'വാഴ-2' ലെ അലന്റെ സഹോദരി അഷ്ന; കന്നിച്ചിത്രത്തിലൂടെതന്നെ പ്രേക്ഷക മനസിൽ ഇടംനേടി വേദ ശങ്കർ

#വരുൺ കുന്നത്ത്
വേദ ശങ്കർ | ഫോട്ടോ: അറേഞ്ച്ഡ്
വേദ ശങ്കർ | ഫോട്ടോ: അറേഞ്ച്ഡ്

മലപ്പുറത്തിൻ്റെ മണ്ണിൽ നിന്നും മലയാള സിനിമയിലേക്ക് ഒരു പുതുമുഖ നായിക കൂടി. ഇപ്പോൾ തിയേറ്ററുകളിൽ ഹിറ്റായി പ്രദർശനം തുടരുന്ന വാഴ 2 എന്ന സിനിമയിലെ നടി വേദശങ്കറാണ് ആ താരം. തന്റെ ആദ്യ ചിത്രത്തിലെ കഥാപാത്രത്തിലൂടെ തന്നെ ബോക്സ് ഓഫീസിലും പ്രേക്ഷകമനസ്സുകളിലും ഒരുപോലെ ഇടംപിടിച്ചിരിക്കുകയാണ് ഈ കൊച്ചു കലാകാരി. വാഴ 2’ തിയേറ്ററുകളിൽ വലിയ വിജയം നേടിയതോടെയാണ് ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുള്ള ചർച്ചകൾ ആളുകൾക്കിടയിൽ സജീവമായത്.

വേദയുടെ സിനിമയിലേക്കുള്ള വഴി

ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും സിനിമ വളരെ ഇഷ്ടമാണ് മിക്കവാറും എല്ലാ സിനിമകളും ഞങ്ങൾ റിലീസിന് തന്നെ തിയേറ്ററിൽ പോയി കാണാറുണ്ട്. മാത്രമല്ല നല്ല വെബ് സീരീസുകളുടെയും സ്ഥിരം പ്രേക്ഷകയാണ്. ആദ്യമായാണ് സിനിമയിൽ അഭിനയിക്കുന്നത്.

അഛൻ്റെ സുഹൃത്ത് വഴി വന്ന ഒരു മെസേജ് കണ്ടിട്ടാണ് ഓഡിഷന് പോകുന്നത്. മൂന്നും നാലും ഘട്ടമായി ഓഡിഷനുണ്ടായിരുന്നു. ശേഷമാണ് തെരഞ്ഞെടുത്തത്. കഴിവുള്ള ഒരുപാട് കുട്ടികളുടെ ഇടയിൽ നിന്ന് സെലക്ഷൻ ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് വേദ പറയുന്നു. സിനിമയിൽ അലൻ എന്ന കഥാപാത്രത്തിന്റെ പെങ്ങളായ ‘അഷ്ന’ എന്ന കഥാപാത്രമായാണ് അഭിനയിച്ചത്.

പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായി തകർപ്പൻ പ്രകടനം കാഴ്ചവെച്ച വേദ യഥാർഥത്തിൽ കോട്ടയ്ക്കലിലെ ഒരു സ്വകാര്യ CBSC സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.വർഷങ്ങളായി സിനിമയിൽ പരിചയമുള്ള ഒരു നടിയുടെ പക്വതയോടെയും ലാളിത്യത്തോടെയും പത്താം ക്ലാസ് തുടങ്ങി പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്യാരക്ടർ ആക്കി മാറ്റിയെടുത്തതിൽ മുഴുവൻ ക്രഡിറ്റും തിരകഥാകൃത്ത് വിപിൻ ദാസ് , സംവിധായകൻ സവിൻഷാ എന്നിവരടങ്ങുന്ന മുഴുവൻ ടീമിനുമാണെന്ന് വേദ പറഞ്ഞു.

പുതിയ പ്രൊജക്ടുകൾ ഏതെല്ലാം

പുതിയ നിരവധി സിനിമ പ്രൊജക്ടുകൾ ഇതിനോടകം വേദയെ തേടി എത്തിയിട്ടുണ്ട്. അതിൽ നല്ലതും, മോൾക്ക് അനുയോജ്യമായ കഥാപാത്രം ഉൾക്കൊള്ളാൻ കഴിയുന്ന ക്യാരക്ടറും നോക്കിയിട്ടെ അന്തിമ തീരുമാനമെടുക്കൂ എന്ന് വേദയുടെ പിതാവ് ജയശങ്കർ പറഞ്ഞു

ഡാൻസും കളരിയും

അഛൻ നാവികസേനയിലായിരുന്നതിനാൽ വേദയുടെ പ്രഥമിക പഠനമെല്ലാം ഡൽഹി, അഹമ്മദാബാദ് ഷില്ലോങ് എന്നിവിടങ്ങളിലായിരുന്നു. കളരി പഠിച്ചതാണ്. മലപ്പുറം എ.പി.എം കളരിസംഘത്തിലെ ഇല്ലിക്കൽ മമ്മദ് ഗുരുക്കളുടെ കീഴിലായിരുന്നു പഠനം. കൂടാതെ നൃത്തം പഠിക്കുന്നുണ്ട്. ഭരതനാട്യം അരങ്ങേറ്റം കഴിഞ്ഞു. ഇപ്പോൾ മോഹിനിയാട്ടം പഠിക്കുന്നു. കലാമണ്ഡലം അരുണ ആർ. മാരാർ ആണ് ഗുരു.

നാവികസേനയിൽ നിന്നും വിരമിച്ച ജയങ്കർ ആണ് വേദയുടെ പിതാവ്.

അമ്മ :അഞ്ജു പ്രകാശ്. കോട്ടയ്ക്കൽ കോ- ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ ഉദ്യോഗസ്ഥയാണ്. അനിയത്തി ദിയ ശങ്കർ, യു.കെ.ജിയി ൽ പഠിക്കുന്നു.

Content Highlights: Vedha Shankar, an 8th-grade student from Kottakkal and a trained dancer/Kalaripayattu practitioner, shares her excitement after gaining widespread recognition for playing the character Ashna in the blockbuster movie Vazha 2.