളയടിക്കുന്ന സീനുമെല്ലാം ആ മ്യൂസിക് വെച്ചുകൊണ്ടാണ് കട്ട് ചെയ്തത്.' -വെങ്കട് പ്രഭു പറഞ്ഞു.
'ആ മ്യൂസിക് പ്ലേ ചെയ്തുകൊണ്ടാണ് കട്ട് ചെയ്ത ഷോട്ടുകൾ യുവനെ (യുവൻ ശങ്കർ രാജ) കാണിച്ചത്. യുവൻ അതേ റിഥം ഉപയോഗിച്ചാണ് ബിജിഎം ചെയ്തത്. ഉടനെ എല്ലാവരും ഇത് കോപ്പിയടിച്ചതാണെന്ന് പറഞ്ഞു. സത്യമായും അത് കോപ്പിയടിച്ചതല്ല. അത് പൂർണമായും ഇൻസ്പിരേഷനാണ്. ഞാൻ അങ്ങനെ കട്ട് ചെയ്തതുകൊണ്ടാണ് യുവൻ ആ ടെമ്പോയിൽ ബിജിഎം ചെയ്തത്. അതിന്റെ മുഴുവൻ ഉത്തരവാദിത്തവും എനിക്കാണ്. യുവന്റേതല്ല. എന്റെ തെറ്റാണ്.' -വെങ്കട് പ്രഭു തുടർന്നു.
'മ്യൂസിക്കില്ലാതെ ഷോട്ടുകൾ കൊടുത്തിരുന്നെങ്കിൽ കോപ്പിയടി ആരോപണമില്ലാത്ത മറ്റൊരു ബിജിഎം യുവൻ തരുമായിരുന്നു. എന്നാൽ, അപ്പോൾ നമുക്ക് ഈ ബിജിഎം കിട്ടുമായിരുന്നില്ല. ഈ മ്യൂസിക് കിട്ടിയതിനും ഞാൻ തന്നെയാണ് കാരണം.' -വെങ്കട് പ്രഭു പറഞ്ഞുനിർത്തി. മങ്കാത്തയുടെ റീറിലീസിനോടനുബന്ധിച്ച് ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് വെങ്കട് പ്രഭു ഇക്കാര്യം പറഞ്ഞത്.
Content Highlights: Director Venkat Prabhu has clarified the long-standing plagiarism allegations against the 'Mankatha' BGM. He explained that the music was inspired by 50 Cent's 'Ready for War' because the scenes were edited using that track for tempo. He took full responsibility for the similarity, shielding composer Yuvan Shankar Raja from the blame, while maintaining it was an "inspiration" that helped create the iconic score.