നെയ്യാറിന്റെ കരയിലിരുന്ന് വയലാർ എഴുതി... ‘ഈ മനോഹര തീരത്തു തരുമോ, ഇനിയൊരു ജന്മം കൂടി...’

തിരുവനന്തപുരം: നെയ്യാറിന്റെയും അണക്കെട്ടിന്റെയും വശ്യതയിലലിഞ്ഞ് നെയ്യാർ ഡാം പ്രോജക്ട് ഹൗസിന്റെ മുറ്റത്ത് ചാരുകസേരയിലിരുന്ന് വയലാർ മരണമില്ലാത്ത ആ പാട്ട് കുറിച്ചു- ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം’. കൊതിതീരും വരെ ഇവിടെ ജീവിച്ചുമരിക്കാനാകാത്തതിന്റെ വ്യഥയും കവിയുടെ ആത്മവും നിറഞ്ഞതായിരുന്നു ആ ഗാനം.
വയലാർ രാമവർമയുടെ ആ സർഗസൃഷ്ടിയുടെ നിമിഷങ്ങൾ നേരിൽക്കണ്ട ഒരാളുണ്ട്- നെയ്യാർ ഡാമിലെ പാചകക്കാരനായിരുന്ന തൃശ്ശൂർ മാള സ്വദേശി ‘സ്വാമി’ എന്നു വിളിക്കുന്ന പത്മനാഭൻ. ഈ ഓർമ്മകൾ അദ്ദേഹം പിന്നീടു പങ്കുവെച്ചിട്ടുണ്ട്.
‘കൊട്ടാരം വിൽക്കാനുണ്ട്’ എന്ന ചിത്രത്തിനുവേണ്ടി രചിച്ച പാട്ടിലെ വരികളായി വയലാർ കുറിച്ചതിങ്ങനെ: ‘ഈ മനോഹര തീരത്ത് തരുമോ, ഇനിയൊരു ജന്മം കൂടി...’
ഒരു സന്ധ്യക്കാണ്, അന്തരിച്ച മുതിർന്ന പത്രപ്രവർത്തകൻ പി.സി.സുകുമാരൻ നായരോടൊപ്പം പാട്ടെഴുതാൻ വയലാർ നെയ്യാർ ഡാമിൽ എത്തിയത്. ഭക്ഷണത്തിനു ശേഷം പ്രോജക്ട് ഹൗസിലെ ചാരുകസേരയെടുത്ത് മുറ്റത്തെ പുളിമരത്തിന്റെ ചുവട്ടിലിട്ടിരുന്നു. നിലാവു നിറഞ്ഞ രാത്രിയിൽ നെയ്യാർ അണക്കെട്ടിന്റെ പിന്നിൽ അഗസ്ത്യമലനിരകളുടെ മനോഹരദൃശ്യമുണ്ടായിരുന്നു. പുലർച്ചയോടെയാണ് അദ്ദേഹം ഉറങ്ങാനായി മുറിയിലേക്കു മടങ്ങിയത്.
മലയാറ്റൂർ രാമകൃഷ്ണൻ തിരക്കഥയെഴുതിയ ‘ഗായത്രി’ എന്ന സിനിമയ്ക്കുവേണ്ടി വയലാർ പാട്ടെഴുതിയതും നെയ്യാർ ഡാമിൽവെച്ചായായിരുന്നു. ‘പത്മതീർത്ഥമേ ഉണരൂ’ എന്ന ഗാനവും ഇവിടെെവച്ച് എഴുതിയതായി സ്വാമി ഓർമ്മിക്കുന്നു.
രണ്ടു വർഷം മുൻപ്, സർക്കാരിന്റെ ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് വയലാറിന്റെ മകൻ ശരത്ചന്ദ്രവർമ്മ നെയ്യാർ ഡാമിലും പ്രോജക്ട് ഹൗസിലും എത്തിയിരുന്നു. അച്ഛനിരുന്ന അതേ ചാരുകസേരയിൽ ഇരുന്ന ശേഷം ‘അച്ഛന്റെ മടിയിലിരിക്കുന്ന ഓർമ്മകൾ’ തനിക്ക് അനുഭവപ്പെട്ടതായി തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ‘ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്ക് വയലാറിൽ വേണ്ടാ, നെയ്യാർ ഡാമിന്റെ തീരത്തു മതിയെന്നും’ അന്ന് അദ്ദേഹം പറഞ്ഞതായി പ്രോജക്ട് ഹൗസിലെ മുൻ ജീവനക്കാരൻ നെയ്യാർ ഡാം സ്വദേശി ജയൻ ഓർമ്മിക്കുന്നു.
നെയ്യാർ ജലസേചനപദ്ധതിയിൽ ഉൾപ്പെട്ട പ്രോജക്ട് ഹൗസ് ഇപ്പോൾ ആർക്കും വാടകയ്ക്കു നൽകുന്നില്ല. വിവിഐപികൾക്കു മാത്രമായി തുറക്കും. എന്നാൽ, വയലാർ ഉപയോഗിച്ച ചാരുകസേര ഇന്നും അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ബംഗ്ളാവിൽ സൂക്ഷിക്കുന്നുണ്ടെന്ന് അസിസ്റ്റന്റ് എൻജിനിയർ സിദ്ദിഖ് പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടുമുറ്റത്തെ മാങ്കോസ്റ്റിൻ മരം പോലെ, വയലാർ പാട്ടെഴുതാനിരുന്ന നെയ്യാറിലെ പുളിമരവും ഗതകാലത്തിന്റെ ഓർമ്മയുംപേറി നിൽക്കുകയാണ്.
Content Highlights: Explore the memories of Vayalar writing the iconic song `Chandrakalabham` and `Iniyoru Janmam Koodi` at the serene Neyyar Dam, Kerala. A journey into poetic inspiration.